സിഡ്നി: ക്രിക്കറ്റിലെ അപൂര്‍വമായ ക്യാച്ചിനുശേഷം ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ നിന്ന് മറ്റൊരു അപൂര്‍വത കൂടി. വിക്ടോറിയയും ക്യൂന്‍സ്‌ലന്‍ഡും തമ്മിലുള്ള മത്സരത്തിനിടെ ക്യൂന്‍സ്‌ലന്‍ഡ് ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വപ്സെണ്‍ എറിഞ്ഞ പന്ത് പിച്ച് ചെയ്തത് പിച്ചിന് പുറത്തായിരുന്നു. പന്ത് കുത്തിത്തിരിഞ്ഞ് വിക്കറ്റ് കീപ്പര്‍ പിടിച്ചെങ്കിലും അമ്പയര്‍ അത് നോ ബോളോ വൈഡോ വിളിക്കാതെ നിയമപ്രകാരമുളള പന്തായി പരിഗണിച്ചു.

ഇത് ഓസീസ് ആരാധകരുടെ അരിശത്തിന് കാരണമാവുകയും ചെയ്തു. നിയമപ്രകാരം പിച്ച് ഏരിയക്ക് പുറത്ത് പിച്ച് ചെയ്തു വരുന്ന പന്ത് എത്രമാത്രം കുത്തി തിരിഞ്ഞാലും അത് നിയമപ്രകാരമുള്ള പന്തായി കണക്കാക്കാന്‍ പാടില്ല. എന്നാല്‍ അമ്പയര്‍ അത് നിയമാനുസൃത പന്തായി പരിഗണിച്ചതോടെ കമന്ററി ബോക്സിലുണ്ടായിരുന്നവര്‍ പോലും ഓണ്‍ എയറില്‍ പൊട്ടിത്തെറിച്ചു.

അപൂര്‍വമായ പന്തേറിനെതിരെ സോഷ്യല്‍ മീഡിയയിലും ആരാധകരുടെ വന്‍ പ്രതിഷേധം ഉയരുകയും ചെയ്തു. കഴിഞ്ഞ ദിവം ഷോര്‍ട്ട് ലെഗ് ഫീല്‍ഡറുടെ ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ബൗളര്‍ കൈയിലൊതുക്കി വിക്കറ്റെടുത്ത അപൂര്‍വ സംഭവത്തിനും ഷെഫീല്‍‍ഡ് ഷീല്‍ഡ് മത്സരം സാക്ഷ്യം വഹിച്ചിരുന്നു.