കഴിഞ്ഞ സീസണില്‍ സഞ്ജുവിനും വിഘ്നേഷിനും പുറമെ മൂന്ന് മലയാളി താരങ്ങളാണ് ഐപിഎല്‍ ടീമുകളില്‍ ഉള്‍പ്പെട്ടത്

ആലപ്പി റിപ്പിള്‍സിനായി പന്ത് കുത്തിത്തിരിച്ച് മുംബൈ ഇന്ത്യൻസിന്റെ ബ്ലു ആൻ ഗോള്‍ഡിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ട വിഘ്നേഷ് പുത്തൂർ. കേരള ക്രിക്കറ്റ് ലീഗിന്റെ ഒന്നാം പതിപ്പിന്റെ വിജയം. രണ്ടാം സീസണിലേക്ക് കൂടുതല്‍ ഫ്രാഞ്ചൈസികളെ ഉറ്റുനോക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്. കൊച്ചി ബ്ലു ടൈഗേഴ്‌സ് കിരീടം ഉയർത്തി സീസണ്‍ അവസാനിക്കുമ്പോള്‍ ഇനിയുള്ള ആകാംഷ ഇന്ത്യൻ പ്രീമിയർ ലീഗെന്ന കുട്ടിക്രിക്കറ്റിന്റെ വിശ്വഭൂമികയിലേക്ക് കെസിഎല്ലില്‍ നിന്ന് ആരൊക്കെയെന്നാണ്.

തൃശൂര്‍ ടൈറ്റൻസിന്റെ ഓപ്പണിങ് ബാറ്ററും യുവതാരവുമായുള്ള അഹമ്മദ് ഇമ്രാൻ. സഞ്ജു സാംസണും സച്ചിൻ ബേബിയുമൊക്കെ വെടിക്കെട്ട് തീര്‍ത്ത കെസിഎല്ലിന്റെ രണ്ടാം സീസണില്‍ ഏറ്റവും ശബ്ദത്തില്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു ഇമ്രാന്റെ. 19 വയസുകാരൻ ഇടം കയ്യൻ ബാറ്റർ. സീസണിലെ ആദ്യ സെഞ്ച്വറി ഉള്‍പ്പെടെ 11 കളികളില്‍ 437 റണ്‍സാണ് ഇമ്രാൻ നേടിയത്. ശതകത്തിന് പുറമെ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചു.

168 സ്ട്രൈക്ക് റേറ്റ് ബാറ്റ് ചെയ്യുന്ന ഇമ്രാൻ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 55 ഫോറും 16 സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് കാര്യവട്ടത്ത് പിറന്നു. സീസണിന്റെ തുടക്കത്തില്‍ സ്ഥിരതയോടെ ബാറ്റ് വീശിയ ഇമ്രാന്റെ പ്രകടനത്തിന് പിന്നീട് ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍, പവര്‍പ്ലേയില്‍ മാത്രം നിലകൊള്ളുന്ന സ്പെഷ്യലിസ്റ്റ് ഓപ്പണറെന്ന ടാഗല്ല ഇമ്രാനുള്ളത്. 20 ഓവറും ക്രീസില്‍ നിലകൊണ്ട് വലിയ ഇന്നിങ്സുകള്‍ കളിക്കാൻ മികവുള്ള താരം.

ഓഫ് സൈഡിലെ കരുത്തും മികച്ച ടൈമിങ്ങുമാണ് ഇമ്രാന്റെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന്. പേസര്‍മാരുടെ ഗുഡ്‌ ലെങ്ത് പന്ത് നേരത്തെ പിക്ക് ചെയ്യാനുള്ള പാഠവവും താരത്തിനുണ്ട്. ഇതിനെല്ലാം പുറമെ മധ്യഓവറുകില്‍ മുന്നിലെത്തുന്ന സ്പിന്നർമാരെ നേരിടാനുള്ള വൈഭവവും 19കാരനുണ്ട്.

ഐപിഎല്ലിലേക്ക് ചുവടുവെക്കാനുള്ള അവസരം വഴുതിപ്പോയത് ഒരിക്കല്‍ക്കൂടി തേടിയെത്താൻ സാധ്യതയുള്ള താരമാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിന്റെ സല്‍മാൻ നിസാര്‍. അദാനി ട്രിവാൻഡ്രം റോയല്‍സിനെതിരായ സീസണിലെ 19-ാം മത്സരത്തില്‍ അവസാന നേരിട്ട 12 ലീഗല്‍ ഡെലിവെറികളില്‍ നിന്ന് 11 സിക്സറുകള്‍ പായിച്ച ഒറ്റ ഇന്നിങ്സുകൊണ്ട് ദേശീയ ശ്രദ്ധ സല്‍മാന്റെ ബാറ്റിലേക്ക് എത്തിയിരുന്നു. അന്ന് കേവലം 26 പന്തില്‍ നിന്ന് 86 റണ്‍സായിരുന്നു സല്‍മാൻ നേടിയത്. അവിശ്വസനീയമായ ആ ഇന്നിങ്സ് മാത്രം മതിയാകും ഐപിഎല്‍ വമ്പന്മാരുടെ ടിക്ക് വീഴാൻ.

ദുലീപ് ട്രോഫിക്കായി ടീം വിടേണ്ടി വന്ന സല്‍മാൻ ഏഴ് മത്സരങ്ങളില്‍ നിന്ന് 296 റണ്‍സാണ് സ്കോ‍ര്‍ ചെയ്തത്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരിലുണ്ട്. ടോപ് ഓര്‍ഡറിലാണെങ്കിലും മധ്യനിരയിലാണെങ്കിലും ഇനി ഫിനിഷിങ് ദൗത്യമാണെങ്കിലും കാര്യങ്ങള്‍ സല്‍മാന്റെ കൈകളില്‍ ഭദ്രമാണ്. ഗ്ലോബ് സ്റ്റാഴ്‌സിനായി സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ച താരമാണ് ഇടം കയ്യൻ ബാറ്റര്‍ക്കൂടിയാണ് സല്‍മാൻ. ക്രീസിലെത്തിയ ഒരുതവണപോലും സല്‍മാന്റെ സംഭാവന രണ്ടക്കത്തിന് താഴെയെത്തിയിട്ടില്ല.

കെഎസിഎല്ലിന്റെ ആദ്യ സീസണിലും സല്‍മാൻ ഇതേ പ്രകടനമായിരുന്നു പുറത്തെടുത്തത്. 12 കളികളില്‍ നിന്ന് 455 റണ്‍സ് നേടി ടീമിനെ ഫൈനല്‍ വരെ എത്തിക്കാൻ സല്‍മാന് കഴിഞ്ഞിരുന്നു. നാല് അർ‍ദ്ധ സെഞ്ച്വറിയും കെസിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ നേടി. മൈതാനത്തിന്റെ ഏത് ദിശയിലേക്ക് പന്ത് കോരിയിടാൻ കെല്‍പ്പുള്ള സല്‍മാൻ പവര്‍ ഹിറ്റിങ്ങിനേക്കാള്‍ ടൈമിങ്ങിനെയാണ് കൂടുതല്‍ ആശ്രയിക്കുന്നതും.

ഇരുവരേയും കൂടാതെ മികവ് തെളിയിച്ച താരങ്ങള്‍ നിരവധിയാണ്. അഖില്‍ സ്കറിയ, രോഹൻ കുന്നുമേല്‍, അഭിജിത് പ്രവീണ്‍ തുടങ്ങിയവരെപ്പോലെ. 314 റണ്‍സും 25 വിക്കറ്റും നേടിയ താരമാണ് അഖില്‍. 181 സ്ട്രൈക്ക് റേറ്റിലായിരുന്നു രോഹന്റെ പ്രകടനം. കഴിഞ്ഞ സീസണില്‍ സഞ്ജുവിനും വിഘ്നേഷിനും പുറമെ മൂന്ന് മലയാളി താരങ്ങളാണ് ഐപിഎല്‍ ടീമുകളില്‍ ഉള്‍പ്പെട്ടത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം സച്ചിൻ ബേബിയും പഞ്ചാബ് കിങ്സിനായി വിഷ്ണു വിനോദും ഡല്‍ഹി ക്യാപിറ്റല്‍സിനായി കരുണ്‍ നായരും. അടുത്ത സീസണില്‍ ഈ സംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കാം.