ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലൻഡിന്റെ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞ അക്കങ്ങള്‍ സമ്മര്‍ദത്തിന്റെ തോത് വര്‍ധിപ്പിക്കാൻ കെല്‍പ്പുള്ളതായിരുന്നു, ഇന്ത്യക്കെതിരായ അവരുടെ ഏറ്റവും ഉയര്‍ന്ന ടി20 സ്കോര്‍

സഞ്ജു സാംസണിന്റെ കാര്യത്തില്‍ വിധിയെഴുതുമ്പോള്‍ രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ത്തിരിക്കണം. ഒന്ന് അയാളുടെ ടാലന്റിനെ സംശയിക്കരുത്. രണ്ട്, അങ്ങനെ വിമര്‍ശിക്കുന്നവരുടെ വാക്കുകളുടെ ആയുസ് നിശ്ചയിക്കുന്നതും അയാള്‍ തന്നെയായിരിക്കും...

ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലൻഡിന്റെ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞ അക്കങ്ങള്‍ സമ്മര്‍ദത്തിന്റെ തോത് വര്‍ധിപ്പിക്കാൻ കെല്‍പ്പുള്ളതായിരുന്നു, ഇന്ത്യക്കെതിരായ അവരുടെ ഏറ്റവും ഉയര്‍ന്ന ടി20 സ്കോര്‍, 225 റണ്‍സ്. ഗ്ലെൻ ഫിലിപ്സിന്റെ നേതൃത്വത്തില്‍ കിവികള്‍ ഇന്ത്യൻ ബൗളര്‍മാരെ ആ തണുപ്പിറങ്ങിയ രാത്രിയിലും തങ്ങളുടെ ബാറ്റിന് ചൂടറിയിച്ചു...തിരിച്ചുവരവിന്റെ അസാധരണമായൊരു അധ്യായം രചിച്ച ഭുവനേശ്വര്‍ കുമാറിന് പോലും അതില്‍ നിന്ന് മോചനമുണ്ടായില്ല...

ഹഗ്‌ലി ഓവലില്‍ പവര്‍പ്ലേ അതിജീവിക്കുക എന്നത് എളുപ്പമല്ല, പ്രത്യേകിച്ചും രണ്ടാം ഇന്നിങ്സില്‍. പേസ് ബൗളിങ്ങിന് എല്ലാ ആനുകൂല്യവും നല്‍കാൻ ഒരുങ്ങിയ അന്തരീക്ഷമായിരുന്നു അവിടെ. മാറ്റ് ഹെൻറി, ഉയരം ആറടി രണ്ട് ഇഞ്ച്. അയാള്‍ക്ക് പരിചിതമായ സാഹചര്യങ്ങള്‍. സഞ്ജുവിനെ ടി20യില്‍ രണ്ട് തവണ പുറത്താക്കിയ ചരിത്രം ഹെൻറിക്കൊപ്പമുണ്ട്. ആദ്യം പന്ത് അതിന്റെ സൂചനയും നല്‍കിയതാണ്.

പക്ഷേ, ഡൊമിനേറ്റ് ചെയ്താണ് ശീലം, അതിന് മൈതാനങ്ങളും വിക്കറ്റിന്റെ സ്വഭാവവും വിദേശം സ്വദേശം എന്ന വേര്‍തിരിവുകളൊന്നിമില്ല. മൂന്നാം പന്ത്, ഹെൻറിയുടെ ഒരു ഷോര്‍ട്ട് ബോള്‍. ലെങ്ത് അതിവേഗം പിക്ക് ചെയ്ത സഞ്ജു മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടുന്നു. ഈ ബാറ്റിലില്‍ ഡൊമിനേറ്റ് സഞ്ജു ഡൊമിനേറ്റ് ചെയ്യുന്നുവെന്ന തോന്നലുണ്ടാകവെ ഹെൻറിയുടെ കംബാക്ക്, നാലാം പന്തൊരു നിപ് ബാക്കര്‍. സഞ്ജു സര്‍വൈവ്സ്.

രണ്ടാം ഓവറില്‍ പന്തെടുത്ത ആദം മില്‍നെയും സഞ്ജുവിനെയൊന്ന് പരീക്ഷിച്ചു. മറുപടി നീക്കി വെച്ചില്ല, തൊട്ടടുത്ത ഡെലിവെറി മില്‍നെയുടെ തലയ്ക്ക് മുകളിലൂടെ സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട്, ബൗണ്ടറി. അടുത്ത പന്തിലും ബൗണ്ടറിയുടെ ആവര്‍ത്തനം. രണ്ട് ഓവര്‍ പൂ‍ര്‍ത്തിയാകുമ്പോള്‍ മൂന്ന് ബൗണ്ടറികള്‍ വന്നെങ്കിലും സഞ്ജുവിന്റെ സ്കോര്‍ 11 പന്തില്‍ 14 റണ്‍സ് മാത്രമായിരുന്നു. ഇവിടെ നിന്നാണ് ന്യൂസിലൻഡിന്റെ കൈകളില്‍ നിന്ന് കളി നഷ്ടമാകുന്നത്. അല്ല, സഞ്ജു ഇന്ത്യക്കായി കളി നേടിയെടുക്കുന്നത്.

ലോക്കി ഫെര്‍ഗൂസണ്‍. ആദ്യം കവറിന് മുകളിലുടെയൊരു ലോഫ്റ്റഡ് ഡ്രൈവ്. ശേഷം ലോങ് ഓണിന് മുകളിലൂടെ ഒരു ക്രാക്കിങ് സിക്സ്. പിന്നാലെ പന്ത് സഞ്ചരിച്ചത് മിഡ് ഓഫിന് മുകളിലൂടെ. ലോക്കി ഫെര്‍ഗൂസണിന്റെ തീയുണ്ടകള്‍ കുറച്ചൊന്ന് തണുപ്പിച്ച് കൊടുത്തു. 22 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍ബോര്‍ഡിലേക്ക് ആ ഓവറില്‍ ചേര്‍ക്കപ്പെട്ടത്. നാലാം ഓവര്‍ അഭിഷേക് ഏറ്റെടുത്തപ്പോള്‍ സഞ്ജുവിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ഹെൻറി എത്തി. ഫോറും, സിക്സും. പതിയെ ക്രൈസ്റ്റ്ചര്‍ച്ചിലെ ആരവങ്ങളുടെ ശബ്ദം ആ പേരിലേക്ക് മാത്രം ചുരുങ്ങി. സഞ്ജു..സഞ്ജു...സഞ്ജു...

പവര്‍പ്ലേയുടെ അവസാന ഓവറില്‍ മിച്ചല്‍ ബ്രേസ്‌വെല്ലിനെ എത്തിച്ചൊരു പരീക്ഷണത്തിന് സാന്റനര്‍ തയാറായി. അഭിഷേകിനെ പിടിച്ചുകെട്ടുകയായിരുന്നിരിക്കാം പ്രധാന ലക്ഷ്യം. നോണ്‍ സ്ട്രൈക്കര്‍ എൻഡില്‍ നിന്ന് അഭി സഞ്ജുവിനോട് പറഞ്ഞു, ഒണ്‍ലി യു കാൻ ഹാൻഡില്‍ എന്ന്. അഭിയുടെ വാക്ക് പൂര്‍ണമായും ഏറ്റെടുത്തതുപോലെ രണ്ടാം പന്ത് ലോങ് ഓണിന് മുകളിലുടെ ആരാധകര്‍ക്കിടയിലേക്ക്, സ്ലോട്ട് ബോള്‍ നല്‍കിയ പിഴവ് ആവര്‍ത്തിക്കാതിരിക്കാൻ അടുത്ത പന്തില്‍ ലെങ്തില്‍ മാറ്റം വരുത്തി ബ്രേസ്‌വല്‍.

എന്നാല്‍, ക്രീസില്‍ നിന്ന് ഒരു ചുവട് ഇടത്തേക്ക് മാറി ബാക്ക് ഫൂട്ടില്‍ മിഡ് ഓഫിന് മുകളീലുടെ ഒരു ലോഫ്റ്റഡ് ഡ്രൈവുകൂടി, ബൗണ്ടറി. ലോങ് ഓണിലേക്ക് സിംഗിളെടുത്ത് അര്‍ദ്ധ സെഞ്ചുറി തികയ്ക്കുന്നു, അതും 23 പന്തുകളില്‍. കഴിഞ്ഞ ആറ് ടി20 മത്സരങ്ങളിലെ മൂന്നാം അര്‍ദ്ധ ശതകം. പതിവ് പോലെ ബാറ്റ് ഡഗൗട്ടിലേക്ക് ചൂണ്ടിയാഘോഷം. സ്ഥിരതയിലെ ചോദ്യങ്ങള്‍ക്ക് മാച്ച് വിന്നിങ് നോക്കുകളാണ് മറുപടി, മൈതാനത്തിലാണ് വിമര്‍ശനങ്ങള്‍ക്കുള്ള തിരിച്ചടി.

അഭിഷേക് മടങ്ങിയെങ്കിലും പവര്‍പ്ലേയില്‍ ഇന്ത്യൻ സ്കോര്‍ 94ല്‍ എത്തി. പെര്‍ഫെക്റ്റ് സ്റ്റാര്‍ട്ട് ഫോര്‍ ദ ചേസ്. എന്നാല്‍, ഇഷാൻ കിഷന് പകരം തിലക് വര്‍മയെത്തിയത് സ്കോറിങ്ങിന്റെ വേഗം കുറയ്ക്കുകയും അത് സഞ്ജുവിലേക്ക് സമ്മര്‍ദം എത്താൻ കാരണമാകുകയും ചെയ്തു. സാന്റനറിനേയും ബ്രേസ്‌വെല്ലിനേയും പിന്നെയും ബൗണ്ടറി കടത്തിയെങ്കിലും വൈകാതെ മടങ്ങേണ്ടി വന്നു. 33 പന്തില്‍ 67 റണ്‍സ്, എട്ട് ഫോറും നാല് സിക്സറുകളും. സ്ട്രൈക്ക് റേറ്റ് 203.

വൈഭവ് സൂര്യവംശിക്കായി വാദിക്കുന്നവര്‍ക്ക് പോലും സഞ്ജുവിനെ മാറ്റി നിര്‍ത്താൻ പറയാനാകില്ല. കാരണം, അയാള്‍ നിരന്തരം പോരാടുകയാണ്, തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്...