എഡ്ജ്ബാസ്റ്റണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷം വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്ത് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് സെഞ്ചുറികളുമായി തിരിച്ചുവന്നതിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം. രണ്ട് ഇന്നിംഗ്സിലും  ഓസീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായ സ്മിത്തിന്റെ മികവില്‍ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് ഇംഗ്ലണ്ടിനെതിരെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.

സ്മിത്ത് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് ഓസീസ് നായകന്‍ ടിം പെയ്ന്‍ മത്സരശേഷം പറഞ്ഞു. അവിശ്വസനീയമായിരുന്നു സ്മിത്തിന്റെ പ്രകടനം. അദ്ദേഹമാണ് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍.കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഒരുപക്ഷെ ചരിത്രത്തിലെയും-പെയ്‍ന്‍ പറഞ്ഞു.

സ്മിത്ത് താങ്കള്‍ മനോഹരമായി കളിച്ചു. എന്തൊരു തിരിച്ചുവരവാണിത്. നേഥന്‍ ലിയോണിന്റെ ബൗളിംഗും ഗംഭീരം. ആദ്യ ടെസ്റ്റ് ജയിച്ച ഓസീസിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം.

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍ ആണ് സ്മിത്ത് എന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ പ്രതികരണം.