അഹമ്മദാബാദില്‍ അഭിഷേകിനൊപ്പം ക്രീസിലെത്തുമ്പോള്‍ സഞ്ജുവിനോളം സമ്മര്‍ദം ഇന്ത്യൻ ക്രിക്കറ്റില്‍ മറ്റാര്‍ക്കുമുണ്ടായിരുന്നില്ല. ഒരു പരാജയം അയാളെ ടീമില്‍ നിന്ന് മാറ്റി നിർത്താൻ പോന്നതായിരുന്നു
റോക്കറ്റ് വേഗത്തിലെത്തുന്ന പന്തുകള്‍ സഞ്ജു സാംസണിനെ അപകടത്തിലാക്കും - ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്ക്കര്‍ അഹമ്മദാബാദിലെ കമന്ററി ബോക്സിലിരുന്ന് പറഞ്ഞു നിര്‍ത്തി. ലുംഗി എൻഗിഡിയുടെ ഔട്ട് സ്വിങ്ങറുകള്‍ തുടരെ സഞ്ജുവിനെ പരീക്ഷിക്കുന്നുണ്ടായിരുന്നു അപ്പോള്‍. നിമിഷനേരങ്ങള്‍ക്കിപ്പുറം മാര്‍ക്കൊ യാൻസണ്‍ അയാള്‍ക്ക് നേരെ പാഞ്ഞടുത്തു. മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തിയൊരു ലെങ്ത് ബോള്‍. പ്യുവര്‍ റിസ്റ്റ് വര്‍ക്ക്. മിഡ് ഓണിന് മുകളിലൂടെ നിലം തൊടാതെ ബൗണ്ടറി കടന്നു ആ പന്ത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ 50 ദിവസത്തെ ഇടവേള, അവഗണന, അവസരനിഷേധം, സമ്മര്‍ദം. ശുഭ്മാൻ ഗില്ലിന് വഴിയൊരുക്കി ഡഗൗട്ടില്‍ നിസാഹയകനായി ഇരിക്കാൻ താൻ ഒരുക്കമല്ലെന്നുള്ള മറുപടി ആ ഒരൊറ്റ ഷോട്ടിലുണ്ടായിരുന്നു. ഒറ്റ്നെയില്‍ ബാര്‍ട്ട്മാൻ വന്നു. മുലൻപൂരില്‍ ഇന്ത്യയുടെ ജയസാധ്യതകളെ പിഴുതെറിഞ്ഞ അതേ ബാര്‍ട്ട്മാൻ. തന്റെ കരിയറില്‍ ആദ്യമായാണ് സഞ്ജു അയാളെ നേരിടുന്നത്. വലം കയ്യൻ പേസറുടെ ഫുള്‍ ലെങ്ത് പന്തിലൊരു ഗ്ലോറിയസ് സ്ട്രെയിറ്റ് ഡ്രൈവ്. ഗവാസ്ക്കര്‍ തന്റെ വാചകങ്ങള്‍ തിരുത്തുകയാണ്, മഗ്നെഫിസെന്റ് എന്ന് ഇതിഹാസം പറഞ്ഞു.
സഞ്ജുവിന്റെ ബാറ്റിന്റെ പൊസിഷനേയും ഷോട്ട് മേക്കിങ്ങിനേയും വാതോരാതെ പുകഴ്ത്തുകയായിരുന്നു ശേഷം ഗവാസ്ക്കര്‍. ഒരുപന്തിന്റെ ഇടവേളയില്‍ മനോഹരമായ മറ്റൊരു ലോഫ്റ്റഡ് ഡ്രൈവ്, മിഡ് ഓണിന് മുകളിലൂടെ. അഞ്ചാം ഓവറില്‍ യാൻസണെതിരെ കവറിലൂടെ ഒരു ക്രാക്കിങ് ഷോട്ട്. മറുവശത്ത് അഭിഷേകും അതേ താളത്തില്‍ തുടര്‍ന്നതോടെ പതിവില്ലാത്ത വേഗത ഇന്ത്യയുടെ സ്കോറിങ്ങിന് കൈവരിക്കുകയായിരുന്നു. കേശവ് മഹരാജിന് മുകളില്‍ പ്രോട്ടിയാസ് പരിഗണിച്ച ജോര്‍ജ് ലിൻഡെ.
വിക്കറ്റില്‍ നിന്ന് ലിൻഡെയ്ക്ക് കാര്യമായ ടേണ്‍ ലഭിക്കുന്നുണ്ട്. എട്ടാം ഓവറിലെ അഞ്ചാം പന്ത് സഞ്ജുവിന്റെ ഓഫ് സ്റ്റമ്പിനെ തൊട്ടുരുമിയാണ് കടന്നുപോയത്. പക്ഷേ, ആ നിമിഷത്തിന് ഉലയ്ക്കാനായില്ല സഞ്ജുവിനെ, പ്രതിരോധമല്ല അയാളുടെ ആയുധം. അടുത്ത നിമിഷം ലിൻഡെ മിഡ് വിക്കറ്റിനും ലോങ് ഓണിനും ഇടയില്‍ ബൗണ്ടറിക്കപ്പുറമാണ് ചെന്ന് പതിച്ചത്, സിക്സ്. പക്ഷേ, ലിൻഡെയുമായുള്ള ബാറ്റില്‍ ഒടുവില്‍ അയാള്‍ തന്നെ ജയിച്ചു. ബൗള്‍ഡായി മടങ്ങുമ്പോള്‍ സഞ്ജുവിന്റെ പേരില്‍ 22 പന്തില്‍ 37 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 168.
നോക്കു, അഹമ്മദാബാദില്‍ അഭിഷേകിനൊപ്പം ക്രീസിലെത്തുമ്പോള്‍ സഞ്ജുവിനോളം സമ്മര്‍ദം ഇന്ത്യൻ ക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ല. ഒരു രാവിനപ്പുറം 2026 ട്വന്റി 20 ലോകകപ്പിനും ന്യൂസിലൻഡ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. ലഭിച്ച ഏക അവസരത്തില്‍ പരാജയപ്പെട്ടാല്‍ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടി വന്നേക്കാം. സെഞ്ചുറികളുടേയും മികച്ച പ്രകടനങ്ങളുടേയും ഭൂതകാലമുണ്ടായിട്ടും അയാള്‍ ഇങ്ങനെയൊരു സാഹചര്യം അര്‍ഹിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നേ പറയാനുള്ളു. ഇവിടെ ഇങ്ങനെയൊക്കയാണ്.
അതുകൊണ്ട്, ഫോം നഷ്ടപ്പെട്ട ഗില്ലിനെയോ അല്ലെങ്കില്‍ നായകൻ സൂര്യകുമാര്‍ യാദവിനെപ്പോലെയോ അയാള്‍ പ്രതിരോധ മാര്‍ഗം സ്വീകരിച്ചില്ല. മറിച്ച് ഒരു ട്വന്റി 20 ഓപ്പണര്‍ എന്താകണമെന്ന് ബാറ്റുകൊണ്ട് പറഞ്ഞു. പിക്കപ്പ് ഷോട്ടുകള്‍, സ്ട്രൈറ്റ് ഡ്രൈവുകള്‍, ലോഫ്റ്റഡ് ഡ്രൈവുകള്‍ അങ്ങനെ ദക്ഷിണാഫ്രിക്ക ഒരുക്കിയ ഫീല്‍ഡിനെയെല്ലാം കീറിമുറിച്ചായിരുന്നില്ല അയാളുടെ ബാറ്റിങ്. അഭിഷേക് ശര്‍മയ്ക്കും സൂര്യകുമാര്‍ യാദവിനും ശേഷം ഇന്ത്യക്കായി കുറഞ്ഞ പന്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമാകാനും സഞ്ജുവിന് സാധിച്ചു. ട്വന്റി 20യില്‍ 8,000 റണ്‍സും താണ്ടി.
എന്തുകൊണ്ട് സഞ്ജു ആദ്യ ഇലവനില്‍ ഇടം പിടിക്കുന്നില്ല, ഒരാളുടെ പരുക്ക് വേണ്ടി വന്നു സഞ്ജു ടീമിലെത്താൻ എന്നത് അത്ഭുതപ്പെടുത്തുന്നു. സ്വഭാവികമായൊരു ടോപ് ഓര്‍ഡര്‍ ബാറ്ററാണ് അയാള്‍, അയാള്‍ക്കെതിരെ എവിടെ പന്തെറിയണമെന്ന് പോലും ആശയക്കുഴപ്പമാണ് - രവി ശാസ്ത്രി കമന്ററി ബോക്സില്‍ പറഞ്ഞു. ഇതുതന്നെയായിരുന്നു കാലങ്ങളായി ബിസിസിഐയോട് ക്രിക്കറ്റ് ആരാധകര്‍ ചോദിച്ചുകൊണ്ടേയിരുന്നത്. കേവലം ബാറ്റിങ്ങില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല സഞ്ജുവിന്റെ പ്രകടനം.
ഡേവിഡ് മില്ലറിനെ നിര്‍ണായക ക്യാച്ചിന് പുറമെ മാര്‍ക്കൊ യാൻസണിന്റെ പുറത്താകലിലേക്ക് നയിച്ച റിവ്യു. നായകൻ സൂര്യകുമാര്‍ യാദവും ബൗളറായ ജസ്പ്രിത് ബുമ്രയും റിവ്യു എടുക്കാൻ മടിച്ചപ്പോഴായിരുന്നു സഞ്ജുവിന്റെ ഇടപെടലുണ്ടായതും ഇന്ത്യ തീരുമാനമെടുത്തതും. സീനിയര്‍ താരമെന്ന നിലയിലുള്ള എല്ലാ സ്വാധീനവും സഞ്ജുവിന്റെ ഭാഗത്തുനിന്ന് കളത്തിലുണ്ടാകുന്നതും മത്സരത്തിലുടനീളം കണ്ടു.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനമുണ്ടാകും. സഞ്ജു സാംസണ്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. പക്ഷേ, ലോകകപ്പില്‍ ഗില്ലിന്റേയും ജിതേഷ് ശര്‍മയുടേയും പകരക്കാരനായി ഡഗൗട്ടില്‍ ഇരുത്തുമോയെന്നതാണ് ചോദ്യം. സഞ്ജുവിന്റെ വരവില്‍ ടീമിലുണ്ടായ ഇമ്പാക്റ്റ് ചെറുതല്ലെന്ന് അഹമ്മദാബാദ് ട്വന്റി 20 വ്യക്തമാക്കുന്നു. ഒരു പേസില്‍ ബാറ്റ് ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഗില്ലിന്റെ സാന്നിധ്യത്തില്‍ സാധിക്കാത്തതൊന്ന്. ഗംഭീറിനും അഗാർക്കറിനും യാഥാർത്ഥ്യത്തോട് എത്രനാള്‍ കണ്ണടച്ചിരിക്കാനാകും.


