കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ മലയാളിയാണ് എൽദോസ് പോളെന്ന് പറഞ്ഞപ്പോൾ ടിവി കണ്ടുകൊണ്ടിരുന്ന അമ്മൂമ്മയ്ക്ക് റെക്കോഡിന്‍റെ സാംഗത്യം മനസിലായില്ല

കൊച്ചി: പാലയ്ക്കാമറ്റംകാരുടെ മുഖത്തെല്ലാം ഇപ്പോള്‍ സുവർണ നിറമുള്ള ചിരിയാണ്. തങ്ങളുടെ പ്രിയ എൽദോസ് പോൾ(Eldhose Paul) കോമൺവെൽത്ത് ഗെയിംസ്(CWG 2022) സ്വർണ നേട്ടത്തിലൂടെ പാലയ്ക്കാമറ്റമെന്ന കൊച്ചുഗ്രാമത്തെ ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചിരിക്കുന്നു. എറണാകുളം കോലഞ്ചേരി രാമമംഗലത്തിനടുത്താണ് പാലയ്ക്കാമറ്റം. ട്രിപ്പിൾ ജംപിൽ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം ഗ്രാമം ആഘോഷിച്ചിരുന്നു. പക്ഷേ അന്ന് ഫൈനലിൽ മെഡൽ നേടാനായില്ല. അന്ന് നഷ്ടപ്പെട്ട മെഡൽ ഇന്ന് സുവർണ നേട്ടമാക്കിയതിന്‍റെ ആഹ്‌ലാദത്തിലാണ് നാട്ടുകാരെല്ലാം.

മൂന്ന് മാസമായി എൽദോസ് പോൾ വീട്ടിൽ നിന്ന് പോയിട്ട്. ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ശേഷം നേരെ കോമൺവെൽത്ത് ഗെയിംസിനായുള്ള പരിശീലനത്തിന് ക്യാമ്പിലേക്ക്, അവിടെ നിന്ന് ബർമിങ്ഹാമിലേക്ക്. രണ്ട് ദിവസം മുമ്പാണ് അവസാനം വീട്ടിലേക്ക് വിളിച്ചത്. അന്ന് മെഡൽ പ്രതീക്ഷ എൽദോസ് പോൾ ചാച്ചനെന്ന് വിളിക്കുന്ന അച്ഛന്‍റെ അനുജനുമായി പങ്കുവച്ചിരുന്നു. ചാച്ചൻ ബാബു കുര്യാക്കോസ് അത് സുഹൃത്തുക്കളോടും പറഞ്ഞു. സമ്മർദ്ദം കൂട്ടേണ്ടന്ന് കരുതി ഇന്നലെ വിളിക്കാതെ വാട്‍സപ്പിൽ സന്ദേശം അയച്ചു. മെഡൽ പ്രതീക്ഷയുണ്ടെന്നും വിജയിച്ച് തിരിച്ചുവരുമെന്നുമായിരുന്നു മറുപടി. ഈ പ്രതീക്ഷയിൽ പടക്കവും മധുരവുമൊക്കെയായി നാട് കാത്തിരുന്നു. എൽദോസിന്‍റെ വീട്ടിലിരുന്നാണ് ബന്ധുക്കളും നാട്ടുകാരുമെല്ലാം മത്സരം കണ്ടത്. ആദ്യ ശ്രമങ്ങളിൽ പ്രതീക്ഷിച്ച ദൂരം താണ്ടാനാകാതെ വന്നപ്പോൾ എല്ലാവരുടെയും മുഖത്ത് സങ്കടം. മൂന്നാം ചാട്ടത്തിൽ 17 മീറ്റർ പിന്നിട്ട് കരിയറിലെ ഏറ്റവും മികച്ച ദൂരം എൽദോസ് കുറിച്ചപ്പോൾ പിരിമുറുക്കം ആവേശത്തിന് വഴിമാറി. പിന്നെ ഓരോ ചാട്ടത്തിലും ആകാംക്ഷ, എങ്ങിനെയും മത്സരം തീരാനുള്ള കാത്തിരിപ്പ്. ഒടുക്കം കാത്തിരുന്ന നിമിഷമെത്തിയപ്പോൾ ആഘോഷം നാട് ഏറ്റെടുത്തു. എങ്ങും പടക്കം പൊട്ടുന്ന ശബ്ദം മാത്രം.

അമ്മ മരിച്ച ശേഷം അമ്മൂമ്മയുടെ സംരക്ഷണയിലാണ് എൽദോസ് പോൾ വളർന്നത്. പിതാവ് ഇവിടെ നിന്ന് അൽപ്പംമാറിയാണ് താമസം. അമ്മൂമ്മയ്ക്ക് വയസ് 80 പിന്നിട്ടു. കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ മലയാളിയാണ് എൽദോസ് പോളെന്ന് പറഞ്ഞപ്പോൾ ടിവി കണ്ടുകൊണ്ടിരുന്ന അമ്മൂമ്മയ്ക്ക് റെക്കോഡിന്‍റെ സാംഗത്യം മനസിലായില്ല. പക്ഷേ മോൻ ഒന്നാമതെത്തിയെന്ന് മനസിലായപ്പോൾ സന്തോഷം. ഇന്ത്യയ്ക്കായി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്ന് മറുപടി. എൽദോസ് ബർമിങ്ഹാമിൽ നിന്ന് തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് അമ്മൂമ്മ.

കോതമംഗലം എംഎ കോളേജിലെ പഠനകാലത്താണ് ട്രിപ്പിൾ ജംപിലെ തന്‍റെ ഭാവി എൽദോസ് പോൾ തിരിച്ചറിയിരുന്നത്. അതിന് മുമ്പ് ക്രോസ് കൺട്രിയും പോൾവോൾട്ടുമെല്ലാം പരീക്ഷിച്ചിരുന്നു. അഞ്ജു ബോബി ജോർജ് അടക്കവുള്ളവരെ ലോകവേദിയിൽ എത്തിച്ച ദ്രോണാചാര്യ ടി.പി.ഔസേപ്പായിരുന്നു എൽദോസിന്‍റെയും വഴികാട്ടി. എം എ കോളേജിൽ എത്തിയതിന് ശേഷം പിന്നീടൊരു തിരിഞ്ഞുനോട്ടം എൽദോസിന് വേണ്ടിവന്നില്ല. പക്ഷേ സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലല്ലായിരുന്നതിനാൽ പാലയ്ക്കാമറ്റത്ത് നിന്ന് എന്നും കോതമംഗലത്ത് പരിശീലനത്തിന് പോകുക എന്നത് ബുദ്ധിമുട്ടായിരുന്ന ഒരുകാലം എൽദോസിനുണ്ടായിരുന്നു. പക്ഷേ പ്രതിസന്ധികളെയെല്ലാം എൽദോസ് പോൾ തരണം ചെയ്തു. അതിനുള്ള ആദ്യ പ്രതിഫലം കോമൺവെൽത്ത് സ്വർണ നേട്ടത്തിലൂടെ എൽദോസിനെ തേടിയെത്തിരിക്കുന്നു.

എൽദോസ് പോൾ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തിയത് ആഘോഷമാക്കി നാട്ടിലെ കവലയിൽ ഫ്ലക്സുകൾ ഉയർത്തിയിരുന്നു. ഈ ഫ്ലക്സുകളും കൊണ്ടായിരുന്നു ഇന്നത്തെ ആഘോഷപ്രകടനം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വാഹന റാലി നാടിന്‍റെ മുക്കിലും മൂലയിലുമെത്തി. ഇനി എല്ലാവരും കാത്തിരിക്കുന്നത് ബർമിങ്ഹാമിൽ നിന്നുള്ള എൽദോസിന്‍റെ മടങ്ങിവരവാണ്. ഇനി വെറും എൽദോയല്ല സുവർണ നേട്ടത്തിലൂടെ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയർത്തിയ എൽദോസ് പോൾ. ആഘോഷത്തിന്‍റെ ബാക്കി ഇനി മടങ്ങിവരവിന്‍റെ അന്ന്. 

'ഞങ്ങള്‍ പ്രചോദനമാവട്ടെ'; ട്രിപ്പിള്‍ ജംപിലെ ചരിത്ര മെഡലിന് ശേഷം എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും- വീഡിയോ