പാക്കിസ്ഥാന്റെ മുന്‍ നായകരായ ഷാഹിദ്‌ അഫ്രീദിയും അസ്‌ഹര്‍ അലിയും അഹമ്മദ്‌ ഷെഹ്‌സാദും വലിയ കോഹ്ലി ഫാന്‍സാണ്‌. അതവര്‍ മറച്ചുവെക്കാറുമില്ല. വിരാട്‌ കോഹ്ലി പാക്കിസ്ഥാനിലെ കറാച്ചിയിലോ റാവല്‍പിണ്ടിയിലോ കളിക്കാന്‍ ഇറങ്ങുന്ന ദിവസം പാക്കിസ്ഥാന്‍ നിശ്ചലമാകുമെന്ന്‌ അസ്‌ഹര്‍ അലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ക്രിക്കറ്റ്‌ ടീമുകള്‍ മത്സരിക്കാനിറങ്ങുമ്പോള്‍ തലക്കെട്ടുകളില്‍ പലപ്പോഴും ഇന്ത്യ-പാക്‌ വൈരം കടന്നുവരാറുണ്ട്‌. ഇരുരാജ്യങ്ങള്‍ക്കിടയിലെ യുദ്ധവും സംഘര്‍ഷവും നയതന്ത്രബന്ധത്തിലെ വിള്ളലുകളും ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നിഴലിക്കാറുമുണ്ട്‌. ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിന്‌ രാജ്യാന്തര ക്രിക്കറ്റ്‌ വേദികള്‍ നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അതിനൊക്കെയൊരു മാറ്റം വന്നത്‌ വിരാട്‌ കോഹ്ലിയുടെ ക്രിക്കറ്റ്‌ യുഗത്തിലാണ്‌. മത്സരത്തില്‍ വീറും വാശിയും വെച്ചുപുലര്‍ത്താറുള്ള വിരാട്‌ കോഹ്ലി പാക്കിസ്ഥാന്‍ താരങ്ങളോട്‌ വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിച്ചു പോന്നു. പാക്‌ താരങ്ങള്‍ക്കും കോഹ്ലിയോട്‌ വലിയ കാര്യമാണ്‌.

പാക്കിസ്ഥാന്റെ മുന്‍ നായകരായ ഷാഹിദ്‌ അഫ്രീദിയും അസ്‌ഹര്‍ അലിയും അഹമ്മദ്‌ ഷെഹ്‌സാദും വലിയ കോഹ്ലി ഫാന്‍സാണ്‌. അതവര്‍ മറച്ചുവെക്കാറുമില്ല. വിരാട്‌ കോഹ്ലി പാക്കിസ്ഥാനിലെ കറാച്ചിയിലോ റാവല്‍പിണ്ടിയിലോ കളിക്കാന്‍ ഇറങ്ങുന്ന ദിവസം പാക്കിസ്ഥാന്‍ നിശ്ചലമാകുമെന്ന്‌ അസ്‌ഹര്‍ അലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. ആ ദിവസം സ്റ്റേഡിയം നിറയെ പച്ച ജേഴ്‌സി ആയിരിക്കുമെങ്കിലും അതിന്‌ പിറകില്‍ ബാബര്‍ അസമിന്റെ പേരല്ല, വിരാട്‌ കോലിയുടെ പേരായിരിക്കും എഴുതിയിട്ടുണ്ടാവുകെന്നും അസ്‌ഹര്‍ അലി പറഞ്ഞിരുന്നു.

ഇപ്പോഴിതാ, വനിതാ ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ വിരാട്‌ കോഹ്ലിയുടെ സഹഉടമസ്ഥതയിലുള്ള പ്രമുഖ സ്‌പോര്‍ട്‌സ്‌ വെയര്‍ ബ്രാന്‍ഡായ വണ്‍8 ഷൂസ്‌ ധരിച്ച്‌ കളിക്കാനിറങ്ങിയത്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നു. ഹോങ്കോംഗിനെതിരായ മത്സരത്തിനിടയിലാണ്‌ പാക്‌ താരങ്ങള്‍ കോഹ്ലിയുടെ ബ്രാന്‍ഡ്‌ ഷൂസ്‌ ധരിച്ചതായി ആരാധകര്‍ കണ്ടെത്തിയത്‌. പാക്കിസ്ഥാന്റെ ഇടംകൈയ്യന്‍ സ്‌പിന്നര്‍ നഷ്‌റ സന്ധു, ബാറ്റര്‍ ഐമാന്‍ ഫാത്തിമ എന്നിവരുള്‍പ്പെട്ട താരനിരയാണ്‌ ഈ ഷൂസ്‌ ധരിച്ചിരിക്കുന്നത്‌.വണ്‍8 ബ്രാന്‍ഡിന്റെ വണ്‍ 8 കവര്‍ഡ്രൈവ്‌ 18 എക്‌സ്‌ എന്ന ക്രിക്കറ്റ്‌ ഷൂസാണ്‌ താരങ്ങള്‍ ഉപയോഗിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ആധുനിക ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക്‌ ക്രീസില്‍ മികച്ച ബാലന്‍സും വേഗതയും നല്‍കാന്‍ ലക്ഷ്യമിട്ടാണ്‌ വിരാട്‌ കോഹ്ലിയുടെ പങ്കാളിത്തത്തോടെ ഈ ഷൂ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ-പാക്‌ അകല്‍ച്ച നിലനില്‍ക്കുമ്പോഴും വിരാട്‌ കോഹ്ലി എന്ന ആഗോള ഐക്കണിനോടുള്ള പാക്‌ താരങ്ങളുടെ ആരാധനയെ വാനോളം പുകഴ്‌ത്തിക്കൊണ്ട്‌ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത്‌ വന്നു. അതേസമയം, ഇത്‌ വിവാദമാക്കാതെ തമാശരൂപേണ ട്രോളാനും ചിലര്‍ അവസരം മുതലെടുത്തു. നിങ്ങള്‍ക്ക്‌ കോഹ്ലിയെ ട്രോളാം, എന്നാല്‍, അദ്ദേഹത്തിന്റെ ഷൂസ്‌ ധരിച്ച്‌ നടക്കാതിരിക്കാന്‍ കഴിയില്ല എന്ന രീതിയിലുള്ള കമെന്റുകളൊക്കെ കത്തിക്കയറുകയാണ്‌. പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ കോഹ്ലിയോടുള്ള മൃദുസമീപനവും ആരാധനയും അദ്ദേഹം അവരോടുള്ള പെരുമാറ്റത്തിലൂടെ നേടിയെടുത്തതാണ്‌ എന്നതാണ്‌ യാഥാര്‍ഥ്യം. വലിയൊരു ക്രിക്കറ്റ്‌ ഹീറോ ആയിരിക്കുമ്പോഴും പാക്‌ കളിക്കാരെ പ്രചോദിപ്പിക്കാന്‍ കോഹ്ലി മടി കാണിക്കാറില്ല. വിലക്കിന്‌ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്‌ മുഹമ്മദ്‌ ആമിര്‍ തിരിച്ചെത്തിയപ്പോള്‍ കോഹ്ലി തന്റെ ഒപ്പ്‌ പതിപ്പിച്ച ബാറ്റ്‌ ആമിറിന്‌ സമ്മാനമായി നല്‍കിയിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാകുമ്പോള്‍ പോലും സോഷ്യല്‍ മീഡിയയില്‍ കോലിയുമായുള്ള സൗഹൃദം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ ആമിര്‍ പങ്കുവെക്കാറുണ്ട്‌. ഗ്രൗണ്ടില്‍ കൊമ്പുകോര്‍ക്കാറുള്ള കോഹ്ലി മത്സരശേഷം സ്‌നേഹം പ്രകടിപ്പിക്കുകയും സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റോടെ പെരുമാറുകയും ചെയ്യാറുണ്ടെന്ന്‌ പാക്‌ വിക്കറ്റ്‌ കീപ്പര്‍ മുഹമ്മദ്‌ റിസ്വാന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ വിരാട്‌ കോഹ്ലിയേക്കാള്‍ കേമനായി ബാബര്‍ അസമിനെ അവതരിപ്പിക്കാറുണ്ട്‌. കോലിയുമായുള്ള താരതമ്യപ്പെടുത്തലും വെല്ലുവിളികളും ഇരുരാജ്യങ്ങളിലേയും ക്രിക്കറ്റ്‌ ആരാധകര്‍ക്കിടയില്‍ പുതിയ വൈരം തീര്‍ത്തപ്പോള്‍ ബാബര്‍ അസമിന്‌ ഇടപെടേണ്ടി വന്നു. ഈ കാര്യത്തില്‍ ആരും തര്‍ക്കിക്കരുത്‌. എല്ലാ ഫോര്‍മാറ്റുകളിലേയും ഏറ്റവും മികച്ച ബാറ്റര്‍ വിരാട്‌ കോഹ്ലിയാണ്‌ എന്നാണ്‌ ബാബര്‍ അസം അന്ന്‌ വ്യക്തമാക്കിയത്‌.

കോഹ്ലി ഫോം കണ്ടെത്താന്‍ വിഷമിച്ച ഘട്ടത്തില്‍ ബാബര്‍ അസം ട്വീറ്റ്‌ ചെയ്‌തത്‌ ഈ മോശം സമയവും കടന്നു പോകും, ധൈര്യത്തോടെയിരിക്കൂ എന്നായിരുന്നു. ഇന്ത്യ പാക്‌ മത്സരത്തിന്‌ മുമ്പും ശേഷവും വിരാട്‌ കോഹ്ലി പാക്‌ കളിക്കാരുമായി സൗഹൃദം പങ്കുവെക്കാറുണ്ട്‌. ചിലപ്പോള്‍ ബാറ്റിംഗ്‌ ടിപ്‌സ്‌ നല്‍കുന്നതും കാണാം. ഇതെല്ലാമാകണം, രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്രബന്ധമില്ലെങ്കിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ വിരാട്‌ കോഹ്ലിയോട്‌ വല്ലാത്തൊരു ഊഷ്‌മള ബന്ധം കാത്തുസൂക്ഷിക്കുന്നതിന്‌ കാരണം.പാക്കിസ്ഥാന്റെ വനിതാ ടീം അംഗങ്ങള്‍ കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ബ്രാന്‍ഡ്‌ ഷൂ ധരിക്കുന്നത്‌ പോലും വലിയൊരു സന്ദേശമാണ്‌. സംഗതി വൈറലായ സ്ഥിതിക്ക്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പുതിയ വിലക്കുമായി രംഗത്ത്‌ വരുമോ എന്നത്‌ കാത്തിരുന്ന്‌ കാണേണ്ട കാര്യമാണ്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK