നഷ്ടപ്പെട്ടതൊക്കെയും വീണ്ടെടുക്കാൻ യുണൈറ്റഡിന് സാധിക്കുമോയെന്ന് ചോദിക്കുന്നതിന് മുൻപ് മറ്റൊന്നുണ്ട്, ചാമ്പ്യൻസ് ലീഗിന് തയാറാണോ യുണൈറ്റഡ്
ഓള്‍ഡ് ട്രാഫോഡില്‍ അവസാനമായി ചാമ്പ്യൻസ് ലീഗ് ആരവങ്ങള്‍ മുഴങ്ങിയിട്ട് ആയിരം ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. അന്ന് ബയേണ്‍ മ്യൂണിക്കിനോട് ഏകഗോളിന് പരാജയപ്പെട്ട് മടങ്ങുമ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് കരുതിയിട്ടുണ്ടാകില്ല മൂന്ന് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്ന്. ബയേണും കോപ്പൻഹാഗനും ഗലത്സരയും അടങ്ങിയ ഗ്രൂപ്പില്‍ ആറ് കളികളില്‍ നിന്ന് ഒരു ജയം മാത്രമായിരുന്നു നേട്ടം, വഴങ്ങിയത് 15 ഗോളുകള്‍. യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ചാമ്പ്യൻസ് ലീഗ് ക്യാമ്പയിന് ട്രാഫോഡില്‍ തന്നെയായിരുന്നു പര്യവസാനവും.
ആ ഇടവേള അതിന്റെ ക്ലൈമാക്സിനോട് അടുക്കുകയാണ്, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഇന്നത്തെ സായാഹ്നത്തില്‍ ചാമ്പ്യൻസ് ലീഗ് ഗാനം മുഴങ്ങും, മൈക്കല്‍ കാരിക്കിന്റെ യുണൈറ്റഡിന് മുന്നില്‍ അസര്‍ബൈജാൻ ക്ലബ്ബായ സബായാണ്. നഷ്ടപ്പെട്ടതൊക്കെയും വീണ്ടെടുക്കാൻ യുണൈറ്റഡിന് സാധിക്കുമോയെന്ന് ചോദിക്കുന്നതിന് മുൻപ് മറ്റൊന്നുണ്ട്, ചാമ്പ്യൻസ് ലീഗിന് തയാറാണോ യുണൈറ്റഡ് എന്ന്.
2024-25 സീസണിലെ 15-ാം സ്ഥാനം, ശേഷം ബെഞ്ചമിൻ സെസ്കോ, ബ്രയാൻ എംബൂമോ, മാത്തയോസ് കൂന്യ എന്നിവരുടെ എൻട്രി, പോയ സീസണില്‍ കാരിക്കിന് കീഴില്‍ മൂന്നാം സ്ഥാനത്തേക്കുള്ള ഉയര്‍ച്ച. മാര്‍ക്കസ് റാഷ്ഫോഡിന്റെ തിരിച്ചുവരവ്. കാര്‍ലോസ് ബലേബ, ആൻഡ്രെ സാന്റോസ്, യൂറി ടിലമെൻസ് - മൂന്ന് അഡീഷനുകള്‍. കൂട്ടിച്ചേര്‍ക്കാൻ കാസിമിറോയുടെ അഭാവവും. പോയ സീസണ്‍ അത്ര പാക്ക്ഡായിരുന്നില്ല യുണൈറ്റഡിനെ സംബന്ധിച്ച്, കാരണം മേജര്‍ കോമ്പറ്റീഷൻസില്‍ നിന്നൊക്കെയും അവരെ ആ 15-ാം സ്ഥാനം അകറ്റി നിര്‍ത്തിയെന്നതുതന്നെ. ഇക്കുറിയങ്ങനെയല്ല കാര്യങ്ങള്‍.
പ്രീമിയര്‍ ലീഗ് സീസണിലെ യുണൈറ്റഡിന്റെ തുടക്കം അത്ര നല്ല സൂചനയുമല്ല നല്‍കുന്നത്. ഹള്‍ സിറ്റിയോട് പരാജയം, ശേഷം ഇപ്സ്വിച്ചിനെതിരെ ജയം, എവര്‍ട്ടണിനോട് സമനില. മൂന്ന് മത്സരങ്ങളും നല്‍കിയത് മിഡ് ഫീല്‍ഡിലെ ആശങ്കകളായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിനെ പൂര്‍ണമായും ആശ്രയിക്കുന്ന മിഡ് ഫീല്‍ഡ്. ബ്രൂണോയ്ക്ക് തിളങ്ങാനായില്ലെങ്കില്‍ അത് യുണൈറ്റഡിന്റെ പ്രകടനത്തെയും മത്സരഫലത്തേയും സ്വാധീനിക്കുന്നു. പോര്‍ച്ചുഗല്‍ താരത്തിനൊരു പകരക്കാരനെ കണ്ടെത്താൻ സീസണുകളായി യുണൈറ്റഡിന് കഴിയുന്നില്ല, പ്രത്യേകിച്ചും ബ്രൂണോ ക്ലബ്ബ് വിടാനുള്ള സാധ്യത സജീവമായിരുന്നപ്പോള്‍പ്പോലും.
എങ്കിലും ബ്രൂണോയുടെ ബൂട്ടുകള്‍ യുണൈറ്റഡിനെ രക്ഷിക്കുമെന്ന് കരുതിയാലും പ്രതിരോധത്തിലെ ദൗര്‍ബല്യം മറുവശത്തുണ്ട്. എറിക്ക് ടെൻ ഹാഗ് ഉപയോഗിച്ച് അതേ ബാക്ക് ഫോറാണ് കാരിക്കും ഇപ്പോള്‍ പരീക്ഷിക്കുന്നത്. ലൂക്ക് ഷൊ, ലിസാൻഡ്രൊ മാര്‍ട്ടിനസ്, ഹാരി മഗ്വയര്‍, ഡിയേഗൊ ഡലോട്ട്. ലിസാൻഡ്രൊ മാര്‍ട്ടിനസും ലൂക്ക് ഷോ തങ്ങളുടെ ബെസ്റ്റിലേക്ക് എത്തിയിട്ടില്ല, കാരണം പരിക്കില്‍ നിന്നുള്ള മടങ്ങിവരവാണ്. ട്രാൻസ്‌ഫര്‍ വിൻഡോയില്‍ മിഡ് ഫീല്‍ഡര്‍മാരെ കേന്ദ്രീകരിച്ചുള്ള നീക്കത്തില്‍ ഡിഫൻസിനെ മറുന്നുവെന്ന് വേണം കരുതാൻ. ബാക്ക് അപ്പ് താരങ്ങള്‍ക്കുള്‍പ്പടെ പരിക്കേറ്റിരിക്കുന്നത് കാരിക്കിന്റെ തലവേദന ഇരട്ടിക്കും.
ഡിഫൻസ് സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തിഗത പ്രകടനങ്ങളല്ല കൂടുതല്‍ ആശങ്കയാകുന്നത്. എവര്‍ട്ടണെതിരായ മത്സരം എടുത്താല്‍, എവര്‍ട്ടണ്‍ മുന്നേറ്റങ്ങളിലൂടെ പ്രഷര്‍ വര്‍ധിപ്പിക്കുമ്പോള്‍ യുണൈറ്റഡിന്റെ ഡിഫൻസീവ് സ്ട്രക്‌ചര്‍ പൊളിയുന്നുവെന്നതാണ്. പൊസിഷനിങ്ങിലെ പാളിച്ചകള്‍ എതിരാളികള്‍ക്ക് സ്പേസ് അനുവദിക്കുന്നു. എവര്‍ട്ടണിന്റെ മയിറ്റ്ലൻഡ് നൈല്‍സിന്റ മികച്ച ഗോള്‍ പിറക്കുന്നതിലേക്ക് വഴിവെച്ചത് യുണൈറ്റഡിന്റെ മോശം ഓര്‍ഗനൈസേഷൻ കൂടിയായിരുന്നു. ഡി ലിറ്റിന്റേയും ബലേബയുടേയും മടങ്ങി വരവും, കോണ്‍സ്റ്റന്റായുള്ള ബാക്ക് ഫോര്‍ കാരിക്ക് നിലനിര്‍ത്തിയാലുമേ പരിഹാരം കാണാൻ കഴിഞ്ഞേക്കു.
ഈ സംഘവുമായാണ് കാരിക്ക് ചാമ്പ്യൻസ് ലീഗിന് ഇറങ്ങുന്നത്. ശരാശരിയായ മിഡ് ഫീല്‍ഡും അതിലും താഴെ നില്‍ക്കുന്ന പ്രതിരോധവും, അറ്റാക്കിങ്ങിലാണ് ക്വാളിറ്റി അല്‍പ്പമെങ്കിലും കാണാനാകുന്നത്. പക്ഷേ, ലോ ബ്ലോക്ക് താണ്ടി ഗോള്‍ കണ്ടെത്താൻ കഴിയുന്നില്ല എന്നൊരു പോരായ്മ അവിടെ അപ്പോഴും ബാക്കിയുണ്ട്. സൂചിപ്പിച്ചതുപോലെ പാക്ക്‌ഡാണ് ഈ സീസണ്‍, കഴിഞ്ഞ സീസണില്‍ 40 മത്സരങ്ങളായിരുന്നെങ്കില്‍, ഇക്കുറിയത് 60 ആയിരിക്കും കുറഞ്ഞത്. താരങ്ങളുടെ ഫിറ്റ്നസ് വലിയ ചോദ്യചിഹ്നമായും മുന്നിലുണ്ട്.
ചാമ്പ്യൻസ് ലീഗില്‍ യുണൈറ്റഡിനെ കാത്തിരിക്കുന്നതും ചെറുടീമുകളല്ല ഇനി. അത്ലറ്റിക്കൊ മാഡ്രിഡ്, റോമ, ബയേണ്‍ മ്യൂണിച്ച്, സ്പോര്‍ട്ടിങ് സിപി, ആര്‍ബി ലെയ്‌പ്‌സിഗ്, കോമ തുടങ്ങിയ ടീമുകളാണ്. ഗ്രൂപ്പ് ഘട്ടം പോലും താണ്ടുക എളുപ്പമായിരിക്കില്ല.


