ഇതിഹാസങ്ങളും ടീനേജ് പ്രൊഡിജികളുമെല്ലാം വാഴുന്ന, ബാറ്റിങ് പറുദീസകളായി നിലനില്‍ക്കുന്ന മൈതാനങ്ങളില്‍, അവരെയെല്ലാം ഡൊമിനേറ്റ് ചെയ്യുന്നൊരാള്‍. സുനില്‍ നരെയ്ൻ

ഒന്നരപതിറ്റാണ്ടിന്റെ ദൂരം, 200-ാം മത്സരം. പിന്നിലൊളിപ്പിച്ച പന്തുമായി പതിയെ വിക്കറ്റിലേക്ക് അയാള്‍ നടന്ന് എത്തുകയാണ്. 22 വയസ് മാത്രം പ്രായമുള്ള നിഷാന്ത് സിന്ധുവാണ് ഇതിഹാസത്തിന്റെ ആദ്യ പന്ത് നേരിടാൻ ഒരുങ്ങുന്നത്. മണിക്കൂറില്‍ 89 കിലോ മീറ്റര്‍ വേഗതയില്‍ ഫുള്‍ ലെങ്തിലൊരു ടോസ്‌ഡ് അപ്പ് ഡെലിവെറി. തന്റെ അവസരമെന്ന് കരുതിയ നിഷാന്തിന് അവിടെ പിഴയ്ക്കുകയാണ്. പന്തിന്റെ വേഗതയും മൂവ്‍മെന്റും അളക്കുന്നതില്‍ ഇടം കയ്യൻ ബാറ്റര്‍ പരാജയപ്പെട്ടു. ലോങ് ഓഫില്‍ മനീഷ് പാണ്ഡെയുടെ കൈകളില്‍ മിന്നുറ്റുകള്‍ മാത്രം നീണ്ട ഇന്നിങ്സിന് തിരശീല.

Add Asianetnews as a Preferred SourcegooglePreferred

വിക്കറ്റ് നേട്ടത്തിന് ശേഷം പതിവ് പോലെ അമിതാഹ്‌ളാദങ്ങളൊന്നുമില്ലാതെ അയാള്‍ ടീമിനൊപ്പം നിന്നു. 15 വര്‍ഷത്തെ ഐപിഎല്‍ കരിയര്‍, ഇതിനിടയില്‍ മിസ്റ്ററി സ്പിന്നര്‍മാര്‍ പലരും കടന്നുവന്നു, പോയി. പക്ഷേ, അയാള്‍ മാത്രമൊരു മിസ്റ്ററിയായി തുടരുകയാണ്. ഇതിഹാസങ്ങളും ടീനേജ് പ്രൊഡിജികളുമെല്ലാം വാഴുന്ന, ബാറ്റിങ് പറുദീസകളായി നിലനില്‍ക്കുന്ന മൈതാനങ്ങളില്‍, അവരെയെല്ലാം ഡൊമിനേറ്റ് ചെയ്യുന്നൊരാള്‍. സുനില്‍ നരെയ്ൻ. ഐപിഎല്ലിന്റെ യഥാര്‍ത്ഥ ഗോട്ട് നരെയ്നാണോ?

സച്ചിൻ തെൻഡുല്‍ക്കര്‍ മുതല്‍ വൈഭവ് സൂര്യവംശി വരെ, ഇതിനിടയില്‍ വിരാട് കോലിയും രോഹിത് ശര്‍മയും എബി ഡിവില്ലിയേഴ്സും ക്രിസ് ഗെയ്‌ലും എം എസ് ധോണിയുടെ വരെയുള്ള ഇതിഹാസങ്ങള്‍. ഐപിഎല്ലില്‍ മൈതാനങ്ങള്‍ കീഴടക്കിയ ബാറ്റര്‍മാരുടെ പട്ടികയെടുത്താല്‍ ഇനിയും നീളും. അങ്ങനെ നോക്കിയാല്‍ നരെയ്‌ന്റെ ബൗളിങ് മികവ് മറികടക്കേണ്ട സമയം എന്നോ പിന്നിട്ടിരിക്കുന്നു. റണ്ണപ്പുകള്‍, കൈവശമുള്ള ഡെലിവെറികള്‍, ലൈൻ, ലെങ്ത്, വേഗത - അങ്ങനെ അയാളെ അടിമുടി കീറിമുറിച്ച് പഠിക്കാത്ത അനലിസ്റ്റുകള്‍ ആരും ഉണ്ടാകില്ല ഡ്രെസിങ് റൂമുകളില്‍.

പക്ഷേ, നരെയ്ന്റെ ഗ്രേറ്റ്നസിനെ മറികടക്കാൻ മാത്രം ആര്‍ക്കുമായിട്ടില്ല. മേല്‍പ്പറഞ്ഞവര്‍ക്ക് ആര്‍ക്കെങ്കിലും നെരെയ്‌ന് മുകളില്‍ ഒരു ക്ലിയര്‍ എഡ്‌ജുണ്ടോയെന്ന് ചോദിച്ചാല്‍, ഇല്ലാ എന്ന് പറയേണ്ടി വരും. ക്രിക്കറ്റ് ലോകത്തെ സെൻസേഷനായ വൈഭവ് നരെയ്‌ന്റെ രണ്ടാം പന്തില്‍ സിക്‌സ് നേടി. ശേഷം എന്താണ് സംഭവിച്ചത്. നരെയ്ന്റെ ആറ് പന്തുകള്‍ക്കൂടി വൈഭവ് നേരിട്ടു. ജസ്പ്രിത് ബുമ്രയോടും ജോഷ് ഹേസല്‍വുഡിനോടുമൊന്നും കരുണകാണിക്കാത്ത ആ പയ്യന് പിന്നീട് നേടാനായത് കേവലം ഒരു റണ്‍സ് മാത്രമാണ്, വൈഭവിന്റെ ബാറ്റിലെ തീ അണച്ചു അന്ന് നരെയ്ൻ.

നരെയ്ന്റെ 50 പന്തുകളിലധികം നേരിട്ട ബാറ്റര്‍മാരില്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് സാക്ഷാല്‍ എം എസ് ധോണിക്കാണ്. നരെയ്നെതിരായ ധോണിയുടെ പ്രഹരശേഷി 100ന് താഴെയാണ്, പക്ഷേ അത് 90നോ 80നോ ഒന്നും അടുത്തല്ല. കേവലം 52 മാത്രമാണ്. 77 പന്തുകളില്‍ നിന്ന് 40 റണ്‍സ്. ഡൂപ്ലെസിസിന്റെ 77 ആണ്, സഞ്ജു 78. ക്രിസ് ഗെയിലിന് 94, മാക്‌സ്‌വെല്‍ 95.

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ബാറ്റിങ്ങില്‍ ഓള്‍ ടൈം ഗ്രേറ്റ്സാണ് കോലിയും രോഹിതും, നരെയ്നെതിരായ ഇരുവരുടേയും പ്രഹരശേഷം 105 മാത്രമാണ്. അവരെ വീഴ്ത്താൻ നരെയ്ന് സാധിച്ചത് ചുരുക്കമാണെങ്കിലും സ്കോറിങ്ങിന് തടയിടാനായിട്ടുണ്ട്. ഹെൻറിച്ച് ക്ലാസനും ഡേവിഡ് വാര്‍ണറിനും മാത്രമാണ് കൃത്യമായും നരെയ്ന് മുകളില്‍ ആധിപത്യം സ്ഥാപിക്കാനായിട്ടുള്ളത്. ക്ലാസന്റേയും വാര്‍ണറിന്റേയും സ്ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്.

ഇനി നരെയ്ന്റെ ഐപിഎല്‍ കരിയറിലേക്ക് വരാം. 200 മത്സരങ്ങള്‍, 198 ഇന്നിങ്സ്. 205 വിക്കറ്റുകള്‍. എക്കോണമി 6.7 മാത്രമാണ്. 2012ല്‍ അരങ്ങേറിയ നരെയ്ൻ തുടരെ മൂന്ന് സീസണുകളില്‍ 20ലധികം വിക്കറ്റുകള്‍ നേടി, മൂന്ന് സീസണുകളിലെ എക്കോണമി ആറില്‍ താഴെയും വിക്കറ്റുകള്‍ 67 എണ്ണവുമായിരുന്നു. അഞ്ച് എഡിഷനുകളില്‍ എക്കോണമി ആറിനും ഏഴിനും ഇടയില്‍. മൂന്ന് വര്‍ഷം ആറിലും താഴെ.

നരെയ്ന്റെ ഏറ്റവും മോശം ഐപിഎല്‍ സീസണുകളായി അടയാളപ്പെടുത്തുന്നത് 2015, 20 വര്‍ഷങ്ങളാണ്. വിക്കറ്റുകള്‍ നിരവധി വീഴാത്ത ഈ സീസണുകളില്‍ പോലും നരെയ്നെ ഡൊമിനേറ്റ് ചെയ്യാൻ ബാറ്റര്‍മാര്‍ക്ക് എളുപ്പമായിരുന്നില്ല. എക്കോണമി എട്ടിന് താഴയായിരുന്നു. ഐപിഎല്ലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. 11 ഫ്രാഞ്ചൈസ് ലീഗുകളിലാണ് നരെയ്ൻ ഭാഗമായിട്ടുള്ളത്. ബിഗ് ബാഷ് ഒഴികെ എല്ലാ ലീഗുകളിലും നരെയ്ന്റെ എക്കോണമി ഏഴില്‍ താഴെയാണ്. അണ്‍റിയല്‍ എന്നല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല അയാളുടെ പ്രകടനങ്ങളെ. അമ്പട്ടി റായുഡു പറഞ്ഞതുപോലെ ബെസ്റ്റ് ഐപിഎല്‍ പ്ലെയര്‍ ഓഫ് ഓള്‍ ടൈം.