ട്വന്റി 20 ക്രിക്കറ്റില്‍ സ്ഥിരത അത്ര പ്രാധാന്യമുള്ള ഒന്നല്ലെന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ, അത്തരം നിർവചനങ്ങള്‍ അപ്പാടെ തിരുത്തുകയാണ് മൂവർ സംഘം
വിപ്രജ് നിഗത്തിന്റെ വൈഡ് ലങ്ത് ബോള്‍ ലോങ് ഓണിന് മുകളിലൂടെ ബൗണ്ടറി വര കടത്തി സായ് സുദര്‍ശൻ ഗുജറാത്ത് ടൈറ്റൻസിന്റെ പ്ലേ ഓഫ് ഉറപ്പിക്കുകയാണ്. ഗുജറാത്തിന്റെ വിക്കറ്റ് കോളത്തില്‍ അപ്പോഴും പൂജ്യമായിരുന്നു തെളിഞ്ഞ് നിന്നിരുന്നത്. നായകൻ ശുഭ്‌മാൻ ഗില്‍ സായ് സുദര്‍ശനെ അഭിനന്ദിക്കുകയാണ്. ആധികാരികം, സര്‍വാധിപത്യം!
ചുരുക്കി പറഞ്ഞാല്‍ ഈ കാഴ്ച തന്നെയായിരുന്നു ഗുജറാത്തിന്റെ സീസണിലുടനീളം കാണ്ടത്. ഗില്ലിന്റെയോ സായിയുടേയോ സ്ഥാനത്ത് ഒന്നുകില്‍ ജോസ് ബട്ട്ലര്‍ പ്രത്യക്ഷപ്പെടുമെന്ന് മാത്രം. മത്സരശേഷം ഗില്‍ പറഞ്ഞ ഒരു വാചകം കൂടി ഇതിലേക്ക് ചേർക്കാം. We wanted to finish the game ourselves. ഞങ്ങള്‍ക്ക് തന്നെ കളി അവസാനിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. ഇതാണ് ഗുജറാത്തിന്റെ മെന്റാലിറ്റി.
ഇത് നടപ്പാക്കാൻ അവർക്കൊരു ഒന്നൊന്നര ട്രയോയുമുണ്ട്. ഗില്‍, സായ്, ബട്ട്ലര്‍. ട്വന്റി 20 ക്രിക്കറ്റില്‍ സ്ഥിരത അത്ര പ്രാധാന്യമുള്ള ഒന്നല്ലെന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ, അത്തരം നിർവചനങ്ങള്‍ അപ്പാടെ തിരുത്തുകയാണ് മൂവർ സംഘം. സ്ഥിരത, സ്ട്രോക്ക്പ്ലേ, റണ്ണിങ് ബിറ്റ്‌വീൻ ദ വിക്കറ്റ്‌സ്, അറ്റാക്കിങ് എല്ലാം ഒന്നിനൊന്നിന് മിച്ചം.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരു ടീമിലെ മൂന്ന് പേര്‍ 500ലധികം റണ്‍സ് നേടുന്നത് ആദ്യമായാണ്. ആ അപൂർവത ഇന്ന് സായ് - ഗില്‍ - ബട്ട്ലർ സഖ്യത്തിനൊപ്പമാണ്. 2013-19 കലാഘട്ടത്തിലെ ശിഖര്‍ ധവാൻ, രോഹിത് ശർമ, വിരാട് കോലി കോമ്പോയെ ഓര്‍മിപ്പിക്കും വിധമാണ് ഐപിഎല്ലിലെ ഇവരുടെ ആധിപത്യം.
സായിയില്‍ നിന്ന് തന്നെ തുടങ്ങാം. 12 ഇന്നിങ്സുകളില്‍ നിന്ന് 617 റണ്‍സാണ് സീസണില്‍ ഇതുവരെ സായി നേടിയത്. റണ്‍വേട്ടക്കാരില്‍ ഒന്നാമത്. ശരാശരി 56ഉം, സ്ട്രൈക്ക് റേറ്റ് 156.99ഉം ആണ്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും സായിയുടെ പേരിലുണ്ട്.
കഴിഞ്ഞ സീസണുകളിലെ സായിയുടെ പ്രകടനം സ്ട്രൈക്ക് റേറ്റിന്റെയും മെല്ലപ്പോക്കിന്റെയും പേരില്‍ വിമർശിക്കപ്പെട്ടിരുന്നു. സായിയൊരു ഏകദിന - ടെസ്റ്റ് പ്രൊഡക്റ്റാണെന്ന തരത്തില്‍ പോലും ലേബലിങ് നടന്നു. പക്ഷേ, അത്തരം വിമർശനങ്ങള്‍ക്കെല്ലാം ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് യുവതാരം. സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററും സായി തന്നെ, ട്വന്റി 20യിലെ ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ഓപ്പണറേക്കാള്‍ ബഹുദൂരം മുന്നില്‍.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് സായിയെ പരിഗണിച്ചില്ലെങ്കില്‍ നീതികേടായിരിക്കുമെന്ന് പറയേണ്ടി വരും. സമാനമാണ് ഗില്ലിന്റേയും കണക്കുകള്‍. 12 ഇന്നിങ്സുകളില്‍ നിന്ന് 601 റണ്‍സ്. 60 ശരാശരി, 155.69 സ്ട്രൈക്ക് റേറ്റ്. ആറ് അര്‍ദ്ധ സെഞ്ച്വറികളും ഗുജറാത്ത് നായകന്റെ പേരുണ്ട്. സീസണില്‍ 600 റണ്‍സിന് മുകളില്‍ സ്കോർ ചെയ്ത രണ്ടേ രണ്ട് താരങ്ങളാണുള്ളത്, അത് സായിയും ഗില്ലുമാണ്.
സീസണില്‍ ഇരുവരും ഓപ്പണിങ്ങിലിടുന്ന അടിത്തറയാണ് ഗുജറാത്തിന്റെ ജയങ്ങളുടെ ആധാരം. 839 റണ്‍സാണ് സഖ്യമെന്ന നിലയിലെ സമ്പാദ്യം. ശരാശരി 76 ആണ്. അതായത്, ഗുജറാത്തിന്റെ ഓപ്പണിങ് വിക്കറ്റില്‍ സ്ഥിരതയോടെ 70 റണ്‍സ് വരുന്നുണ്ടെന്ന് സാരം. ഏഴ് തവണ കൂട്ടുകെട്ട് 50 കടന്നു, ഇതില്‍ മൂന്നെണ്ണം സെഞ്ച്വറി സഖ്യമാണ്. ഐപിഎല്ലില്‍ ഇത്രത്തോളം സ്ഥിരതപുലർത്തുന്ന ഓപ്പണിങ് സംഖ്യമുണ്ടോയെന്ന് തന്നെ സംശയമാണ്.
ഇരുവരും ക്ലാസിക്ക് ബാറ്റർമാരുടെ പട്ടികയില്‍പ്പെടുന്നവരായതുകൊണ്ട് തന്നെ കളികളില്‍ ആ എലഗൻസ് പ്രത്യക്ഷമാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇന്നിങ്സിനെ പാകപ്പെടുത്തുന്നതിലും ഇരുവരും മിടുക്കർ. ഈ കോമ്പോയിലേക്കാണ് ബട്ട്ലറുകൂടി ചേര്‍ക്കപ്പെടുന്നത്. 11 ഇന്നിങ്സുകളില്‍ നിന്ന് 500 റണ്‍സ് ബട്ട്ലറിന്റെ പേരിലുണ്ട്. 163 ആണ് സ്ട്രൈക്ക് റേറ്റ്, അഞ്ച് അര്‍ദ്ധ സെഞ്ച്വറികളും.
ബട്ട്ലർ പിന്നിലായുണ്ടെന്ന ആത്മവിശ്വാസം സായിയുടേയും ഗില്ലിന്റേയും സമ്മർദം കുറയ്ക്കുന്ന ഒന്നാണ്. വിരളമായി ഇരുവരും വീണപ്പോഴെല്ലാം ടീമിനെ വിജയവര കടത്തിയത് ബട്ട്ലറിന്റെ ബാറ്റായിരുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍, പ്ലേ ഓഫ് വരെ മാത്രമായിരിക്കും ബട്ട്ലറിന്റെ സേവനമെന്നത് ഗുജറാത്തിന് തിരിച്ചടിയാണ്. ശേഷം ദേശിയ ടീമിനൊപ്പം ബട്ട്ലർ ചേരും.
മൂവരുടേയും അസാധാരണ ഫോം മൂലം സീസണില്‍ ഗുജറാത്തിന്റെ മധ്യനിര പരീക്ഷക്കപ്പെട്ടിട്ടില്ല. മുംബൈക്കെതിരായ മത്സരത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും പ്രതിസന്ധി നേരിടേണ്ടി വന്നത്. അന്നും ബട്ട്ലറും ഗില്ലും ഒരുവശത്ത് കാര്യങ്ങള്‍ ഭദ്രമാക്കിയിരുന്നു. അതുകൊണ്ട് ബട്ട്ലറിന്റെ അഭാവത്തെ ഗുജറാത്ത് എങ്ങനെ മറികടക്കുമെന്നതും ചോദ്യമാണ്. കൂടുതല്‍ ഉത്തരവാദിത്തം ഓപ്പണിങ് സഖ്യത്തിലേക്ക് എത്താനും ഇത് ഇടയാക്കും.


