വ്ലാറ്റ്കൊ മാർക്കോവിച്ച് ഇൻവിറ്റേഷണൽ ടൂർണമെന്റിന്റെ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയായിരുന്നു ഇരട്ടഗോള്‍ നേട്ടം

പോ‍ര്‍ച്ചുഗല്‍ അണ്ട‍ര്‍ 15 ടീമിനായി ഗോള്‍ നേടി ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മകൻ ക്രിസ്റ്റ്യാനൊ ജൂനിയര്‍. വ്ലാറ്റ്കോ മാർക്കോവിച്ച് ഇൻവിറ്റേഷണൽ ടൂർണമെന്റിന്റെ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയായിരുന്നു ഇരട്ടഗോള്‍ നേട്ടം. സ്കോ‍ര്‍ ചെയ്തതിന് ശേഷം റൊണാള്‍ഡോയുടെ അതേ ഗോള്‍ ആഘോഷമാണ് ക്രിസ്റ്റ്യാനൊ ജൂനിയറും മൈതാനത്ത് പുറത്തെടുത്തത്.

കഴിഞ്ഞ മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി സബ്സ്റ്റിറ്റ്യൂട്ടായാണ് ക്രിസ്റ്റ്യാനൊ ജൂനിയ‍ര്‍ കളത്തിലെത്തിയിരുന്നത്. എന്നാല്‍ ഫൈനലില്‍ അന്തിമ ഇലവെനില്‍ ഇടം നേടി. മത്സരത്തിന്റെ 13-ാം മിനുറ്റിലായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍. പോസ്റ്റിന്റെ ഇടതുമൂലയില്‍ നിന്നായിരുന്നു ഗോള്‍. ഇടം കാലുകൊണ്ട് തൊടുത്ത ഷോട്ട് ഇതിര്‍ ഗോളിക്ക് തടുക്കാനാകുന്നതിലും വേഗത്തിലാണ് വലയിലേക്ക് എത്തിയത്.

ശേഷം കോര്‍ണര്‍ ഫ്ലാഗിലേക്ക് ഓടിയടുത്ത് റൊണാള്‍ഡോയുടെ സൂൂൂൂയ്...ആഘോഷം അനുകരിച്ചു. ജൂനിയറിനൊപ്പം സഹതാരങ്ങളും കൂടി. പിന്നീട് പോര്‍ച്ചുഗലിനെതിരെ ഒരു ഗോള്‍ ക്രൊയേഷ്യ മടക്കി. ശേഷം 44-ാം മിനുറ്റില്‍ ജൂനിയറിലൂടെ തന്നെ പൊര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ഇത്തവണ ഹെഡറിലൂടെയായിരുന്നു ഗോള്‍. 3-2നായിരുന്നു ഫൈനലില്‍ പോര്‍ച്ചുഗലിന്റെ ജയം. ഇതോടെ ചാമ്പ്യന്മാരുമായി.

Scroll to load tweet…
Scroll to load tweet…

നേരത്തെ അരങ്ങേറ്റ മത്സരത്തിന് മുന്നോടിയായി റൊണാള്‍ഡോ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ജൂനിയറിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു. ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ജൂനിയര്‍ കളത്തിലെത്തിയത്. റൊണാള്‍ഡൊ ഭാഗമായ അല്‍ നസറിന്റെ അണ്ട‍ര്‍ 15 ടീമിന്റെ ഭാഗമാണ് ജൂനിയര്‍.താരത്തിനായി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.