പ്ലേ ഓഫിലേക്ക് കടക്കുമ്പോള്‍ കാത്തിരിക്കുന്നത് മറ്റൊരു പ്രധാന വെല്ലുവിളികൂടിയാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ രണ്ടാം കിരീടമെന്ന സ്വപ്നം അകലുമോ
സീസണിലുടനീളം എതിരാളികളെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഡൊമിനേറ്റ് ചെയ്ത ടീം. സ്ഥിരതയോടെ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന സംഘം. കിരീടപ്പോരില്‍ ഏറ്റവുമധികം സാധ്യതകല്‍പ്പിക്കുന്നവര്‍. പക്ഷേ, പ്ലേ ഓഫിന് തൊട്ടരികില്‍ വെച്ച് അവരുടെ ദുര്‍ബലതകളെല്ലാം പുറത്തുവരികയാണ്. അതും എല്ലാ മേഖലയിലും. പ്ലേ ഓഫിലേക്ക് കടക്കുമ്പോള്‍ കാത്തിരിക്കുന്നത് മറ്റൊരു പ്രധാന വെല്ലുവിളികൂടിയാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ രണ്ടാം കിരീടമെന്ന സ്വപ്നം അകലുമോ.
ഓറഞ്ച് ക്യാപ് പട്ടികയിലേക്ക് നോക്കുക. അവിടെയാണ് ഗുജറാത്തിന്റെ ശക്തിയും ദുര്‍ബലതയുമെല്ലാം. സീസണിലെ ടോപ് സ്കോറര്‍ ഗുജറാത്തിന്റെ ഓപ്പണിങ് ബാറ്റര്‍ സായ് സുദര്‍ശൻ, 14 മത്സരങ്ങളില്‍ നിന്ന് 679 റണ്‍സ്. രണ്ടാം സ്ഥാനത്ത് നായകൻ ശുഭ്‌മാൻ ഗില്‍, 649 റണ്‍സ്. അടുത്തത് ജോസ് ബട്ട്ലറാണ് 13 ഇന്നിങ്സുകളില്‍ നിന്ന് 538 റണ്‍സ്. ഗുജറാത്ത് ബാറ്റര്‍മാര്‍ സീസണില്‍ ആകെ നേടിയ റണ്‍സിന്റെ 70 ശതമാനത്തിലധികവും വന്നത് ഈ മൂന്ന് ബാറ്റര്‍മാരില്‍ നിന്നാണ്.
ഇനി കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നോക്കുക. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് പിന്തുടര്‍ന്നത് 236 റണ്‍സ് വിജയലക്ഷ്യം. സ്കോര്‍ബോര്‍ഡില്‍ 100 റണ്‍സ് എത്തുന്നതിന് മുൻപ് സായ്-ഗില്‍-ബട്ട്ലര്‍ ത്രയം പുറത്ത്, 33 റണ്‍സിന്റെ പരാജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ വിജയലക്ഷ്യം 231 റണ്‍സായിരുന്നു, മൂവരുടേയും സംഭാവന 59 റണ്‍സ് മാത്രം. കാത്തിരുന്നത് ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.
ഈ രണ്ട് മത്സരങ്ങളിലുമാണ് ഗുജറാത്തിന്റെ മധ്യനിര പരീക്ഷിക്കപ്പെട്ടത്. കൂറ്റൻ വിജയലക്ഷ്യം മുന്നിലുള്ളപ്പോള്‍ ലക്നൗവിനെതിരെ ഷാരൂഖ് ഖാന്റെയും റുതര്‍ഫോഡിന്റെയും ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പുണ്ടായി. പക്ഷേ, ചെന്നൈക്കെതിരെ ഇരുവരും പരാജയപ്പെട്ടു. സീസണിലുടനീളം ഇരുബാറ്റര്‍മാര്‍ക്കും സ്ഥിരതപുലര്‍ത്താനായിട്ടില്ല. അതിനുള്ള കാര്യമായ അവസരം ലഭിച്ചില്ലെന്ന് വേണം കരുതാൻ.
ടോപ് ത്രി കഴിഞ്ഞാല്‍ ഗുജറാത്തിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് റുതര്‍ഫോഡ്. നേട്ടമാകട്ടെ ബട്ട്ലറിന്റെ പാതി മാത്രം. പ്ലേ ഓഫില്‍ ബട്ട്ലറിന്റെ അസാന്നിധ്യമാണ് ഉണ്ടാകുന്ന പ്രധാന വെല്ലുവിളി. സായിയും ഗില്ലും കഴിഞ്ഞാല്‍ ഇന്നിങ്സിന് നട്ടെല്ലാകാൻ കഴിയുന്ന താരത്തിന്റെ അഭാവം പ്ലേ ഓഫിലെത്തുമ്പോള്‍ ഗുജറാത്ത് നിരയിലുണ്ട്. ചെന്നൈക്കും ലക്നൗവിനുമെതിരെ ബട്ട്ലറുണ്ടായിട്ടും മധ്യനിര തകര്‍ന്നടിഞ്ഞിരുന്നു.
സമ്മര്‍ദ സാഹചര്യമുണ്ടായ രണ്ട് മത്സരങ്ങളിലും മധ്യനിരയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനായില്ല. ഫിനിഷറെന്ന തലക്കെട്ടുള്ള രാഹുല്‍ തേവാത്തിയക്ക് സീസണില്‍ കാര്യമായി ഒന്നും ചെയ്യാനും കഴിഞ്ഞിട്ടില്ല. ബൗളിങ്ങിലേക്ക് വന്നാലും ആശങ്കകളുണ്ട്. സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ 200ലധികം റണ്‍സ് വഴങ്ങിയ ടീമാണ് ഗുജറാത്ത്. ഇടവേള കഴിഞ്ഞുള്ള മൂന്നില്‍ രണ്ട് മത്സരങ്ങളിലും അത് സംഭവിച്ചു. മാറ്റമുണ്ടായത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആയിരുന്നു. എന്നിരുന്നാലും അവര്‍ 199 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു.
ഈ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഗുജറാത്തിന് നേടാനായത് 10 വിക്കറ്റുകള്‍ മാത്രമാണ്. റണ്ണൊഴുക്ക് തടയാൻ സാധിച്ചത് പ്രസിദ്ധ് കൃഷ്ണയ്ക്ക് മാത്രമാണ്. ഇവിടെ പ്രധാനമായും ഗുജറാത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയത് റാഷിദ് ഖാനിലാണ്. ആഗോളതലത്തിലുള്ള എല്ലാ ട്വന്റി 20 ലീഗിലും റാഷിദിന്റെ പന്തുകളെ അതിജീവിക്കാൻ പ്രയാസപ്പെടുന്ന ബാറ്റര്‍മാരെ കണ്ടിട്ടുണ്ട്. എന്നാല്‍, ഈ ഐപിഎല്‍ സീസണില്‍ അത്തരമൊരു കാഴ്ചയുണ്ടായില്ല.
14 മത്സരങ്ങളില്‍ നിന്ന് അഫ്ഗാൻ സ്പിന്നര്‍ നേടിയത് ഒൻപത് വിക്കറ്റുകള്‍ മാത്രം. റാഷിദിന്റെ ബ്രില്യൻസിനപ്പുറം ബാറ്റര്‍മാരുടെ പിഴവുകളില്‍ നിന്നായിരുന്നു കൂടുതല്‍ വിക്കറ്റുകളും. റാഷിദിന്റെ എക്കണോമി പത്തിനടുത്താണ്. ഐപിഎല്‍ കരിയറിലെ തന്നെ താരത്തിന്റെ ഏറ്റവും മോശം കണക്കുകളാണ് മേല്‍പ്പറഞ്ഞത്.
റാഷിദ് നിറം മങ്ങിയപ്പോള്‍ സായ് കിഷോറിന്റെ ഉദയം മുൻ ചാമ്പ്യന്മാരെ തുണച്ചു. നേടിയത് 17 വിക്കറ്റുകള്‍. പക്ഷേ, സായിയുടെ എക്കണോമിയും അത്ര ശുഭകരമല്ല. ലീഗിലെ ഏറ്റവും മികച്ച ബൗളറായി വിലയിരുത്തപ്പെടുന്ന പ്രസിദ്ധ് 23 വിക്കറ്റുകള്‍ നേടി. എന്നാല്‍, പ്രസിദ്ധിന്റെ പങ്കാളികളായ മുഹമ്മദ് സിറാജ്, കഗിസൊ റബാഡ എന്നിവരില്‍ നിന്ന് കൃത്യമായ സംഭാവന ഉണ്ടാകുന്നില്ല.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരു വിക്കറ്റ് പോലും നേടാൻ സിറാജിന് സാധിച്ചിട്ടില്ല. ഇടവേളയ്ക്ക് മുൻപ് 15 വിക്കറ്റുകള്‍ നേടിയ സിറാജാണ് ഇപ്പോള്‍ വിക്കറ്റ് കോളത്തില്‍ ഇടം പിടിക്കാതെ നിരാശ സമ്മാനിക്കുന്നത്. റബാഡയുടെ കാര്യവും സമാനമാണ്. ദക്ഷിണാഫ്രിക്കൻ പേസര്‍ ചെന്നൈക്കെതിരെ കളിച്ചില്ലെങ്കിലും ലക്നൗവിനും ഡല്‍ഹിക്കുമെതിരെ വിക്കറ്റ് നേടിയിരുന്നില്ല. സീസണില്‍ ആകെ രണ്ട് വിക്കറ്റാണ് വലം കയ്യൻ പേസറുടെ നേട്ടം.
താരങ്ങളുടെ പിന്നോട്ട് പോക്ക് ഗുജറാത്തിന്റെ ടോപ് ടു ലക്ഷ്യത്തിനും തിരിച്ചടിയായിരിക്കുകയാണ്. പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും അടുത്ത മത്സരങ്ങള്‍ ജയിച്ചാല്‍ എലിമിനേറ്ററിലേക്ക് ഗുജറാത്തിന് എൻട്രി ലഭിക്കും. അല്ലെങ്കില്‍ ഇരുടീമുകളും പരാജയം വഴങ്ങണം.


