പുതിയ താരങ്ങളുടെ കടന്നുവരവും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തില്‍ കണ്ടു. എന്നാല്‍, പ്രതീക്ഷിച്ചിരുന്ന ഒരു പേര് പട്ടികയില്‍ ഉള്‍പ്പെട്ടില്ല
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇനി പുതിയ തുടക്കമാണ്. ശുഭ്മാൻ ഗില്ലെന്ന യുവതാരത്തിന് കീഴിലായിരിക്കും ഇന്ത്യ ടെസ്റ്റിലിറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി, രവി അശ്വിൻ തുടങ്ങിയ ഇതിഹാസങ്ങളുടെ വിടവ് എങ്ങനെ നികത്തുമെന്ന ചോദ്യം മുന്നിലുണ്ട്. പുതിയ താരങ്ങളുടെ കടന്നുവരവും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തില്‍ കണ്ടു. എന്നാല്‍, പ്രതീക്ഷിച്ചിരുന്ന ഒരു പേര് പട്ടികയില്‍ ഉള്‍പ്പെട്ടില്ല. അത് മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാന്റെ ആയിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയായിരുന്നു സര്‍ഫറാസിന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. എന്നാല്‍, ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയില്‍ ഒരു മത്സരത്തില്‍പ്പോലും കളത്തിലെത്താൻ സര്‍ഫറാസിനായില്ല. ഇതിന് പിന്നാലെയാണ് ടെസ്റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ടത്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കായികക്ഷമതയും മെച്ചപ്പെടുത്തിയിരുന്നു സര്‍ഫറാസ്. 10 കിലോയാണ് കുറച്ചത്.
സര്‍ഫറാസിനെ ഒഴിവാക്കിയതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍.
കഠിനമായ തീരുമാനമാണ്. ഇങ്ങനെയാണ് ക്രിക്കറ്റ്. നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ടീമിലെ സ്ഥാനവും ഉറപ്പാക്കണം. നിങ്ങളൊരു സെഞ്ച്വറി നേടിയെങ്കില്‍ അടുത്ത ഇന്നിങ്സിനിറങ്ങുമ്പോള്‍ ആ ഒരു ആനൂകുല്യം മനസിലുണ്ടാകരുത്. വീണ്ടും അതേ പ്രകടനം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. ടീമില്‍ നിന്ന് പുറത്താക്കാനുള്ള അവസരം ആര്‍ക്കും നല്‍കരുത്, ഇന്ത്യ ടുഡെയോട് ഗവാസ്കര്‍ പ്രതികരിച്ചു.
ടീമില്‍ സ്ഥാനം ഉറപ്പിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്. നിങ്ങള്‍ നിരന്തരം വാതില്‍ മുട്ടണം, അത് തുറപ്പിക്കണം. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യമാണുണ്ടായത്. അതിന് ശേഷം രഞ്ജി ട്രോഫിയുണ്ടായിരുന്നു. പക്ഷേ, സര്‍ഫറാസിന് പരുക്ക് പറ്റിയിരുന്നു. അതുകൊണ്ട് കളിക്കാനായില്ല. തന്റെ ഫോം തെളിയിക്കാൻ സര്‍ഫറാസിന് മുന്നില്‍ അവസരമില്ലാതെ പോയി. കഴിഞ്ഞ കുറച്ച് കാലമായി നമ്മള്‍ കാണുന്ന ഒരു പ്രതിഭാസമുണ്ട്. ഒരു പരമ്പരയില്‍ പരാജയപ്പെട്ടാല്‍ ടീമില്‍ ഉള്‍പ്പെട്ട 13, 14, 15 സ്ഥാനങ്ങളിലുള്ള താരങ്ങള്‍ തഴയപ്പെടുന്നുവെന്നത്. അതുകൊണ്ട് ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കണം. ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലൻഡിനെതിരായ സെഞ്ച്വറിക്ക് ശേഷം റണ്‍സ് നേടാൻ സര്‍ഫറാസിന് കഴിഞ്ഞില്ല എന്നതായിരുന്നു മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച കാരണം.


