ഗുവാഹത്തി: മൂന്നാഴ്ചയ്‍ക്കിടെ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ കായികതാരമാണ് ഹിമ ദാസ്. ഹിമയുടെ നേട്ടത്തെ രാജ്യം ഒന്നാകെ അഭിനന്ദിക്കുകയാണ്. എന്നാല്‍ ഹിമ ദാസിന് ചടുലതയും കൃത്യതയും ട്രാക്കില്‍ മാത്രമല്ല പാചകത്തിലുമുണ്ടെന്ന് തെളിയിക്കുന്നതാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ. 

പരിശീലനം ഇല്ലാത്ത ഞായറാഴ്ച ലഭിച്ച ഒഴിവുസമയം പാചകത്തിനായി നീക്കി വെച്ച ഹിമയ്ക്ക് കയ്യടിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. അസം സ്വദേശികളുടെ ഇഷ്ടവിഭവമായ 'അസം സ്റ്റൈല്‍' സ്പെഷ്യല്‍ ദാല്‍ തയ്യാറാക്കുന്ന ഹിമയുടെ വീഡിയോ വൈറലാകുകയാണ്. 

ജൂലൈ രണ്ടിന് പോളണ്ട് ഗ്രാൻപ്രിയില്‍ 200 മീറ്ററിൽ സ്വര്‍ണം നേടിയാണ് ഹിമ കുതിപ്പ് തുടങ്ങിയത്.  ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ഗ്രാൻപ്രീയിലെ 400 മീറ്ററിലാണ് ഹിമാ ദാസ് അഞ്ചാം സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. സീസണില്‍ ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ആദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിച്ചത്.