ക്ലാസിക്കിനൊടുവിലെ ആ തോല്‍വിയില്‍ നിന്ന് സിന്നറെങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ടെന്നീസ് ലോകം ഒന്നടങ്കം ചോദിച്ചു

മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റ്, മറുതലയ്ക്കല്‍ റാക്കറ്റുമായി അതേ മുഖം, നില്‍ക്കുന്നത് കളിമണ്ണിലല്ല, പുല്‍തകിടിയിലാണെന്ന് മാത്രം, 35 ദിവസങ്ങള്‍ക്ക് മുൻപ് കടന്നുപോയ ഒരു നിമിഷം യാനിക്ക് സിന്നറിനെ വീണ്ടും തേടിയെത്തിയിരിക്കുന്നു...അപ്പോള്‍ മനസിലേക്ക് വന്നത് ആ ദൃശ്യങ്ങളായിരുന്നു...

കളിമണ്‍കോര്‍ട്ടിന്റെ ഓരത്തിരുന്ന് കഴിഞ്ഞ അഞ്ച് മണിക്കൂറും 29 മിനുറ്റുകളും എന്താണ് സംഭവിച്ചതെന്ന് വായിച്ചെടുക്കാനാവാതെ സ്തംഭിച്ചിരിക്കുന്ന ഒരാള്‍. ഇടക്ക് മുഖം മൂടുന്നു, കൈകള്‍ തലയില്‍ വെക്കുന്നു, കണ്ണീരുതുടയ്ക്കുന്നു. പൂര്‍ണമായും തകര്‍ന്നൊരു മനുഷ്യന്റെ ശരീരഭാഷയായിരുന്നു അയാളില്‍. ഗ്യാലറിയില്‍ ഒരു കണ്ണാടിയിലെന്നപോലെ അതേ വികാരങ്ങള്‍ പ്രതിഫലിപ്പിച്ച ഒരു അമ്മയുമുണ്ടായിരുന്നു. വടക്കൻ ഇറ്റലിയിലെ മഞ്ഞുപുതച്ച താഴ്‌വരയില്‍ ജനിച്ച സിന്നറിന്റെ ശരീരത്തേക്ക് ഒരിക്കലുമില്ലാത്തവിധം തണുപ്പിരച്ച് കയറിയിട്ടുണ്ടാകണം അന്ന്.

രണ്ട് സെറ്റും മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റും കൈവശമുണ്ടായിരുന്നു സിന്നറിന്. ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ ഒരു കൈ പതിഞ്ഞിരുന്നു. റോളണ്ട് ഗാരോസിന് തന്റെ ഓരോ വിയര്‍പ്പ് തുള്ളിയും നല്‍കിയവന്റെ പിന്‍ഗാമി കാര്‍ലോസ് അല്‍ക്കാരസ് അസാധ്യമെന്ന് തോന്നിച്ച ഒരു നിമിഷം അവിടെ സാധ്യമാക്കിയതിന്റെ ബാക്കി പത്രമായിരുന്നു മേല്‍പറഞ്ഞ കാഴ്ച. ക്ലാസിക്കിനൊടുവിലെ ആ തോല്‍വിയില്‍ നിന്ന് സിന്നറെങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ടെന്നീസ് ലോകം ഒന്നടങ്കം ചോദിച്ചു, അതിനുത്തരമായിരിക്കുന്നു. Success is born from the fight against failure!

ആ തോല്‍വിയോട് സിന്നര്‍ മത്സരിക്കുകയായിരുന്നു, തോല്‍വിയെ ജയിക്കുകയായിരുന്നു. ടെന്നീസിന്റെ വിശുദ്ധ ഭൂമിയിലെ രണ്ട് വാരത്തിന് ശേഷം തന്റെ റാക്കറ്റില്‍ തലകുമ്പിട്ട് സിന്നിർ ഒരു നിമിഷം ഇരുന്നു. ശേഷം പുല്‍തകടിയിലൊന്ന് തലോടി. ടെന്നീസിന്റെ ഉരകല്ലെന്ന് വിശേഷിപ്പിക്കുന്ന വിംബിള്‍ഡണിലെ സെന്റർ കോർട്ടില്‍ സിന്നർ തന്റെ മാറ്റ് തെളിയിച്ചിരിക്കുന്നു. റോളണ്ട് ഗാരോസില്‍ തന്നെ നിശ്ചലനാക്കിയ അല്‍ക്കാരസിന്റെ മുഖത്ത് നിരാശ. അല്‍ക്കാരിന്റെ മൂന്നാം കിരീടം എന്ന സ്വപ്നം ബാക്കിയാകുകയാണ്. സിന്നറിന്റെ ടീം ബോക്‌സില്‍ ആ അമ്മയുടെ ഭാവം ഇത്തവണയും ഒരു പ്രതിഫലനമായിരുന്നു, ആനന്ദത്തിന്റെ.

തന്റെ കരിയറിലെ ഏറ്റവും വലിയ മത്സരത്തിനായിരുന്നു സിന്നർ ഇന്നലെ സെന്റർ കോര്‍ട്ടിലേക്ക് നടന്നെത്തിയത്. അല്‍ക്കാരസിന് മുന്നിലൊരു കീഴടങ്ങല്‍ക്കൂടി, അത് ചിന്തിക്കാനാകുന്നതായിരുന്നില്ല. ഫ്രഞ്ച് ഓപ്പണില്‍ ജനിച്ചുവീണ ടെന്നീസിലെ പുതുയുഗത്തിന്റെ മറ്റൊരു അധ്യായം. പക്ഷേ, റോളണ്ട് ഗാരോസില്‍ നിന്ന് തീർത്തും വ്യത്യസ്തനായൊരു സിന്നര്‍. ഫൈനലിനെത്തുമ്പോള്‍ ടൂർണമെന്റില്‍ ദിമിത്രോവിനോട് മാത്രമാണ് സെറ്റുകള്‍ നഷ്ടമായത്, കൈമുട്ടിലെ പരുക്കിനേയും ജോക്കോവിച്ചെന്ന അതികായനെയും കടന്നായിരുന്നു അല്‍ക്കാരസിന് മുന്നിലേക്ക് എത്തിയത്.

ആദ്യ ബ്രേക്ക് സിന്നർ സ്വന്തമാക്കുന്നു, 4-2ന് പിന്നില്‍ നിന്ന ശേഷം അല്‍ക്കാരസ് ആ സെറ്റ് നേടി, ശേഷം സെന്റർ കോര്‍ട്ടിലെ ഗ്യാലറിയിലേക്ക് കാതോര്‍ത്തു. ഈ ദൃശ്യം സിന്നറിനെ അളന്നുമുറിച്ച് അല്‍ക്കാരസ് കീഴടക്കുന്നതിന് മുൻപ് റോളണ്ട് ഗാരോസില്‍ കണ്ടിരുന്നു, അതിന്റെ ആവര്‍ത്തനത്തിന്റെ സൂചനപോലെയായിരുന്നു തോന്നിയത്. പക്ഷേ, ഫ്രഞ്ച് ഓപ്പണിലെ ക്ലാസിക്കിനായിരുന്നില്ല വിംബിള്‍ഡണ്‍ സാക്ഷിയായത്. മറിച്ച് മെല്ലെ എരിഞ്ഞ് തുടങ്ങി ഒരു വലിയ ആളിക്കത്തലിലേക്ക് എത്താത്ത, ഒരുപക്ഷേ ഇരുവരും ഏറ്റുമുട്ടിയതില്‍ ഏറ്റവും ഫ്ലാറ്റായൊരു മത്സരം.

രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ബ്രേക്ക് നേടിയ സിന്നര്‍ പിന്നീട് വളരെ കംപോസ്‌ഡായാണ് കണ്ടത്. ബേസ്‌ലൈനില്‍ അല്‍ക്കാരസിനേക്കാള്‍ ബഹുദൂരം മുന്നില്‍. പുല്‍കോർട്ടില്‍ സിന്നറിനേക്കാള്‍ പരിചയസമ്പത്തുണ്ട് സ്പാനിഷ് താരത്തിന്, ഒരുപക്ഷേ നിലവില്‍ ടോപ് ക്വാളിറ്റി ടെന്നീസ് പുറത്തെടുത്താല്‍ അല്‍ക്കാരസിനൊപ്പം എത്താൻ പോലും മറ്റാര്‍ക്കുമായേക്കില്ല. പരിചയസമ്പത്തിനേയും ആധിപത്യത്തേയും സിന്നര്‍ ഓർമവെച്ചകാലം മുതല്‍ പിന്നിലാക്കുന്നതാണ്, അന്ന് റാക്കറ്റ് കൊണ്ടായിരുന്നില്ല, മറിച്ച് സ്കീയിങ്ങിലായിരുന്നു.

സ്കീയിങ്ങിന് വേരുറപ്പുള്ള മണ്ണില്‍ ജനിച്ച സിന്നര്‍ 10 വയസിനുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും മികച്ച ജൂനിയര്‍ താരങ്ങളിലൊരാളായിരുന്നു. അതും മഞ്ഞിലെ ഒഴുക്കും വഴക്കുവുമെല്ലാം കൈമുതലാക്കിയവരെ. കലാശപ്പോരില്‍ ദൈര്‍ഘ്യമേറിയ റാലികളില്‍ നിന്ന് പോയിന്റ് നേടുക എന്ന ശൈലിക്കായിരുന്നില്ല ആദ്യം ഇരുവരും മുതിര്‍ന്നത്, മറിച്ച് വിന്നറുകള്‍ അതിവേഗം സൃഷ്ടിക്കുക എന്നതിലായിരുന്നു. അല്‍ക്കരസിന്റെ ബ്രില്യൻസുകള്‍ പിറന്നെങ്കിലും തനിക്ക് മുകളില്‍ ഒരു ചുവട് പോലും വെക്കാൻ സിന്നര്‍ അനുവദിച്ചിരുന്നില്ല.

അളന്ന് മുറിച്ചുള്ള സർവുകള്‍, ഫോര്‍ഹാൻഡ് ക്രോസ് കോര്‍ട്ട്, ബാക്ക് ഹാൻഡ് ക്രോസ് കോര്‍ട്ട്, കൃത്യതയാര്‍ന്ന റിട്ടേണുകള്‍...സിന്നറിന്റെ റാക്കറ്റിന് മുന്നില്‍ അല്‍ക്കാരസിന്റെ നിറം മങ്ങുകയായിരുന്നു. ഫസ്റ്റ് സർവിലും സെക്കൻഡ് സർവിലും പോയിന്റ് നേടുന്നതില്‍ സിന്നര്‍ മുന്നില്‍. മറുവശത്ത് ഫസ്റ്റ് സര്‍വുകളില്‍ പിഴയ്ക്കുന്ന അല്‍ക്കാരസ്, ഫോനീനിക്കെതിരെ കണ്ടതിന്റെ ആവ‍ര്‍ത്തനം. മൂന്ന് നാല് സെറ്റുകളില്‍ 44 ശതമാനമായിരുന്നു അല്‍ക്കാരസിന്റെ ഫസ്റ്റ് സർവ് ശതമാനം.

എന്തിന് നെറ്റ് പ്ലേയും എലഗൻസ് നിറഞ്ഞ ഡ്രോപ് ഷോട്ടുകളും അല്‍ക്കാരസിനെ കൈവിടുകയായിരുന്നു. മറിച്ച് നെറ്റ് പ്ലേയിലും കോർ‍ട്ട് കവറിങ്ങിലും സിന്നര്‍ കൂടുതല്‍ പ്രോ ആക്റ്റീവായിരുന്നു. അല്‍ക്കാരസ് അറ്റാക്കിങ് മെന്റാലിറ്റി പുറത്തെടുത്തപ്പോള്‍ കൗണ്ടര്‍ അറ്റാക്കിങ്ങായിരുന്നു സിന്നറിന്റെ മറുപടി.

നാലാം സെറ്റില്‍ തോല്‍വിക്കരികില്‍ നില്‍ക്കുമ്പോഴും അല്‍ക്കാരസ് തന്റെ ശരീരം മുഴുവൻ സമര്‍പ്പിച്ചു. എങ്കിലും റോളണ്ട് ഗാരോസ് ആവര്‍ത്തിക്കാൻ സിന്നർ അവസരമൊരുക്കിയില്ല. അഗ്രസീവ്‌നെസും അക്യുറസിയും കണ്‍സിസ്റ്റൻസിയും ഒത്തുചേര്‍ന്ന സിന്നറിന്റെ പേര് വിംബിള്‍ഡണിന്റെ ഹോണ‍ര്‍ ബോ‍‍ര്‍ഡിലേക്ക്.

ഒടുവില്‍ വീണ്ടെടുപ്പ് പൂര്‍ണതയിലെത്തുമ്പോള്‍ സിന്നര്‍ പറഞ്ഞു. പാരീസിലെ തോല്‍വിക്ക് പിന്നാലെ കോര്‍ട്ടിനകത്തും പുറത്തും ഞാൻ അനുഭവിച്ചത് എന്തായിരുന്നുവെന്ന് എനിക്ക് ഒപ്പമുള്ളവർക്ക് മാത്രമാണ് അറിയുന്നത്. ഒരുകാര്യം മാത്രം, ഒന്നും എളുപ്പമായിരുന്നില്ല. പാരീസിലെ അഞ്ചര മണിക്കൂറിന് വിംബിള്‍ഡണില്‍ മൂന്ന് മണിക്കൂറില്‍ സിന്നറിന് മോക്ഷം. ചിരിയോടെ കൈകൊടുത്ത് സിന്നറും അല്‍ക്കാസും സെന്റര്‍ കോര്‍ട്ട് വിടുമ്പോള്‍ വരുകാലം എന്തെന്ന് വരച്ചിടുകയായിരുന്നു.