വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ട് താരം ഇഗാ സ്വിയാതെക്കിന്. യുഎസ് താരം അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകളില്‍ (6-0, 6-0) തകര്‍ത്താണ് ഇഗ വിംബിള്‍ഡണില്‍ കന്നി കിരീടത്തില്‍ മുത്തമിട്ടത്.

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ട് താരം ഇഗാ സ്വിയാതെക്കിന്. കിരീടപ്പോരില്‍ ഒരു ഗെയിം പോലും വിട്ടുനല്‍കാതെ യുഎസ് താരം അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകളില്‍(6-0, 6-0) തകര്‍ത്താണ് ഇഗ വിംബിള്‍ഡണില്‍ കന്നി കിരീടത്തില്‍ മുത്തമിട്ടത്.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം അരീന സബലെങ്കയെ അട്ടിമറിച്ചെത്തിയ അമാന്‍ഡക്ക് ഫൈനലില്‍ ഒന്ന് പൊരുതി നോക്കാന്‍ പോലും അവസരം നല്‍കാതെയാണ് ഇഗയുടെ കിരീടധാരണം. വെറും 57 മിനിറ്റുകൊണ്ടാണ് ഇഗ അമാന്‍ഡയെ വീഴ്ത്തി കിരീടത്തില്‍ മുത്തമിട്ടത്. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമെന്ന റെക്കോര്‍ഡും ഇഗ സ്വന്തമാക്കി.

Scroll to load tweet…

1911നുശേഷം വിംബിള്‍ഡണ്‍ വനിതാ ഫൈനലില്‍ ഒരു ഗെയിം പോലും വിട്ടുനല്‍കാതെ ഒരു താരം കിരീടം നേടുന്നത് ഇതാദ്യമാണ്. ഫ്രഞ്ച് ഓപ്പണില്‍ നാലും യുഎസ് ഓപ്പണില്‍ ഒരു തവണയും കിരീടം നേടിയിട്ടുള്ള ഇഗയുടെ ആറാം ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. കളിച്ച ഗ്രാന്‍സ്ലാം ഫൈനലുകളിലെല്ലാം കിരീടം നേടിയെന്ന അപൂര്‍വ നേട്ടവും ഇഗ ഇന്ന് സ്വന്തമാക്കി.

Scroll to load tweet…

ആദ്യ സെറ്റ് വെറും 25 മിനിറ്റില്‍ 6-0ന് സ്വന്തമാക്കിയപ്പോള്‍ തന്നെ മത്സരത്തിന്‍റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ച അമാന്‍ഡക്ക് സെമിയിലെ അട്ടിമറിവീര്യം ആവര്‍ത്തിക്കാന്‍ ഫൈനലില്‍ കഴിയാതിരുന്നതോടെ മത്സരം ഏകപക്ഷീയമായി. 2016നുശേഷം വിംബിൾഡണില്‍ കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ വനിതാ താരമെന്ന ചരിത്രനേട്ടമാണ് അമാന്‍ഡക്ക് നഷ്ടമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക