ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മാന്യതയുടെ പ്രതിരൂപമാണ് ആശിഷ് നെഹ്റ. എതിരാളികളോട് പോലും പ്രകോപിതനാവാത്ത കളിക്കാരന്‍. ബൗണ്ടറി അടിച്ചാല്‍ പ്രകോപിതനാവുകയോ വിക്കറ്റ് വീഴ്ത്തിയാല്‍ അമിത ആവേശം പുറത്തെടുക്കുകയോ ചെയ്യില്ല. വിക്കറ്റെടുത്താല്‍ ചൂണ്ടൂവിരല്‍ വായുവില്‍ ഉയര്‍ത്തിയുള്ള പതിവ് ആവേശപ്രകടനം മാത്രം. ബൗണ്ടറിയടിച്ചാലോ തോളൊന്ന് കുലുക്കി ജേഴ്സിയുടെ കൈ വീണ്ടുമൊന്ന് തെറുത്തുകയറ്റി തലകുനിച്ച് തിരിച്ചു നടക്കും.

കരിയറിന്റെ തുടക്കകാലത്തെ കഷ്ടപ്പാടിന്റെ നീണ്ട ഇന്നിംഗ്സായിരിക്കും ഒരുപക്ഷെ  നെഹ്റയെ ഇത്രയും ശാന്തസ്വഭാവിയായ കളിക്കാരനാക്കിയത്. എന്തായാലും പ്രതിസന്ധികളെ എറിഞ്ഞുതോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീമില്‍ പന്തെറിയാന്‍ എത്തിയതെന്ന് തുറന്നുപറയുകയാണ് ആശിഷ് നെഹ്റ. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുടെ ആകാശവാണി എന്ന പരിപാടിയിലാണ് ആശിഷ് നെഹ്റ മനസുതുറന്നത്.


1999ല്‍ ശ്രീലങ്കക്കെതിരായ പരമ്പരയിലാണ് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് എനിക്ക് വിളി എത്തുന്നത്. അന്ന് ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജന്‍ സിംഗ് ഒഴികെ ആരെയും എനിക്ക് പരിചയമില്ല. അതുകൊണ്ടുതന്നെ ടീം ഹോട്ടലില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം അന്വേഷിച്ചത് ഹര്‍ഭജന്റെ മുറി എവിടെ എന്നായിരുന്നു. ടീമിന്റെ പരിശീലനസമയത്തും ഞാന്‍ എപ്പോഴും ഹര്‍ഭജന്റെ അടുക്കല്‍ പോയിരിക്കും.

Alos Read: വിരാട് കോലിക്കെതിരെ തുറന്നടിച്ച് ആശിഷ് നെഹ്റ

ടെസ്റ്റിനിടെ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയവർക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ടത് വ്യത്യസ്തമായ അനുഭവമായിരുന്നു. ആദ്യം കണ്ടപ്പോൾ ഏതാനും മിനിറ്റുകൾ ഞാൻ അസ്ഹറുദ്ദീനെയും സച്ചിനെയും നോക്കിനിന്നുപോയി. അതുവരെ അവരെയൊക്കെ ടിവിയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. അന്ന് ഐപിഎല്ലൊന്നുമില്ലല്ലോ. ഞാൻ ടീമിലെത്തുമ്പോൾ ടീമിലെ പലരും എന്റെ ബൗളിംഗ് കണ്ടിട്ടുകൂടിയുണ്ടായിരുന്നില്ല. അന്ന് ആഭ്യന്തര മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന പതിവില്ലായിരുന്നല്ലോ.


അന്ന് അദ്യമായാണ് ഞാന്‍ കൂക്കബുറ പന്ത് കൈകൊണ്ട് തൊടുന്നത്. ടെസ്റ്റിന് മുമ്പുള്ള പരിശീലന സെഷനിലാണ് ഞാന്‍ കൂക്കബുറ പന്ത് ഉപയോഗിച്ച് ആദ്യമായി ബൗള്‍ ചെയ്തത്. വെറും രണ്ട് പരിശീലന സെഷനുകളില്‍ കൂക്കബുറ പന്ത് ഉപയോഗിച്ചതിന്റെ പരിചയത്തിലാണ് ഞാന്‍ ശ്രീലങ്കക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ പന്തെറിയാനിറങ്ങിയത്.

അരങ്ങേറ്റ ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ എന്റെ കൈവശം ആകെയുണ്ടായിരുന്നത് കീറിപ്പറിഞ്ഞ ഒരു ജോഡി ഷൂ മാത്രമാണ്. മത്സരത്തിനിടെ പലതവണ അതിലെ തുന്നലുകള്‍ വിട്ടു. ഇന്നിംഗ്സ് ബ്രേക്ക് സമയത്ത് ഡ്രസ്സിംഗ് റൂമില്‍ പോയി ഞാനത് തുന്നിയെടുത്തു. ആദ്യമായി രഞ്ജി ട്രോഫിയില്‍ കളിച്ചപ്പോള്‍ ധരിച്ചിരുന്ന ഷൂ തന്നെയായിരുന്നു അത്.   അരങ്ങേറ്റ ടെസ്റ്റിലും അതുതന്നെയായിരുന്നു ഞാനിട്ടത്. ഭാഗ്യവശാല്‍ ആ ടെസ്റ്റ് മുഴവന്‍ ആ ഷൂ അതിജീവിച്ചു.


തുടക്കകാലത്ത് പരിശീലകനെ ഡല്‍ഹിയിലെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാനായി ഞങ്ങള്‍ സംഘമായി പോവാറുണ്ട്. സ്റ്റേഷനിലെത്തുമ്പോള്‍ കോച്ച് ഞങ്ങളോട് പലതരത്തിലുള്ള ബൗളിംഗ് ആക്ഷനുകള്‍ കാണിക്കാന്‍ പറയും. അവിടെ കിടക്കുന്ന കല്ലുകള്‍ എടുത്തെറിഞ്ഞായിരുന്നു തങ്ങള്‍ ബൗളിംഗ് ആക്ഷന്‍ കാണിച്ചുകൊടുത്തിരുന്നതെന്നും നെഹ്റ പറഞ്ഞു.

Alos Read: അവനെ എനിക്കറിയാം, ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട; ധോണിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

1999ൽ ഏഷ്യൻ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് നെഹ്റ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്.  2017ലാണ് നെഹ്റ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്  വിരമിച്ചത്. ഇതിനിടെ രണ്ടു ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി കളിച്ചു. 2003ലും 2011ലും. 120 ഏകദിനങ്ങളിൽനിന്ന് 157 വിക്കറ്റും 17 ടെസ്റ്റുകളിൽനിന്ന് 44 വിക്കറ്റും 27 ട്വന്റി20കളിൽനിന്ന് 34 വിക്കറ്റും നെഹ്റ വീഴ്ത്തി.