രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ബാറ്റിങ് നിരയില്‍ ഇന്ത്യയ്ക്ക് ആശങ്കകളുണ്ടാകില്ല
എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിന് മുന്നോടിയായി ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം ജസ്പ്രിത് ബുമ്ര കളിക്കുമോ ഇല്ലയോ എന്നതാണ്. അവസാന നിമിഷമായിരിക്കും അന്തിമ തീരുമാനമെന്ന് മാനേജ്മെന്റ് തന്നെ പറയുന്നു. ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലേക്ക് ഒരു നിമിഷം. പരമ്പരയിലെ അഞ്ച് ടെസ്റ്റില്‍ 32 വിക്കറ്റുകളാണ് ബുമ്ര നേടിയത്. ഓസ്ട്രേലിയൻ മണ്ണില്‍ കമ്മിൻസ്, സ്റ്റാര്‍ക്ക്, ബോളണ്ട്, ഹേസല്‍വുഡ് എന്നിവരേക്കള്‍ മുകളിലായിരുന്നു ഇന്ത്യൻ പേസറുടെ പ്രകടനം. എന്നിട്ടും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കാതെ പോയി.
ബിര്‍മിങ്ഹാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലായി ആറ് അസാധ്യ പ്രകടനങ്ങള്‍. അഞ്ച് സെഞ്ച്വറികളും ഒരു അഞ്ചുവിക്കറ്റും. ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ വിരളമായി മാത്രം കാണുന്നതാണ് ഇത്തരം സാഹചര്യങ്ങള്‍. ഇവിടെയും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. കാരണം ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകള്‍ എടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മറുവശത്ത് ഇംഗ്ലണ്ട് നിരയിലേക്ക് നോക്കാം. ബുംറയുടെ ക്വാളിറ്റിയുള്ള ഒരു പേസര്‍പോലും സ്റ്റോക്ക്‌സിന്റെ നിരയിലില്ല. എങ്കിലും രണ്ട് ഇന്നിങ്സിലും ഇന്ത്യയെ ഓള്‍ ഔട്ടാക്കാൻ സാധിച്ചു.
രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ബാറ്റിങ് നിരയില്‍ ഇന്ത്യയ്ക്ക് ആശങ്കകളുണ്ടാകില്ല. സായ് സുദര്‍ശനും കരുണ്‍ നായരിനും അവസരം നിഷേധിക്കപ്പെടുകയുമില്ല. ബുമ്രയില്ലെങ്കിലും ഉണ്ടെങ്കിലും ഇന്ത്യ എങ്ങനെ ബൗളിങ് നിരയെ പരുവപ്പെടുത്തുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും സാധ്യതകള്‍. എഡ്‌ജ്‌ബാസ്റ്റണിലെ വിക്കറ്റ് പരമ്പരാഗതമായി ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ്, എത്രത്തോളം മാറ്റം ഇത്തവണ ഉണ്ടാകുമെന്നതില്‍ പൂര്‍ണമായൊരു ചിത്രം ലഭിച്ചിട്ടില്ല.
44 ഓവറുകള്‍ ബിര്‍മിങ്ഹാമിലെറിഞ്ഞ് അഞ്ച് വിക്കറ്റ് നേടിയ ബുമ്രയ്ക്ക് എഡ്‌ജ്‌ബാസ്റ്റണില്‍ എത്തുമ്പോള്‍ ജോലിഭാരം കൂടുമെന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും ഫ്ലാറ്റ് വിക്കറ്റ് ആണെങ്കില്‍. ഇവിടെ ബുംറ കളിക്കേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. ഇല്ല എന്ന് തന്നെയാകും ചിന്തിക്കുമ്പോള്‍ തോന്നുക. ബുംറയില്ലാതെ ഇറങ്ങുന്ന ഇന്ത്യ ലക്ഷ്യമിടുക 20 വിക്കറ്റ് എടുക്കാൻ കെല്‍പ്പുള്ള ഒരു ബൗളിങ് നിരയെ ഒരുക്കുക എന്നതാണ്.
മൂന്ന് ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രണ്ട് സ്പിന്നര്‍, മൂന്ന് പ്രോപ്പര്‍ പേസര്‍ കോമ്പിനേഷൻ. അല്ലെങ്കില്‍ ഒരു സ്പിന്നര്‍ നാല് പ്രോപ്പര്‍ പേസര്‍ കോമ്പിനേഷൻ. ഇനിയുള്ളത് ഒരു സ്പിന്നര്‍, ഒരു ഓള്‍റൗണ്ടര്‍ പേസര്‍, മൂന്ന് പ്രോപ്പര്‍ പേസര്‍.
രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്. ബിര്‍മിങ്ഹാമില്‍ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടഞ്ഞത് ജഡേജയുടെ കൃത്യതയായിരുന്നു. വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടു. പക്ഷേ, ജഡേജയുടെ പരിചയസമ്പത്തില്‍ നിന്ന് മാറിചിന്തിക്കാൻ ഇന്ത്യ തയാറായേക്കില്ല. പ്രത്യേകിച്ചും ബാറ്റുകൊണ്ട് ഒരു സെഞ്ച്വറിയുള്‍പ്പെടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ സംഭാവന ചെയ്ത സാഹചര്യത്തില്‍. ഇത്തവണയും ജഡേജയെന്ന ബാറ്റര്‍ രണ്ടാം ഇന്നിങ്സില്‍ ഉപയോഗപ്രദമായി.
അവശേഷിക്കുന്നത് സുന്ദറും കുല്‍ദീപുമാണ്. എഡ്‌ജ്ബാസ്റ്റണിലെ വിക്കറ്റും ഓള്‍ റൗണ്ട് മികവും സുന്ദറിനാണ് മുൻതൂക്കം നല്‍കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും സുന്ദര്‍ കളിക്കുമെന്ന തരത്തിലാണ്. പക്ഷേ, കുല്‍ദീപിന്റെ വിക്കറ്റ് ടേക്കിങ്ങ് എബിലിറ്റി അറ്റാക്കിങ് തന്ത്രവും സമീപകാലത്ത് ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങുകയാണെങ്കില്‍ ഗൗതം ഗംഭീറിനും ശുഭ്മാൻ ഗില്ലിനും കടുത്ത ആശയക്കുഴപ്പമായിരിക്കും ഇരുവരും നല്‍കുക.
ഇനി ഒരു സ്പിന്നര്‍ നാല് പ്രോപ്പര്‍ പേസര്‍ കോമ്പിനേഷൻ, മറിച്ചുള്ള ചിന്തകളില്ല. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്, ആകാശ് ദീപ്. ഇവിടെ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്താനുള്ള അവസരം ഒരുക്കാനാകും. പക്ഷേ ബാറ്റിങ് നിരയുടെ ആഴത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ടെയില്‍ എൻഡ് കളിയിലേക്ക് വന്നപ്പോള്‍ രണ്ട് ഇന്നിങ്സിലുമായി 71 റണ്‍സ് ചേര്‍ക്കുന്നതിനിടെ 13 വിക്കറ്റാണ് വീണത്. അതുകൊണ്ട് ഒരു ഓള്‍ റൗണ്ടറെ പേസ് നിരയിലേക്ക് എത്തിക്കാൻ ഇന്ത്യ താല്‍പ്പര്യപ്പെട്ടേക്കും.
ഇവിടെയാണ് മൂന്നാമത്തെ കോമ്പിനേഷൻ. ഒരു സ്പിന്നര്‍, ഒരു പേസ് ഓള്‍ റൗണ്ടര്‍, മൂന്ന് പ്രോപ്പര്‍ പേസര്‍മാര്‍. ശാര്‍ദൂര്‍ താക്കൂറിന്റെ സ്ഥിരതയില്ലായ്മ ആദ്യ ടെസ്റ്റില്‍ തെളിഞ്ഞതാണ്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ സാധ്യതകളാണ് ഇതോടെ വര്‍ധിച്ചത്. രണ്ട് ഇന്നിങ്സിലുമായി ശാര്‍ദൂലിന് സ്കോര്‍ബോര്‍ഡിലേക്ക് 10 റണ്‍സുപോലും സംഭാവന ചെയ്യാനുമായില്ല, എറിഞ്ഞ ഓവറുകളുടെ എണ്ണവും ചുരുക്കമായിരുന്നു. ഇങ്ങനെയെങ്കില്‍ നിതീഷിനായിരിക്കും അതുകൊണ്ട് രണ്ടാം ടെസ്റ്റില്‍ ആദ്യ ഇലവനിലേക്ക് എത്താനാകുക.
ഒരു സ്പിന്നര്‍ വരുന്ന ബൗളിങ് കോമ്പിനേഷനുകളാണ് ഇംഗ്ലണ്ടില്‍ പൊതുവെ കണ്ടുവരുന്ന ശൈലി. ഇംഗ്ലണ്ട് പോലും പിന്തുടരുന്നത് അതുതന്നെയാണ്. ആദ്യ ടെസ്റ്റില്‍ നിന്ന് മാറ്റമില്ലാത്ത ഇലവനുമായാണ് സ്റ്റോക്ക്‌സ് ഇറങ്ങുന്നതും. പക്ഷേ, രണ്ട് സ്പിന്നര്‍മാര്‍ ഇന്ത്യൻ നിരയിലുണ്ടായേക്കുമെന്നാണ് ബാറ്റിങ് പരിശീലകൻ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മൂന്ന് പ്രോപ്പര്‍ പേസര്‍മാരെയുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത. ഇവിടേക്ക് രണ്ടാം സ്പിന്നറായി സുന്ദര്‍ എത്തുകയാണെങ്കില്‍ ബാറ്റിങ് ഡെപ്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായും വരില്ല.


