ഇംഗ്ലണ്ടില്‍ ഒരു പരമ്പര ജയിക്കുക എന്നത് അത്രത്തോളം കഠിനമായ ഒന്നാണ്, പല ഇതിഹാസ സംഘങ്ങള്‍ക്കു പോലും സാധിക്കാതെ പോയ ഒന്ന്
പരിചയസമ്പന്നരുടെ കുറവ്, ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍, പുതിയ നായകനും യുവനിരയും, മറുവശത്ത് ബാസ് ബോള്‍...ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ശുഭ്മാൻ ഗില്ലിനും സംഘത്തിനും മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. 2007ന് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര നേടിയിട്ടില്ല എന്നതും ഈ പട്ടികയിലേക്ക് ഉള്‍പ്പെടും. എങ്കിലും ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് ഒരു അവസരം കൂടിയാണ്, ഗംഭീര്‍ പറഞ്ഞതുപോലെ ‘an opportunity to do something special’.
ഇംഗ്ലണ്ടില്‍ ഒരു പരമ്പര ജയിക്കുക എന്നത് അത്രത്തോളം കഠിനമായ ഒന്നാണ്, പല ഇതിഹാസ സംഘങ്ങള്‍ക്കു പോലും സാധിക്കാതെ പോയ ഒന്ന്. പക്ഷെ, ഗില്ലിന് മുന്നില്‍ മറ്റൊരു ടീമിനും ലഭിക്കാത്ത ചെറിയ ആനുകൂല്യമുണ്ട്. എല്ലാ ഘടകങ്ങളും ചരിത്രവും എതിരാകുമ്പോഴാണിത്. ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സമീപകാലത്തെ ഏറ്റവും പരിചയസമ്പന്നത കുറഞ്ഞ ബൗളിങ് നിരയുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ക്രിസ് വോക്ക്‌സ് നയിക്കുന്ന നിരയില്‍ ബ്രൈഡൻ കാഴ്‌സ്, ജോഷ് ടങ്, ഷോയിബ് ബഷീര്‍ എന്നിവരാണ് പ്രധാന ബൗളര്‍മാര്‍. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ബെൻ സ്റ്റോക്ക്‌സിന്റെ സംഭാവനകളും ചേര്‍ക്കപ്പെടും. സ്റ്റോക്ക്‌സിനെ മാറ്റി നിര്‍ത്തിയാല്‍ വോക്ക്‌സാണ് കൂട്ടത്തിലെ ഏറ്റവും പരിചയസമ്പന്നനായ താരം. ഇതുവരെ 57 ടെസ്റ്റുകളാണ് ത്രി ലയണ്‍സിനായി വലം കയ്യൻ പേസര്‍ കളിച്ചിട്ടുള്ളത്. മറ്റ് മൂന്ന് പേരുടെ ആകെ മത്സര പരിചയം പോലും 24 മാത്രമാണ്.
ഇക്കാരണത്താല്‍ തന്നെ വോക്ക്‌സിന്റെ പ്രകടനം ഇംഗ്ലണ്ടിന് നിര്‍ണായകമാകും, വോക്ക്‌സിന നേരിടുന്നത് ഇന്ത്യക്കും. ഇംഗ്ലീഷ് കണ്ടീഷനുകളില്‍ വോക്ക്‌സ് എത്രത്തോളം അപകടകാരിയാണെന്നത് താരത്തിന്റെ വിക്കറ്റുനേട്ടം പറയും. വിദേശവിക്കറ്റുകളില്‍ ഇതുവരെ തിളങ്ങാൻ കഴിയാത്ത താരമാണ് വോക്ക്‌സ്. പക്ഷേ, സ്വന്തം മണ്ണില്‍ 34 മത്സരങ്ങളില്‍ നിന്ന് 137 വിക്കറ്റുകളാണ് നേട്ടം. 21 ശരാശരിയിലാണ് പ്രകടനം.
ഇന്ത്യക്കെതിരെ ഇംഗ്ലണ്ടില്‍ ആറ് കളികളില്‍ നിന്ന് 20 വിക്കറ്റും പേരിലുണ്ട്. ബെൻ സ്റ്റോക്ക്‌സിന് കീഴിലാണ് കരിയറിലെ ഏറ്റവും മികച്ച സ്ഥിരതയും താരം പുലര്‍ത്തുന്നത്. പരുക്കില്‍ നിന്നുള്ള മടങ്ങിവരവാണെങ്കിലും വോക്ക്‌സ് ഇന്ത്യ എയ്ക്കെതിരെ മികവ് പുറത്തെടുത്തിരുന്നു. ജയ്സ്വാളും അഭിമന്യുവും കരുണുമായിരുന്നു വോക്ക്‌സിന് കീഴടങ്ങിയത്. കരുണിനേയും അഭിമന്യുവിനേയും രണ്ട് ഇന്നിങ്സുകളിലും പറഞ്ഞയക്കാനുമായി.
ബ്രൈഡൻ കാഴ്‌സ് ഇതുവരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. പാകിസ്ഥാൻ, ന്യൂസിലൻഡ് പര്യടനങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ന്യൂസിലൻഡ് പരമ്പരയില്‍ ക്രിസ് വോക്ക്‌സിന്റെ സാന്നിധ്യമുണ്ടായിരുന്നതും തിളങ്ങിയത് കാഴ്‌സായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളുമായി തിളങ്ങി. ഹാമില്‍ട്ടണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ മാത്രമായിരുന്നു കാഴ്‌സ് വിക്കറ്റെടുക്കാതിരുന്നത്. ഇംഗ്ലണ്ടിലെ കാഴ്‌സിന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കൂടിയായിരിക്കും ലീഡ്‌സിലേത്.
135-145 റെയ്ഞ്ചില്‍ ക്ലിക്ക് ചെയ്യുന്ന പേസറാണ് ജോഷ് ടങ്. 2023ല്‍ അരങ്ങേറിയ ടങ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആകെ കളിച്ചത് മൂന്ന് മത്സരങ്ങള്‍ മാത്രമാണ്. ആറ് ഇന്നിങ്സുകളില്‍ നിന്ന് 12 വിക്കറ്റുകള്‍. കാഴ്‌സില്‍ നിന്ന് വ്യത്യസ്തമായി മുന്ന് ടെസ്റ്റുകളും ടങ് കളിച്ചത് ഇംഗ്ലണ്ടിലായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകള്‍ ലോര്‍ഡ്‌സിലും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലും സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ടങ് ശ്രദ്ധ നേടിയതും.
ഇംഗ്ലണ്ടില്‍ സ്പിന്നര്‍മാരുടെ സാധ്യത കുറവാണെങ്കിലും ഷോയിബ് ബഷീറ് തിളങ്ങാനായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ, ശ്രീലങ്ക തുടങ്ങിയ ടെസ്റ്റില്‍ അത്ര ശക്തരല്ലാത്തവര്‍ക്കെതിരെയാണെങ്കിലും ഏഴ് കളികളില്‍ നിന്ന് 24 വിക്കറ്റുകള്‍ ഓഫ് സ്പിന്നറിന്റെ പേരിലുണ്ട്.
ഇവിടെയാണ് ബെൻ സ്റ്റോക്ക്‌സ് ഏറെ നിര്‍ണായകമാകുക. പരുക്കിന് ശേഷം ലോങ് സ്പെല്ലുകളെറിയുന്ന സ്റ്റോക്ക്‌സിനെ വിരളമായി മാത്രമാണ് കണ്ടിട്ടുള്ളത്. 2022ന് ശേഷം 22 ഇന്നിങ്സുകളിലായി ആകെ 179 ഓവറുകളാണ് സ്റ്റോക്ക്‌സ് എറിഞ്ഞിട്ടുള്ളത്. 20 വിക്കറ്റുകളും. ശരാശരി ഒരു ഇന്നിങ്സിലെറിയുന്ന ഓവറുകളുടെ എണ്ണം എട്ടായി ചുരുങ്ങിയിരിക്കുന്നു. 2022ല്‍ മാത്രം 20 ഇന്നിങ്സില്‍ നിന്ന് 278 ഓവര്‍ എറിഞ്ഞ താരമാണ് സ്റ്റോക്ക്‌സ്.
ബൗളിങ് നിരയില്‍ പരിചയസമ്പന്നരുടെ സാന്നിധ്യം കുറവായതുകൊണ്ട് തന്നെ സ്റ്റോക്ക്‌സ് കൂടുതല്‍ ഓവറുകള്‍ എറിയാൻ നിര്‍ബന്ധിതമായേക്കാം. പ്രത്യേകിച്ചും ഇന്ത്യ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെങ്കില്‍. ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയിലെ ദുര്‍ബലതയായിരിക്കും ഗില്ലും കൂട്ടരും ഉപയോഗിക്കുകയും.
