ഓപ്പണര്‍മാരും നായകനും ഉപനായകനും ലോക ഒന്നാം നമ്പര്‍ ബൗളറും ഒരുപോലെ തിളങ്ങിയ മത്സരം. എന്നിട്ടും ഇന്ത്യ പരാജയത്തിന്റെ പക്ഷത്ത്
ഹെഡിങ്‌ലിയില്‍ എല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. ഇംഗ്ലീഷ് മേഘങ്ങള്‍പ്പോലും പുതുയുഗപ്പിറവിക്ക് കുടപിടിക്കുകയായിരുന്നു. പരിചയസമ്പത്തിന്റെ തലപ്പൊക്കത്തിന്റെ അഭാവം മറികടന്ന ബാറ്റിങ് നിര. രണ്ട് ഇന്നിങ്സിലുമായി 835 റണ്‍സ്, അഞ്ച് സെഞ്ച്വറികള്‍. ഓപ്പണര്‍മാരും നായകനും ഉപനായകനും ലോക ഒന്നാം നമ്പര്‍ ബൗളറും ഒരുപോലെ തിളങ്ങിയ മത്സരം. എന്നിട്ടും, അഞ്ചാം ദിനം കളി അവസാനിക്കുമ്പോള്‍ പരമ്പരയില്‍ 1-0ന് പിന്നിലേക്ക് തള്ളപ്പെട്ടു ഇന്ത്യ. അതും മത്സരത്തിലെ 15 സെഷന്റെ ഭൂരിഭാഗവും അനുകൂലമാക്കിയതിന് ശേഷം, എന്തുകൊണ്ട് ഈ തോല്‍വി.
പരാജയത്തിന് ശേഷം മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞു. ഒന്നാം ഇന്നിങ്സില്‍ 600 റണ്‍സിന് മുകളിലൂണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാനാകുമായിരുന്നെന്ന്. നായകൻ ശുഭ്‌മാൻ ഗില്ലിന്റെ പ്രതികരണം രണ്ടാം ഇന്നിങ്സിനോട് ചേര്‍ന്നായിരുന്നു. 430 റണ്‍സ് ലീഡ് എത്തുമ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഗില്ലിന്റെ വാക്കുകള്‍. മേല്‍പ്പറഞ്ഞ രണ്ട് സാഹചര്യങ്ങളും സാധ്യമാകുന്ന ഒന്നുതന്നെയായിരുന്നു. അതുകൊണ്ട് ഇരുവരുടേയും കണക്കുകൂട്ടലുകള്‍ ന്യായീകരിക്കപ്പെടുന്നു.
ഒന്നാം ഇന്നിങ്സില്‍ 430-3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 471 റണ്‍സില്‍ പുറത്താകുന്നത്. അവസാന ഏഴ് വിക്കറ്റുകള്‍ വീഴാൻ ആവശ്യമായ ദൈര്‍ഘ്യം കേവലം 41 റണ്‍സ് മാത്രം. രണ്ടാം ഇന്നിങ്സ് ഇതിന്റെ ആവര്‍ത്തനമായി മാറി. 333-4, രണ്ടാം ഇന്നിങ്സിനെ സംബന്ധിച്ച് ഇതൊരു റണ്‍മല തന്നെയാണ്. ഇവിടെനിന്ന് 364ലേക്ക് ഇന്ത്യയുടെ ഇന്നിങ്സ് മാറിമറിഞ്ഞു. ആറ് വിക്കറ്റ് പൊലിഞ്ഞപ്പോള്‍ ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനായത് 31 റണ്‍സ്. ഗംഭീറിന്റേയും ഗില്ലിന്റേയും ലക്ഷ്യങ്ങള്‍ തെറ്റിയതും ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുങ്ങിയതും ഇവിടെയായിരുന്നു.
കരുണ്‍ നായരും രവീന്ദ്ര ജഡേജയും നയിക്കുന്ന ശാര്‍ദൂല്‍ താക്കൂറിന്റെ സാന്നിധ്യമുള്ള ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ രണ്ട് ഇന്നിങ്സിലുമായി നേടിയത് 65 റണ്‍സ് മാത്രം. തകര്‍ച്ചകള്‍ സ്വാഭാവികമാണ്, ഒരു പ്രോപ്പര്‍ ബാറ്റര്‍ക്ക് പോലും ഇതുപോലെ സംഭവിക്കാം. പക്ഷേ, ശാര്‍ദൂല്‍ രണ്ട് ഇന്നിങ്സിലും അനാവശ്യമായൊരു ഡ്രൈവിന് ശ്രമിച്ചാണ് പുറത്താകുന്നത്. രണ്ടാം ഇന്നിങ്സില്‍ പ്രസിദ്ധും ബുംറയും വൈല്‍ഡ് സ്ലോഗിന് മുതിര്‍ന്നും. സിറാജ് പന്തിനെ പിന്തുടര്‍ന്നൊരു ഷോട്ടിനും. മത്സരത്തിന്റെ സാഹചര്യത്തില്‍, തകര്‍ച്ച നേരിടുമ്പോള്‍ മേല്‍പ്പറഞ്ഞതൊക്കെ അനിവാര്യമായിരുന്നോ എന്ന ചോദ്യം ഉയരുന്നു.
കുറച്ച് പിന്നിലേക്ക് പോകാം. ലോര്‍ഡ്‌സില്‍ ഇന്ത്യ ചരിത്രം കുറിച്ച ദിനം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ വാലറ്റത്തിന്റെ അസാധ്യമായ ചെറുത്തുനില്‍പ്പിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇഷാന്ത് ശര്‍മ-മുഹമ്മദ് ഷമി-ജസ്പ്രിത് ബുംറ ത്രയം 106 റണ്‍സാണ് അന്ന് നേടിയത്. ഷമി അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ബുംറ 34 റണ്‍സും നേടി. ആൻഡേഴ്‌സണും മാര്‍ക്ക് വുഡും ഒലി റോബിൻസണും ചേര്‍ന്ന പേസ് നിരയ്ക്കെതിരെ പിടിച്ചുനിന്നതും 25 ഓവറിലധികം. ഇന്ത്യ ആ മത്സരം ജയിക്കുന്നത് 151 റണ്‍സിനാണ്, മൂവരുടേയും സംഭാവന ഇല്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.
വാലറ്റത്തിന്റെ സംഭാവനയില്ലാതെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 600 തൊടാതെ ഇന്ത്യയ്ക്ക് മത്സരത്തില്‍ ആധിപത്യം നേടാനാകുമായിരുന്നു. ഇന്ത്യ നേടിയ ലീഡ് ഒറ്റ അക്കത്തില്‍ നിന്ന് മൂന്നക്കമായി പരിണമിച്ചെങ്കില്‍. അത് ഇല്ലാതാക്കിയത് ഫീല്‍ഡിലെ ഇന്ത്യയുടെ ചോര്‍ന്ന കൈകളാണ്, ആറ് നിര്‍ണായക ക്യാച്ചുകള്‍. അതില്‍ നാലും പാഴാക്കിയത് യശ്വസി ജയ്സ്വാള്‍. രണ്ട് ഇന്നിങ്സിലുമായി രണ്ട് തവണ ഡക്കറ്റിന് ജീവൻ ലഭിച്ചു, 211 റണ്‍സാണ് ഡക്കറ്റ് നേടിയതെന്നും ഓര്‍ക്കേണ്ടതുണ്ട്. ഹാരി ബ്രൂക്കിന്റെ ക്യാച്ചും രണ്ട് തവണ, ബുംറയുടെ നോ ബോളില്‍ ഒരു അവസരം കൂടി. ബ്രൂക്ക് നേടിയത് 99 റണ്‍സ്.
പരിചയസമ്പത്തിന്റെ കുറവെന്ന് പറഞ്ഞ് ഫീല്‍ഡീലെ പിഴവുകളെ ന്യായീകരിക്കാനാകുമോയെന്നാണ് ചോദ്യം. ശാര്‍ദൂര്‍ താക്കൂറിന്റെ ഭാഗത്തുനിന്ന് മിസ് ഫീല്‍ഡ് ഉണ്ടായതിന് ശേഷം പന്ത് വീണ്ടെടുക്കാൻ വൈകി. അപ്പോള്‍ റിഷഭ് പന്ത് പറഞ്ഞു, മിസ് ഫീല്‍ഡ് ഉണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷേ വീണ്ടെടുക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന്. ഇതായിരുന്നു ഇന്ത്യയുടെ ഫീല്‍ഡിങ്ങിലെ ആകെ തുക.
ഇനി മറ്റൊന്ന് ശാര്‍ദൂല്‍ ഫാക്ടറില്‍ ഇന്ത്യ അര്‍പ്പിച്ച വിശ്വാസമാണ്. ബാറ്റിങ്ങിലെ ആഴം വര്‍ധിപ്പിക്കാനാണ് ബൗളിങ് ഓള്‍ റൗണ്ടറായ ശാര്‍ദൂലിനെ കൊണ്ടുവന്നത്, അത് പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തു. രണ്ട് ഇന്നിങ്സിലുമായി ശാര്‍ദൂല്‍ ആകെ എറിഞ്ഞത് 16 ഓവറുകള്‍ മാത്രമാണ്. നേടിയത് രണ്ട് വിക്കറ്റ്. സ്കോര്‍ ചെയ്തത് അഞ്ച് റണ്‍സും. ശാര്‍ദൂലിനേക്കാള്‍ ഇന്ത്യയ്ക്ക് ഒരുപക്ഷേ ഉപകരിക്കുമായിരുന്നന് നിതീഷ് കുമാറായിരുന്നുവെന്ന് മത്സരം തെളിയിച്ചു, പ്രത്യേകിച്ചും ഹെഡിങ്‌ലിയിലെ ബാറ്റിങ്ങിന് അനുകൂലമായ പശ്ചാത്തലത്തില്‍.
ബൗളിങ്ങിലേക്ക് വരാം, ബുംറയെ കരുതലോടെ നേരിട്ട് അപകടം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ ബൗളിങ് അറ്റാക്ക് എത്രത്തോളം ദുര്‍ബലമാണെന്ന് രണ്ടാം ഇന്നിങ്സ് തെളിയിച്ചു. ബുംറയ്ക്ക് ശേഷം മുഹമ്മദ് സിറാജ് മാത്രമാണ് അല്‍പ്പമെങ്കിലും സ്ഥിരതയോടെ പന്തെറിഞ്ഞത്. രണ്ട് ഇന്നിങ്സിലും പ്രസിദ്ധിന്റെ എക്കണോമി ആറിന് മുകളിലാണ്, കൃത്യമായ പദ്ധതികളൊന്നുമില്ലാതെ പന്തെറിയുന്ന ശാര്‍ദൂലും. ഡക്കറ്റ് പ്രസിദ്ധിനെതിരെ നേടിയത് 37 പന്തില്‍ 45 റണ്‍സാണ്. 9 ഫോറുകള്‍.
ഷോര്‍ട്ട് ബോള്‍ തന്ത്രത്തെ ഡക്കറ്റ് അനായാസം മറികടന്നു, ശാര്‍ദൂലിന്റെ സ്ലോട്ട് പന്തുകള്‍ ബൗണ്ടറി വര കടക്കുമെന്ന് സാക്ക് ക്രോളി ഉറപ്പാക്കി. 6-8 മീറ്റര്‍ ലെങ്ത് കീപ്പ് ചെയ്യാൻ സ്ഥിരതയോടെ ഇരുവര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കടുപ്പമായേനെ. വിക്കറ്റിലെ വിള്ളലുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച ജഡേജയ്ക്കും പിഴച്ചു. വിക്കറ്റ് വീഴാത്ത പക്ഷം റണ്ണൊഴുക്ക് തടയുക എന്ന തന്ത്രമെങ്കിലും പ്രയോഗിക്കാമായിരുന്നു. ഡിഫൻസീവായ സമീപനം ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുകയും ചെയ്തു.


