Asianet News MalayalamAsianet News Malayalam

റെക്കോർഡ് ബുക്കിലും ഹിറ്റായി ഹിറ്റ്മാൻ; രാഹുല്‍ ദ്രാവിഡിന് ശേഷം ആ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ഇന്നിംഗ്‌സില്‍ തീപ്പൊരി ബാറ്റിംഗ് പുറത്തെടുത്ത രോഹിത് ശര്‍മ്മ ഇതിഹാസ താരങ്ങളുടെ റെക്കോര്‍ഡിന് ഒപ്പമെത്തി 

Ind vs SA Rohit Sharma Equals with Rahul Dravids Record
Author
Visakhapatnam, First Published Oct 2, 2019, 3:07 PM IST

വിശാഖപട്ടണം: ടെസ്റ്റ് കരിയറില്‍ ഓപ്പണറായി ഇറങ്ങിയ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ സെഞ്ചുറി. ബാറ്റ് കൊണ്ട് എക്കാലത്തും വിസ്‌മയിപ്പിച്ചിട്ടുള്ള രോഹിത് ശര്‍മ്മ ടെസ്റ്റ് ഓപ്പണിംഗിലും തന്‍റെ കൈയൊപ്പ് ചാര്‍ത്തുകയാണ്. അതും വന്‍മതിലെന്ന് പ്രശംസകള്‍ വാരിക്കൂട്ടിയ ജീനിയസ് രാഹുല്‍ ദ്രാവിഡിന്‍റെ സുവര്‍ണ നേട്ടത്തിനൊപ്പമെത്തി.

വിശാഖപട്ടണത്ത് അര്‍ധ സെഞ്ചുറി തികച്ചതോടെ ടെസ്റ്റില്‍ ഇന്ത്യയില്‍ രോഹിത്തിന്‍റെ തുടര്‍ച്ചയായ ആറാം 50+ സ്‌കോറാണ് പിറന്നത്. ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഏക ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡാണ്. 1997 നവംബറിനും 1998 മാര്‍ച്ചിനും ഇടയിലായാണ് ദ്രാവിഡ് ഇന്ത്യയില്‍ തുടര്‍ച്ചയായ ആറ് 50+ സ്‌കോര്‍ കുറിച്ചത്. മുന്‍ വിന്‍ഡീസ് താരം എവര്‍ട്ടന്‍ വീക്‌സ്, സിംബാബ്‌വെയുടെ ആന്‍ഡി ഫ്ലവര്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ ഈ നേട്ടം പേരിലാക്കിയ വിദേശ താരങ്ങള്‍.

നേരിട്ട രണ്ടാം പന്തില്‍ ബൗണ്ടറിയുമായി തുടങ്ങിയ രോഹിത് ശര്‍മ്മ 84 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. നാല് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഹിറ്റ്‌മാന്‍ അമ്പത് പിന്നിട്ടത്. രോഹിത് സെഞ്ചുറി തികച്ചതാവട്ടെ 154 പന്തിലും. ടെസ്റ്റില്‍ രോഹിത് ശര്‍മ്മയുടെ നാലാം സെഞ്ചുറിയും ഓപ്പണറായുള്ള ആദ്യ സെഞ്ചുറിയുമാണിത്. സെഞ്ചുറിക്കിടെ 10 ഫോറുകളും നാല് സിക്‌സുകളും രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് ബൗണ്ടറി കടന്നു. 

Follow Us:
Download App:
  • android
  • ios