അവസാനം കളിച്ച 14 മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ ഒരു അർധസെഞ്ചുറി പോലും നേടാൻ ഇന്ത്യയുടെ മിസ്റ്റർ 360 ഡിഗ്രിക്ക് ആയിട്ടില്ലെന്ന് കണക്കുകൾ.

രുവർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2024, ഒക്ടോബർ 12ന്, ബംഗ്ലാദേശിനെതിരെ 47 പന്തിൽ 111 റൺസെടുത്ത് സഞ്ജു സാംസൺ ഓപ്പണറായി ട്വന്റി 20 ക്രിക്കറ്റിൽ വരവറിയിച്ച മത്സരം. സഞ്ജു ആദ്യ സെഞ്ചുറി നേടിയ ആ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കായി അവസാനം അർധസെഞ്ചുറി നേടിയതും അതേ കളിയിലായിരുന്നു. 35 പന്തിൽ 75 റൺസ്. അതിനുശേഷം ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനും ഏഷ്യാ കപ്പിലുമായി ഇന്ത്യൻ ക്യാപ്റ്റൻ ഇതുവരെ കളിച്ചത് 14 മത്സരങ്ങൾ. ഇതിൽ ഏഷ്യാ കപ്പിൽ ഒമാനെതിരെ ഉൾപ്പെടെ 2 കളികളിൽ ബാറ്റിംഗിന് ഇറങ്ങിയില്ല. ക്രീസിലിറങ്ങിയ 12 മത്സരങ്ങളിൽ നിന്ന് നേടിയത് വെറും 113 റൺസ്. ഉയർന്ന സ്കോറാകട്ടെ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 47 റൺസും.

അവസാനം കളിച്ച 14 മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ ഒരു അർധസെഞ്ചുറി പോലും നേടാൻ ഇന്ത്യയുടെ മിസ്റ്റർ 360 ഡിഗ്രിക്ക് ആയിട്ടില്ലെന്ന് കണക്കുകൾ. ഇതിനിടെ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് മടങ്ങി. ഏഷ്യാ കപ്പിന് മുമ്പ് ഈ വർഷം ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ സൂര്യകുമാർ നേടിയത് 5 ഇന്നിംഗ്സുകളിൽ നിന്ന് 2 ഡക്ക് ഉൾപ്പെടെ 28 റൺസ്. ബാറ്റിം​ഗ് ശരാശരി 5.60. അതിന് മുമ്പ് ദക്ഷിണാഫ്രിക്കക്കക്കെതിരെ കളിച്ച പരമ്പരയിൽ 3 ഇന്നിംഗ്സിൽ നിന്ന് നേടിയത് 26 റൺസ് മാത്രവും. പക്ഷെ അതിനുശേഷം നടന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി റൺവേട്ട നടത്തിയ സൂര്യകുമാർ യാദവ് 65.18 ശരാശരിയിലും 167.91 പ്രഹരശേഷിയിലും 717 റൺസ് അടിച്ചുകൂട്ടി. അതും തുടർച്ചയായ മത്സരങ്ങളിൽ 25ൽ അധികം സ്കോർ ചെയ്യുന്ന ബാറ്ററെന്ന റെക്കോർഡോടെ. എന്നാൽ ഇന്ത്യൻ കുപ്പായത്തിലെത്തിയപ്പോൾ കഥമാറി. വീണ്ടും സൂര്യഗ്രഹണമായി.

ക്യാപ്റ്റൻസി ഭാരം

എന്നാൽ ക്യാപ്റ്റനായശേഷം കളിച്ച 27 മത്സരങ്ങളിൽ ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയു അടക്കം 26.82 ശരാശരിയിൽ നേടിയത് 617റൺസ്. ക്യാപ്റ്റൻസിയുടെ ഭാരം പ്രഹരശേഷിയിലും പ്രതിഫലിച്ചു. സ്ട്രൈക്ക് റേറ്റ് 168.17 ൽ നിന്ന് 156.22 ആയി ഇടിഞ്ഞു. 2025ൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ 12.4 ശരാശരിയിൽ നേടിയത് 87 റൺസ്. സ്ട്രൈക്ക് റേറ്റാകട്ടെ 113 മാത്രം. 360 ഡി​ഗ്രിയിൽ ബാറ്റ് വീശാൻ കെൽപുള്ള സൂര്യയുടെ ബാറ്റിൽ നിന്ന് ഈ വർഷം ആരാധകർ കണ്ടത് മൂന്ന് സിക്സുകൾ മാത്രം. ഡോട്ട് ബോൾ ശരാശരിയാകട്ടെ 50 ശതമാനത്തിന് മുകളിലേക്ക് ഉയർന്നു. ഈ വർഷം ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മോശം ബാറ്റിം​ഗ് ശരാശരിയുള്ളതും ക്യാപ്റ്റന്റെ പേരിലാണ്.YouTube video player

ഏഷ്യാ കപ്പിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലെ 4 ഇന്നിംഗ്സിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റന് ഇതുവരെ നേടാനായത് വെറും 59 റൺസാണ്. ഇതിൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 47 റൺസ് മാത്രമാണ് എടുത്തുപറയാനുള്ളത്. ഏഷ്യാ കപ്പ് കഴിഞ്ഞാൽ അടുത്ത വർഷം നടക്കുന്ന ട്വൻറി-20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കളിക്കാനുള്ളത് 15 ട്വന്റി-20 മത്സരങ്ങളാണ്. ഇതിൽ അഞ്ചെണ്ണം അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ ആണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരെയാണ് പിന്നീടുള്ള മത്സരങ്ങൾ. 

തലമാറുമോ

ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി സെലക്ടർമാർ സൂര്യകുമാറിന് വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞു. ഏഷ്യാ കപ്പ് കഴിഞ്ഞ് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ട്വൻറി 20 പരമ്പരയിൽ കൂടി നിരാശപ്പെടുത്തിൽ അജിത് അ​ഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഒരുപക്ഷെ ആ കടുത്ത തീരുമാനത്തിലെത്തിയാലും അത്ഭുതപ്പെടാനില്ല.അഭിഷേക് ശർമയും ശുഭ്മാൻ ​ഗില്ലും നൽകുന്ന വെടിക്കെട്ട് തുടക്കങ്ങളാണ് ഏഷ്യാ കപ്പിൽ എതിരാളികളെ അടിച്ചൊതുക്കാൻ ഇന്ത്യയെ ഇതുവരെ സഹായിച്ചത്. അഷിഷേകിന് അടിതെറ്റുന്നൊരു ദിവസം സൂര്യ​ഗ്രഹണത്തിന്റെ മറനീക്കി ഇന്ത്യയുടെ വിജയസൂര്യനുദിക്കുമെന്നു തന്നെയാണ് ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക