Asianet News MalayalamAsianet News Malayalam

കോര്‍ട്ടിലേക്ക് തന്നെ, ദേശീയ ചാമ്പ്യനാകണം, അമ്മയായ അപര്‍ണയുടെ കരിയര്‍ 'സ്മാഷ്'

വിവാഹശേഷമോ അമ്മയായതിന് ശേഷമോ കരിയർ ഉപേക്ഷിക്കേണ്ടി വരുന്നവരുടെ കാലം കഴിഞ്ഞുവെന്ന് ഉറക്കെ പറയാൻ ആഗ്രഹിക്കുകയാണ് ഈ കായികതാരം, അപർണ ബാലൻ. ഒന്നരപ്പതിറ്റാണ്ടായി കളിക്കളത്തിൽ സജീവമായ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളിത്തിളക്കം നേടിയ സീനിയർ ബാഡ്മിന്റൺ താരം. ബാഡ്മിന്റൺ കോർട്ടിലേക്ക് അപർണ തിരിച്ചെത്തുന്പോൾ ഒപ്പം കുഞ്ഞു ശ്രിയാന്റെ കളിചിരികൾ കൂടിയുണ്ട്. തിരിച്ചുവരവിനെ കുറിച്ചും അമ്മയായതിന്റെ ഉത്തരവാദിത്തത്തെ കുറിച്ചും അപർണ മനസ് തുറക്കുന്നു.

Interview with Badminton Player Aparna Balan by Ambili P
Author
Kerala, First Published May 8, 2022, 12:39 PM IST

വിവാഹശേഷമോ അമ്മയായതിന് ശേഷമോ കരിയർ ഉപേക്ഷിക്കേണ്ടി വരുന്നവരുടെ കാലം കഴിഞ്ഞുവെന്ന് ഉറക്കെ പറയാൻ ആഗ്രഹിക്കുകയാണ് ഈ കായികതാരം, അപർണ ബാലൻ. ഒന്നരപ്പതിറ്റാണ്ടായി കളിക്കളത്തിൽ സജീവമായ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളിത്തിളക്കം നേടിയ സീനിയർ ബാഡ്മിന്റൺ താരം. ബാഡ്മിന്റൺ കോർട്ടിലേക്ക് അപർണ തിരിച്ചെത്തുന്പോൾ ഒപ്പം കുഞ്ഞു ശ്രിയാന്റെ കളിചിരികൾ കൂടിയുണ്ട്. തിരിച്ചുവരവിനെ കുറിച്ചും അമ്മയായതിന്റെ ഉത്തരവാദിത്തത്തെ കുറിച്ചും അപർണ മനസ് തുറക്കുന്നു.

? - വ്യക്തിജീവിതത്തിൽ ഉത്തരവാദിത്തം കൂടിയിരിക്കുന്നു, എങ്ങനെ ആസ്വദിക്കുന്നു അമ്മജീവിതം

അപ‍ര്‍ണ: ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാവുക എന്നത് വലിയ കാര്യമാണ്.ശ്രിയാന്റെ അമ്മ എന്ന ഉത്തരവാദിത്തം ഞാൻ ആസ്വദിക്കുകയാണ്. പ്രിമെച്വർ ബേബി ആയിരുന്നതിനാൽ ശ്രിയാന് കൂടുതൽ ശ്രദ്ധ വേണ്ടിയിരുന്നു. ആദ്യത്തെ മൂന്ന് മാസത്തോളം രാത്രി ഉറങ്ങാനേ സാധിച്ചിരുന്നില്ല.

? - കായികതാരം എന്ന നിലയിൽ ഏറ്റവും പ്രധാനമാണ് ഫിറ്റ്നസ്.സ്വാഭാവിക ശാരീരിക മാറ്റങ്ങളെ എങ്ങനെയാണ് നേരിട്ടത്

അപ‍ര്‍ണ: വർഷങ്ങളായി ശരീരഭാരം 50 കിലോയിൽ സൂക്ഷിച്ചുവരികയായിരുന്നു. ഗർഭകാലത്ത് ശരീരഭാരം 64 കിലോ വരെ എത്തി. കളിക്കളത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് വരെ ഞാൻ സംശയിച്ചു. പ്രസവശേഷം ആദ്യം ഡോക്ടറോട് ചോദിച്ചത് തന്നെ എന്ന് മുതൽ പരിശീലനം തുടങ്ങാൻ സാധിക്കും എന്നായിരുന്നു. സി സെക്ഷൻ ആയിരുന്നതിനാൽ ആദ്യം നടന്നു തുടങ്ങുകയായിരുന്നു. 8 ആഴ്ച കഴിഞ്ഞപ്പോൾ ജോഗിംഗ് തുടങ്ങി. കുഞ്ഞു ശ്രിയാന്റെ കാര്യങ്ങൾക്ക് പ്രധാന്യം നൽകിയതിനാൽ രാവിലത്തെ ജോഗിംഗ് ഒന്നും നടന്നില്ല. ഞാനും ഭർത്താവ് സന്ദീപും വൈകുന്നേരങ്ങളിൽ ജോഗിംഗ് തുടങ്ങി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം തോന്നിത്തുടങ്ങി. ഷെല്ലി ആൻ ഫ്രേസർ, ആലിസൺ ഫെലിക്സ്, മേരി കോം എന്നിവരുടെ കഥകൾ  സന്ദീപ് എപ്പോഴും പറയുമായിരുന്നു.ഇപ്പോൾ ശ്രിയാന് 8 മാസമായി. എന്റെ ശരീരഭാരം 64 ൽ നിന്ന് 53 ൽ എത്തിക്കാനും കഴിഞ്ഞു. 

Interview with Badminton Player Aparna Balan by Ambili P

? -  കളിക്കളത്തിൽ ഇനി അപർണയുടെ ലക്ഷ്യം ?

അപ‍ര്‍ണ: ടൂർണമെന്റിൽ സജീവമാകുക എന്നത് തന്നെയാണ് ലക്ഷ്യം. ജൂൺ അവസാനത്തോടെ വീണ്ടും ടൂർണമെന്റ് കളിക്കാൻ തുടങ്ങും.അപ്പോഴേക്കും പൂർണമായി ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വീണ്ടും ദേശീയ ചാന്പ്യൻ ആകുക, രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കുക എന്നിവയാണ് മുന്നിലെ ലക്ഷ്യങ്ങൾ.

? -  വീണ്ടും തിരിച്ചെത്താൻ പ്രചോദനമായ ഘടകങ്ങൾ എന്തോക്കെ ?

കളിക്കളത്തിൽ നിന്ന് മാറി നിൽക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. കുടുംബത്തിന്റെയും സന്ദീപിന്റേയും പിന്തുണ വില മതിക്കാനാവില്ല. സന്ദീപ് എപ്പോഴും പറയുമായിരുന്നു, സെറീന വില്യംസിന് പറ്റുമെങ്കിൽ, ആലിസൺ ഫെലിക്സിന് പറ്റുമെങ്കിൽ, മേരി കോമിന് പറ്റുമെങ്കിൽ, അപർണയ്ക്കും സാധിക്കും...

? - പരിശീലനം എങ്ങനെയൊക്കെയാണ്

കുഞ്ഞിന് 8 മാസമായതോടെ  ജിം സെഷൻ തുടങ്ങി. രാവിലെ 3 മണിക്കൂറോളം ജിമ്മിൽ ചെലവഴിക്കും. വെയിറ്റ് ട്രെയിനിംഗു തുടങ്ങി. വൈകുന്നേരങ്ങളിൽ കോർട്ടിലെ പരിശീലനവും ഗെയിംസും.അതും മൂന്ന് മണിക്കൂറോളം നീളും.ചെറുപ്പകാലം മുതൽ എന്റെ കോച്ചായ നാസർ സാർ തന്നെയാണ് ഇപ്പോഴും ബാഡ്മിന്റൺ പരിശീലകൻ. ഫിറ്റ്നസിന് പേഴ്സണൽ ട്രെയിനർ ഉണ്ട്.അമിലേഷ് എന്നാണ് അദ്ദേഹത്തിന്റെ പേര്.

Interview with Badminton Player Aparna Balan by Ambili P

? - അമ്മയായതിന് ശേഷവും കളിക്കളത്തിൽ സജീവമായ പലരും ഇന്ന് നമുക്ക് മുന്നിലുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി.ആരുടെ ജീവിതമാണ് അപർണയ്ക്ക് പ്രചോദനമായത്.

ഞാൻ നേരത്തേ പറഞ്ഞത് പോലെ ആലിസൺ ഫെലിക്സ്,മേരി കോം, സാനിയ മിർസ, ദീപിക പള്ളിക്കൽ , അങ്ങനെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. പ്രധാനമായും അതിന്റെ കാരണങ്ങളിലൊന്ന് ഇന്ന് തിരിച്ചുവരവിനുള്ള സൌകര്യങ്ങൾ കൂടുതലുണ്ട് എന്നതാണ്. പ്രൊഫഷണൽ ട്രെയിനേഴ്സ് കൂടുതലുണ്ട്.പക്ഷെ ഫിറ്റ്നസിലേക്കുള്ള പ്രയാണത്തിന് കുറുക്കുവഴികളില്ല, കഠിനാധ്വാനം തന്നെയാണ് ഏകവഴി.
 

Follow Us:
Download App:
  • android
  • ios