ഡല്‍ഹിക്ക് 40 ലക്ഷം രുപ മാത്രമാണ് പഴ്സില്‍ അവശേഷിച്ചിരുന്നത്. എന്‍റെ അടിസ്ഥാനവില 40 ലക്ഷം രൂപയായിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ ഇല്ലായിരുന്നു.
വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മലയാളികളുടെ പ്രിയതാരം മിന്നു മണിയെ ആദ്യ റൗണ്ട് ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നപ്പോള്‍ ആരാധകര്‍ നിരാശയിലായിരുന്നു. മലയാളികളുടെ അഭിമാനതാരത്തെ ആരും ടീമിലെടുക്കില്ലെ എന്ന ആശങ്ക ബൗണ്ടറി കടക്കാന്‍ പക്ഷെ അധികമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. അവസാന റൗണ്ടില്‍ മിന്നു മണിയെ തിരിച്ചുപിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഞെട്ടിച്ചു. വനിതാ പ്രീമിയര്‍ ലീഗ് താരലേലം പരിശീലകയ്ക്കൊപ്പം ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയിലിരുന്നു കണ്ട മിന്നുമണിയും ആ സന്തോഷം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെച്ചു.
ക്ലൈമാക്സില്‍ ഡല്‍ഹി ശരിക്കും ഞെട്ടിച്ചു
ആദ്യ റൗണ്ട് ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നപ്പോള്‍ നിരാശ തോന്നിയിരുന്നുവെന്ന് മിന്നു മണി പറഞ്ഞു. ആദ്യ റൗണ്ടില്‍ ആരും വിളിക്കാതിരുന്നപ്പോള്‍ തീര്‍ച്ചയായും നിരാശ തോന്നിയിരുന്നു. എന്നാലും രണ്ടാം റൗണ്ട് ഉണ്ടല്ലോ എന്നൊരു പ്രതീക്ഷയും ഉള്ളിലുണ്ടായിരുന്നു. അവസാനം ആക്സിലറേറ്റഡ് ലേലത്തില്‍ ഡല്‍ഹി എന്നെ ടീമിലെടുത്തപ്പോള്‍ ശരിക്കും ഞെട്ടി. കാരണം, അവസാന റൗണ്ടിലെത്തിയപ്പോള്‍ ഓരോ ടീമിന്‍റെയും കൈയില്‍ ബാക്കിയുള്ള തുക ടിവി സ്ക്രീനില്‍ കാണിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ യുപി വാരിയേഴ്സിനും ഗുജറാത്ത് ജയന്‍റ്സിനുമൊഴികെ ബാക്കി ടീമുകൾക്കെല്ലാം കുറഞ്ഞ തുകയെ കൈയിലുണ്ടായിരുന്നുള്ളു.
ഡല്‍ഹിക്ക്‍ 40 ലക്ഷം രുപ മാത്രമാണ് പഴ്സില്‍ അവശേഷിച്ചിരുന്നത്. എന്‍റെ അടിസ്ഥാനവിലയാകട്ടെ 40 ലക്ഷം രൂപയായിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ ഇല്ലായിരുന്നു. എന്നാല്‍ കൈയില്‍ ബാക്കിയുള്ള മുഴുവന്‍ തുകയും ഉപയോഗിച്ച് ഡല്‍ഹി എന്നെ സ്വന്തമാക്കിയപ്പോള്‍ വിശ്വസിക്കാനായില്ല. എന്നിലുള്ള അവരുടെ വിശ്വാസമാണ് അതിന് കാരണമായതെന്ന് തോന്നുന്നു. ഞാനും എന്‍റെ കോച്ച് സുമന്‍ ശര്‍മയും ഒരുമിച്ച് കോച്ചിന്‍റെ വീട്ടിലിരുന്നായിരുന്നു താരലേലം കണ്ടത്. ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സമയത്ത് ഡല്‍ഹി കൈയിലുള്ള മുഴുവന്‍ പണവും ഉപയോഗിച്ച് എന്നെ വിളിച്ചെടുത്തത് അവിശ്വസനീയ നിമിഷമായിരുന്നു. ദൈവത്തിനും മാതാപിതാക്കള്‍ക്കും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.
ലോകകപ്പ് ജേതാക്കളായ ജെമീമക്കും ഷഫാലിക്കുമൊപ്പം വീണ്ടും കളിക്കുമ്പോള്‍
ഏകദിന ലോകകപ്പില്‍ താരങ്ങളായ ജെമീമയും ഷഫാലിയുമെല്ലാം ഡല്‍ഹി ടീമിലൊപ്പമുണ്ട്. ലോകകപ്പ് ജേതാക്കളുടെ കൂടെ കളിക്കാന്‍ കഴിയുക എന്നത് എന്നെ സംബന്ധിച്ച് വലിയ അവസരവും ഭാഗ്യവുമാണ്. അവരുടെ പരിചയസമ്പത്ത് കൂടുതല്‍ ഗുണം ചെയ്യും. അവരോടൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണ്. ജെമീമമയും ഷഫാലിയും മാത്രമല്ല, ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ഫൈനലിലെത്തിക്കുകയും ടൂര്‍ണമെന്‍റിലെ ടോപ് സ്കോററാകുകയും ചെയ്ത ലോറ വോള്‍വാര്‍ഡും ഡല്‍ഹി ടീമിലുണ്ട്. ഞാന്‍ കഴിഞ്ഞ സീസണുകളിലെല്ലാം ഒപ്പം കളിച്ച മരിസാനെ കാപ്പും അനാബെല്‍ സതര്‍ലാന്‍ഡുമുണ്ട്. അവർക്കൊപ്പമെല്ലാം കളിക്കാനായി കാത്തിരിക്കുകയാണ്.
ആശയും സജനയും ടീമിലെത്തിയതില്‍ സന്തോഷം
താരലേലത്തില്‍ കൂടുതല്‍ മലയാളി താരങ്ങള്‍ക്ക് അവസരം കിട്ടാത്തതില്‍ നിരാശയുണ്ടെങ്കിലും ആശ ചേച്ചിക്കും സജന ചേച്ചിക്കും നല്ല പ്രതിഫലത്തില്‍ ടീമുകളിലെത്താനായതില്‍ അതിയായ സന്തോഷമുണ്ട്. കൂടുതല്‍ മലയാളി താരങ്ങള്‍ എത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷെ താരലേലത്തിന്‍റെ കാര്യം നമുക്ക് മുന്‍കൂടി ഒന്നും പ്രവചിക്കാനാവില്ല. ഇപ്പോള്‍ തന്നെ എന്‍റെ കാര്യം പോലും അവസാന നിമിഷത്തിലാണ് തീരുമാനമായത്. പലഘടകങ്ങള്‍ ഒരുമിച്ച് ചേരുമ്പോൾ മാത്രമെ ഒരു താരത്തിന് താരലേലത്തിലൂടെ ടീമിലെത്താനാവു. ഭാഗ്യവും അതിലൊരു വലിയ ഘടകമാണ്. ആര് പോവും ആരു ടീമിലെത്തും എന്നൊന്നും മുന്‍കൂട്ടി പറയാൻ പറ്റില്ല. എങ്കിലും ആശചേച്ചിയും സജന ചേച്ചിയും എല്ലാം മികച്ച പ്രതിഫലത്തിന് ടീമിലെത്തിയതില്‍ വളരെയേറെ സന്തോഷമുണ്ട്. കാരണം, കഴിഞ്ഞ താരലേലത്തില്‍ കുറഞ്ഞ പ്രതിഫലത്തിലാണ് അവരൊക്കെ ടീമിലെത്തിയത്. പക്ഷെ ഈ വര്‍ഷം അവര്‍ക്ക് മികച്ച തുക ലഭിച്ചുവെന്നതില്‍ വളരെയേറെ സന്തോഷം.
ലോകകപ്പ് ടീമിലെത്താതില്‍ നിരാശയില്ല
വനിതാ ഏകദിന ലോകകപ്പ് ടീമിലെത്താമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ടീമിലെത്താതില്‍ നിരാശയില്ല. കഠിനാധ്വാനം ചെയ്യുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. സെലക്ഷന്‍ നമ്മുടെ കൈയിലല്ല. എങ്കിലും ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു എന്ന് അറിയുന്നതുതന്നെ സന്തോഷം. അടുത്ത മാസം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരത്താണ്. അതില്‍ സ്വന്തം നാട്ടില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.
വനിതകളുടെ കേരള ക്രിക്കറ്റ് ലീഗ് വരുമെന്ന് പ്രതീക്ഷ
പുരുഷൻമാര്‍ക്കായി കേരള ക്രിക്കറ്റ് ലീഗ് തുടങ്ങിയതുപോലെ കേരളത്തില്‍ വനിതകള്‍ക്കായും ക്രിക്കറ്റ് ലീഗ് തുടങ്ങുമെന്ന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗില്‍ ഒരു പ്രദര്‍ശന മത്സരം വനികള്‍ കളിച്ചിരുന്നു. അടുത്ത ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളിൽ കേരളത്തില്‍ വനിതകള്‍ക്കായി ടി20 ലീഗ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ സ്ഥാനത്ത് ജയേഷ് ജോര്‍ജ് സാറുള്ളത് കേരളത്തിലെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.


