ടാലന്റ് കണ്ട് ആഭ്യന്തര ലീഗില്‍ നിന്നും ടീമുകള്‍ പെറുക്കിയെടുത്തുകൊണ്ടുവന്ന താരങ്ങള്‍
താരപ്രഭയ്ക്കും കോടിതിളക്കിത്തിനും മുകളില്‍ ശോഭിച്ച ചിലരുണ്ട് ഈ ഐപിഎല്ലില്‍. ചെറിയ തുകയ്ക്ക് വലിയ ഇംപാക്‌ട്, അതാണ് ശൈലി. ഇവരുടെ പേരിന്റെ നേര്‍ക്കുള്ള പണക്കിഴി നോക്കിയാല്‍ അത് അല്‍പ്പം കുറഞ്ഞ് പോയെന്ന് തോന്നിയേക്കാം. ടാലന്റ് കണ്ട് ആഭ്യന്തര ലീഗില്‍ നിന്നും ടീമുകള്‍ പെറുക്കിയെടുത്തുകൊണ്ടുവന്ന താരങ്ങള്‍. പതിനേഴുകാരൻ മുതല്‍ 37 പിന്നിട്ടവര്‍ വരെയുണ്ട് ഈ പട്ടികയില്‍. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
റുതുരാജ് ഗെയ്ക്വാദിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയ ആയുഷ് മാത്രെ. പ്രായം വെറും 17, ചെന്നൈയിലെത്തിയത് കേവലം 30 ലക്ഷം രൂപയ്ക്കാണ്. മുംബൈ ഇന്ത്യൻസിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 15 പന്തില്‍ 32 റണ്‍സെടുത്ത് തുടക്കം. ബെംഗളൂരുവിനെതിരെ 48 പന്തില്‍ 94 റണ്‍സെടുത്ത ഇന്നിങ്സ് ഈ സീസണിലെ ഒരു ചെന്നൈ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 40 ശരാശരിയില്‍ 163 റണ്‍സ് ഇതുവരെ നേടി. സ്ട്രൈക്ക് റേറ്റ് 180ന് മുകളില്‍. അടുത്ത സീസണിലും ചെന്നൈ ജഴ്‌സിയില്‍ മാത്രയെ കാണാനായേക്കും.
മലപ്പുറംകാരൻ വിഘ്നേഷ് പുത്തൂര്‍, കേരള ക്രിക്കറ്റ് ലീഗില്‍ നിന്ന് മുംബൈ ഇന്ത്യൻസ് കണ്ടെത്തിയ താരം. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വിഘ്നേഷ് നേടി. ഒരു മത്സരത്തില്‍ മാത്രമാണ് വിക്കറ്റ് കോളം ശൂന്യമായി കണ്ടത്. അരങ്ങേറ്റത്തില്‍ ചെന്നൈക്കെതിരെ അവരുടെ തട്ടകത്തില്‍ റുതുരാജിന്റേത് ഉള്‍പ്പെടെ മൂന്ന് വിക്കറ്റായിരുന്നു ഇടം കയ്യൻ ബൗളറുടെ സമ്പാദ്യം. 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷും ടീമിലെത്തിയത്, നിലവില്‍ പരുക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ് വിഘ്നേഷ്.
സീസണിലെ ഏറ്റവും സെൻസേഷണലായ താരങ്ങളിലൊരാളാണ് ദിഗ്വേഷ് രാത്തി. ലക്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് എത്തിയത് 30 ലക്ഷം രൂപയ്ക്ക്. ടീമിലെ പ്രധാന സ്പിന്നറും ഇന്ത്യൻ താരവുമായ രവി ബിഷ്ണോയിയെ സൈഡാക്കിയുള്ള പ്രകടനം. 11 കളികളില്‍ നിന്ന് 12 വിക്കറ്റ് ദിഗ്വേഷ് തന്റെ പേരില്‍ ഇതുവരെ ചേര്‍ത്തിട്ടുണ്ട്. ശ്രേയസ് അയ്യര്‍, ജോസ് ബട്ട്ലര്‍, സുനില്‍ നരെയ്‌ൻ, പ്രഭ്‌സിമ്രൻ സിങ് തുടങ്ങിയ വമ്പൻ താരങ്ങളെ കൂടാരത്തിലേക്ക് അയച്ചു. വിക്കറ്റിന് ശേഷമുള്ള എഴുത്താഘോഷത്തിന്റെ പേരില്‍ വിമര്‍ശനവും പിഴയും നേരിട്ടു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഫിനിഷര്‍, അനികേത് വര്‍മ. 11 കളികളില്‍ നിന്ന് 154 സ്ട്രൈക്ക് റേറ്റില്‍ 193 റണ്‍സാണ് ഇരുപത്തിമൂന്നുകാരന്റെ നേട്ടം. 30 ലക്ഷം രൂപയാണ് അനികേതിന്റേയും മൂല്യം. ഡല്‍ഹിക്കെതിരെ 41 പന്തില്‍ 74 റണ്‍സ്, ലക്നൗവിനെതിരെ 13 പന്തില്‍ 36 റണ്‍സ് എന്നിവയാണ് സീസണിലെ ഏറ്റവും മികച്ച രണ്ട് ഇന്നിങ്സുകള്‍. സമ്മര്‍ദ സാഹചര്യങ്ങളിലായിരുന്നു അനികേത് സീസണില്‍ കൂടുതലായും ബാറ്റ് ചെയ്തത്.
ഡല്‍ഹിയുടെ ഈ സീസണിലെ കണ്ടെത്തലാണ് 20 വയസുകാരനായ വിപ്രജ് നിഗം. ലെഗ് സ്പിൻ ഓള്‍റൗണ്ടറായ താരം ഇതിനോടകം തന്നെ ഐപിഎല്ലില്‍ തന്റെ വരവ് അറിയിച്ചുകഴിഞ്ഞു. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇതിഹാസ താരങ്ങളെയടക്കം ഒൻപത് വിക്കറ്റ് ഇതുവരെ നേടി. ബാറ്റുകൊണ്ട് 122 റണ്‍സാണ് സമ്പാദ്യം, സ്ട്രൈക്ക് റേറ്റ് 179 ആണ്. 50 ലക്ഷം രൂപയ്ക്കാണ് വിപ്രജിനെ ഡല്‍ഹി സ്വന്തമാക്കിയത്.
കരണ്‍ ശര്‍മയാണ് കുറഞ്ഞ തുകയ്ക്കെത്തി തിളങ്ങിയ സീനിയര്‍ താരം. 50 ലക്ഷം രൂപയാണ് കരണിന്റെ മുംബൈയിലെ മൂല്യം. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് ആറ് വിക്കറ്റ് നേടി മുപ്പത്തിയേഴുകാരൻ. ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ മുംബൈക്ക് അനുകൂലമായി കളി തിരിച്ചത് കരണിന്റെ സ്പെല്ലായിരുന്നു, അന്ന് മൂന്ന് വിക്കറ്റാണ് നേടിയത്. രാജസ്ഥാൻ റോയല്‍സിനെതിരെയും മൂന്ന് വിക്കറ്റ് പ്രകടനം ആവര്‍ത്തിക്കാനും കരണ് സാധിച്ചു.
വിദേശതാരമായ റിയാൻ റിക്കല്‍ട്ടണാണ് മുംബൈയുടെ പ്രതീക്ഷകാത്ത മറ്റൊരുതാരം. ഒരു കോടി രൂപയ്ക്കാണ് ലേലത്തില്‍ റിക്കല്‍ട്ടണെ മുംബൈ സ്വന്തമാക്കിയത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്ക്കൊപ്പം മികവ് പുലര്‍ത്താൻ ഇടം കയ്യൻ ബാറ്റര്‍ക്കായിട്ടുണ്ട്. 11 കളികളില്‍ നിന്ന് 334 റണ്‍സ് ഇതുവരെ നേടി. 153 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റിംഗ്. മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.


