11 റൗണ്ട് മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി, ഒരു ടീമിനുപോലും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല

പ്രവചനാതീതമാണ് ഐപിഎല്‍, പിരിമുറുക്കം നിറഞ്ഞ ഒരു ക്ലൈമാക്സിലേക്കാണ് സീസണ്‍ എത്തുന്നത്. 11 റൗണ്ട് മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി, ഒരു ടീമിനുപോലും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. പ്ലേ ഓഫിലേക്ക് കണ്ണുംനട്ട് ഏഴ് ടീമുകള്‍, ഇതില്‍ അഞ്ച് ടീമുകളും ആദ്യ രണ്ട് സ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നുവര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയല്‍സ് എന്നിവര്‍ കിരീടമോഹം ഉപേക്ഷിച്ചിരിക്കുന്നു. ആവേശാന്ത്യത്തിലേക്ക് ഗ്രൂപ്പ് ഘട്ടം എത്തുമ്പോള്‍ ഓരോ ടീമിന്റെയും സാധ്യതകള്‍ എന്തെല്ലാമാണ്, പരിശോധിക്കാം.

പട്ടികയുടെ തലപ്പത്തുനിന്ന് തന്നെ തുടങ്ങാം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, 11 കളികളില്‍ നിന്ന് എട്ട് ജയവുമായി 16 പോയിന്റ്. നെറ്റ് റണ്‍റേറ്റ് 0.482 ആണ്. ഒന്നാം സ്ഥാനത്താണെങ്കിലും മറ്റ് ടീമുകളെ പോലെ ബെംഗളൂരുവും സേഫ് അല്ല. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരു ജയം ബെംഗളൂരുവിന് അനിവാര്യമാണ്. ലക്നൗ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുമായാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരങ്ങള്‍. 

കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനുമെതിരായ മത്സരങ്ങള്‍ ചിന്നസ്വാമിയിലാണെന്നതും ഓര്‍ക്കേണ്ടതുണ്ട്, അതിനാല്‍ പ്രവചനാതീതമാണ് ഫലം. ലക്നൗവും കൊല്‍ക്കത്തയും പ്ലേ ഓഫ് ലക്ഷ്യമിടുന്നവരായതുകൊണ്ട് തന്നെ മത്സരം കടുക്കും. ഇനി മൂന്ന് മത്സരവും പരാജയപ്പെട്ടാലും ബെംഗളൂരുവിന് അവസാന നാലിലെത്താൻ സാധ്യതയുണ്ട്, മറ്റ് ചില ഫലങ്ങളെ ആശ്രയിക്കണമെന്ന് മാത്രം.

2014ന് ശേഷം ആദ്യമായി പ്ലേ ഓഫ് കാണാൻ ഒരുങ്ങുകയാണ് പഞ്ചാബ് കിംഗ്സ്. 11 കളികളില്‍ നിന്ന് 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 0.376 ആണ് നെറ്റ് റണ്‍റേറ്റ്. അവശേഷിക്കുന്ന മൂന്നില്‍ ഒരു മത്സരമെങ്കിലും കുറഞ്ഞത് ജയിക്കണം പഞ്ചാബിന് പതിറ്റാണ്ട് പിന്നിടുന്ന സ്വപ്നം സാക്ഷാത്കരിക്കാൻ. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ എന്നിവരാണ് അടുത്ത എതിരാളികള്‍. ഇതില്‍ മുംബൈ മാത്രമാണ് മികച്ച ഫോമിലുള്ള ടീം. ഡല്‍ഹിക്കും മുംബൈക്കും എതിരായ മത്സരങ്ങള്‍ സ്വന്തം മൈതാനത്താണെന്നതും പഞ്ചാബിന് മുൻതൂക്കമാണ്.

അവിശ്വസനീയമായ വിജയക്കുതിപ്പിലാണ് മുംബൈ ഇന്ത്യൻസ്. തുടര്‍ച്ചയായ ആറ് ജയങ്ങള്‍ ഉള്‍പ്പെടെ ഏഴ് ജയവുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. സീസണില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീം മുംബൈയാണ്, 1.274. അതുകൊണ്ട് തന്നെ ആദ്യ രണ്ട് സ്ഥാനങ്ങളായിരിക്കണം മുംബൈയും ലക്ഷ്യമിടുന്നത്. ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുമായാണ് അടുത്ത മൂന്ന് മത്സരങ്ങള്‍. ഗുജറാത്തിനും ഡല്‍ഹിക്കുമെതിരായ കളികള്‍ വാംഖഡയിലാണ്, സീസണില്‍ വാംഖഡയില്‍ ഒരു തോല്‍വി മാത്രമാണ് മുംബൈ വഴങ്ങിയിട്ടുള്ളത്.

പ്ലേ ഓഫ് റേസിലും ആദ്യ രണ്ട് സ്ഥാനത്തേക്കുമുള്ള പോരിലും ഏറ്റവും സേഫായിട്ടുള്ള ടീം, അതാണ് ഗുജറാത്ത് ടൈറ്റൻസ്. നാല് മത്സരങ്ങള്‍ അവശേഷിക്കെ 14 പോയിന്റുണ്ട് ഗുജറാത്തിന്. മുംബൈ, ഡല്‍ഹി, ലക്നൗ, ചെന്നൈ എന്നിവരാണ് എതിരാളികള്‍. ചെന്നൈക്കും ലക്നൗവിനുമെതിരായ മത്സരങ്ങള്‍ ഹോം മൈതാനമായ അഹമ്മദാബാദിലാണ്. മുംബൈക്ക് സമാനമായി മികച്ച ഹോം റെക്കോര്‍ഡ് ഹൈദരാബാദിനുമുണ്ട്. അതുകൊണ്ട് പോയിന്റ് പട്ടികയില്‍‍ ഗുജറാത്ത് 10 ജയം ചേര്‍ത്താലും അത്ഭുതപ്പെടാനില്ല.

നാല് തുടര്‍വിജയങ്ങളോടെ തുടങ്ങിയ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത തുലാസിലാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ജയിച്ചത് രണ്ടെണ്ണം മാത്രം, ഒന്ന് മഴയുമെടുത്തു. 11 കളികളില്‍ നിന്ന് 13 പോയിന്റുള്ള ഡല്‍ഹിക്ക് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ഇനി ജീവന്മരണ പോരാട്ടങ്ങളാണ്. പഞ്ചാബ്, ഗുജറാത്ത്, മുംബൈ എന്നീ ടീമുകളുമായണ് മത്സരങ്ങളുള്ളത്. മൂവരും മിന്നും ഫോമിലാണ് താനും. ഡല്‍ഹിയുടെ നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ അത്ര എളുപ്പമാകില്ലെന്ന് വിലയിരുത്താം.

അടുത്തത് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത. 11 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമാണ് പ്ലേ ഓഫ് ഉറപ്പിക്കാനാകുക. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവരുമായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍. ചെന്നൈയും ഹൈദരാബാദും പുറത്തായതുകൊണ്ട് തന്നെ സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യമുണ്ടായിരിക്കും.

11 കളികളില്‍ നിന്ന് 10 പോയിന്റുള്ള ലക്നൗവിനുമുണ്ട് സാധ്യത. പക്ഷേ നെറ്റ് റണ്‍ റേറ്റ് റിഷഭ് പന്തിനും സംഘത്തിനും അത്ര ശുഭസൂചനയല്ല നല്‍കുന്നത്. പ്ലേ ഓഫ് പോരിലുള്ള മറ്റ് എല്ലാ ടീമിന്റേയും നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണ്, ലക്നൗവിന്റേത് -0.469. ബെംഗളൂരുവിനും ഗുജറാത്തിനും ഹൈദരാബാദിനുമെതിരായ മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ തന്നെ ജയിക്കണം ലക്നൗവിന് അവസാന നാലില്‍ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാൻ.