പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ രണ്ട് വിക്കറ്റ് വീണ്, ആറ് തോല്‍വിക്കും വഴിവെച്ച സാഹചര്യത്തിലായിരുന്നു പഞ്ചാബ് നായകൻ ക്രീസിലെത്തിയത്
അർജുൻ തെൻഡുല്‍ക്കറുടെ ടോ ക്രഷിങ് യോർക്കര്‍ പ്രഭ്‌സിമ്രാൻ സിങ്ങിന്റെ ഇന്നിങ്സ് അവസാനിപ്പിക്കുകയാണ്. വൈകിയെങ്കിലും മത്സരത്തിലേക്ക് തിരികെ വരാൻ ലഖ്നൗവിന് അവസരം ഒരുങ്ങി. ബ്രേക്ക് ത്രൂ പ്രയോജനപ്പെടുത്താൻ ഉറച്ച് നായകൻ റിഷഭ് പന്ത് മുഹമ്മദ് ഷമിയെ തിരികെയെത്തിച്ചു. പ്രിയാൻഷ് ആര്യയേയും കൂപ്പര്‍ കനോലിയേയും മടക്കിയത് മാത്രമല്ല, ലഖ്നൗവിനായി എക്കണോമിക്കലായി പന്തെറിഞ്ഞ ഏക പേസറായിരുന്നു ഷമി. പന്ത് കൈമാറാനുള്ള നായകന്റെ തീരുമാനം 100 ശതമാനവും ശരിതന്നെയായിരുന്നു.

ഷമിയുടെ ആദ്യ പന്തൊരു ഷോര്‍ട്ട് ഓഫ് ദ ലെങ്ത് ഡെലിവെറിയായിരുന്നു, ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സ്. ഒരു പന്തിന്റെ ഇടവേളയ്ക്ക് ശേഷം ലെങ്ത് ബോള്‍. ഇക്കുറി ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ മറ്റൊരു സിക്സ്. ഓവറിലെ അവസാന പന്തിലും ഷമിയുടെ ലെങ്ത് ബോള്‍ ആവര്‍ത്തിച്ചു, ഫലവും സമാനം, ഇക്കുറി പന്ത് നിക്ഷേപിക്കപ്പെട്ടത് കൗ കോര്‍ണറില്‍. മൂന്ന് സിക്സും ഒരു ഡബിളും ഉള്‍പ്പെടെ 20 റണ്‍സ്. ഒരു വിക്കറ്റ് വീണാല്‍ പതുങ്ങുമെന്ന് വിചാരിച്ച ഷമിക്കും പന്തിനും പിഴച്ചു, ബാറ്റെടുത്തത് പഞ്ചാബിന്റെ സര്‍പഞ്ച് സാബായിരുന്നു, ശ്രേയസ് അയ്യര്‍.
ഐപിഎല്ലിലെ ഏറ്റവും ഡൊമിനേറ്റിങ്ങായിരുന്ന സംഘം, ആദ്യ ഏഴില്‍ ഒരുപരാജയം പോലും സംഭവിച്ചില്ല. ശേഷം ആറ് തുടര്‍ തോല്‍വികള്‍, പോയിന്റ് പട്ടികയുടെ തലപ്പത്തുനിന്ന് പുറത്താകലിന്റെ വക്കിലെത്തിയിരുന്നു ശ്രേയസിന്റെ ടീം. ഏകനയില്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നിനും പഞ്ചാബിനെ രക്ഷിക്കാനാകുമായിരുന്നില്ല. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ രണ്ട് വിക്കറ്റ് വീണ്, ആറ് തോല്‍വിക്കും വഴിവെച്ച സാഹചര്യത്തിലായിരുന്നു പഞ്ചാബ് നായകൻ ക്രീസിലെത്തിയത്. 2023 ഏകദിന ലോകകപ്പ് ഫൈനലിലും 2025 ഐപിഎല്‍ കലാശപ്പോരിലേയും പോലൊരു സമ്മര്‍ദ സാഹചര്യം.
മേല്‍പ്പറഞ്ഞ രണ്ട് വേദിയിലും ശ്രേയസിന് നില്‍ക്കേണ്ടി വന്നത് പരാജയത്തിന്റെ ഓരത്തായിരുന്നു. പക്ഷേ, ഇക്കുറി അയാള്‍ അതിന് ഒരുക്കമായിരുന്നില്ല. പ്രഭ്‌സിമ്രാൻ സിങ്ങിനെ കൂട്ടുപിടിച്ച് ഒരറ്റത്തുനിന്ന് ശ്രേയസ് ആരംഭിച്ചു. ഫീല്‍ഡര്‍മാരുടെ പിഴവില്‍ നിന്ന് ലഭിച്ച ബൗണ്ടറിയാണ് അക്കൗണ്ട് തുറന്നുകൊടുത്തത്. തൊട്ടുപിന്നാലെ ആത്മവിശ്വാസമുയര്‍ത്തിക്കൊണ്ടൊരു മനോഹരമായ ഓണ്‍ ഡ്രൈവ്, ശ്രേയസ് മികച്ച താളത്തിലാണെന്ന് തെളിഞ്ഞ മൊമന്റുകൂടിയായിരുന്നു അതെന്ന് പറയാതെ വയ്യ.
പോയ മത്സരങ്ങളിലെല്ലാം തനിക്കുണ്ടായ പിഴവുകള്‍ തിരുത്താൻ ഉറച്ചുള്ള ശരീരഭാഷയായിരുന്നു ശ്രേയസിന്റേത്. നല്ല പന്തുകളില്‍ പരമാവധി റണ്‍സ് നേടാനുള്ള ശ്രമങ്ങളെ നീക്കിവെച്ചു. ഏരിയല്‍ ഷോട്ടുകള്‍ക്കൊന്നും തയാറാകാതെ ഗ്രൗണ്ട് ഷോട്ടുകളിലിലൂടെയായിരുന്നു ശ്രേയസ് ഇന്നിങ്സ് പടുത്തുയര്‍ത്തിയും. 33-ാം പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുമ്പോള്‍ നേടിയ ബൗണ്ടറികളില്‍ ഒരു സിക്സ് പോലും ഉണ്ടായിരുന്നില്ല, എട്ട് ഫോറുകളുടെ അകമ്പടിയായിരുന്നു നേട്ടത്തിലുണ്ടായിരുന്നത്. സ്ട്രൈക്ക് റേറ്റ് 151.
പക്ഷേ, ഇതിന് ശേഷം നേരിട്ട പന്ത് ദിഗ്വേഷ് റാഠിയുടേതായിരുന്നു. 13-ാം ഓവറിലെ അവസാന പന്ത്, ശ്രേയസ് തന്റെ സ്ലോഗ് സ്വീപ്പ് പുറത്തെടുത്തു, പന്ത് വിശ്രമിച്ചത് ഗ്യാലറിയില്‍. പിന്നാലെ എത്തിയ അര്‍ജുൻ തെൻഡുല്‍ക്കറും പ്രിൻസ് യാദവുമെല്ലാം ശ്രേയസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. പ്രഭ്സിമ്രാനൊപ്പം 140 റണ്‍സിന്റെ കൂട്ടുകെട്ട്. പിരിഞ്ഞതിന് ശേഷമായിരുന്നു ഷമിയുടെ ഓവറിലെ ബ്രൂട്ടല്‍ ഹിറ്റിങ്. ഒടുവില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് മാത്രം ദൂരം, സെഞ്ചുറിയിലേക്ക് ഇനിയും അഞ്ച് റണ്‍സ് ശ്രേയസിന് ആവശ്യമായിരുന്നു.
മൊഹ്സിൻ ഖാന്റെ സ്ലോ ലെങ്ത് ബോള്‍. ശ്രേയസിന്റെ ബാറ്റിന്റെ സ്വീറ്റ് സ്പോട്ടില്‍ പതിച്ച ബാറ്റ് വൈഡ് ലോങ് ഓണിനപ്പുറം പറന്നിറങ്ങി. ഐപിഎല്ലിലെ ആദ്യ സെഞ്ചുറി, ടീമിന്റെ രക്ഷകന്റെ കുപ്പായം അണിഞ്ഞ് നായകൻ. ഹെല്‍മെറ്റ് ഊരി ശ്രേയസ് നേട്ടം ആഘോഷിക്കുമ്പോള്‍ പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ മുഖത്ത് ആ വലിയ കടമ്പ കടന്നതിന്റെ ആശ്വാസം പ്രകടമായിരുന്നു.
I was in a great mindspace. I knew what I wanted, knew how the wicket was playing. മത്സരശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞ വാക്കുകളാണിത്. ദാറ്റ്സ് ദ മൈൻഡ് സെറ്റ്. പഞ്ചാബിനായി സെഞ്ചുറി നേടുന്ന മൂന്നാമത്തെ നായകൻ. നേട്ടം ആദം ഗില്‍ക്രിസ്റ്റിനും കെഎല്‍ രാഹുലിനും ശേഷം. അവസാനം നേരിട്ടം 18 പന്തില്‍ 51 റണ്‍സ്. മൂന്ന് ഫോറും അഞ്ച് സിക്‌സും. രണ്ടാം പകുതിയിലെ സ്ട്രൈക്ക് റേറ്റ് 281.


