ധോണിയുടെ പിൻഗാമി, മധ്യനിരയിലെ കാവലാള്‍ - ഹൈപ്പിനൊടുവില്‍ പന്തിന്റെ വൈറ്റ് ബോള്‍ കരിയറിന് തിരശീല വീഴുകയാണോ
തന്റെ 32-ാം ഏകദിനത്തിനായി മൈതാനത്തിറങ്ങാൻ റിഷഭ് പന്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമാകുന്നു. ടി20യിലും സമാനമാണ് കാര്യങ്ങള്‍. ഈ ദൂരം ഇനിയും വര്‍ധിക്കുമെന്ന സന്ദേശമാണ് ബിസിസിഐ നല്‍കുന്നതും. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം അത് വ്യക്തമാക്കുകയും ചെയ്തു. ധോണിയുടെ പിൻഗാമി, മധ്യനിരയിലെ കാവലാള്‍ - ഹൈപ്പിനൊടുവില്‍ പന്തിന്റെ വൈറ്റ് ബോള്‍ കരിയറിന് തിരശീല വീഴുകയാണോ.

‘’റിഷഭ് പന്തൊരു അവശ്വസനീയ ടെസ്റ്റ് താരമാണ്. ശരിയാണ് അദ്ദേഹം നിലവില്‍ ഏകദിന ടീമിന്റെ ഭാഗമല്ല. പന്ത് എന്നത്തേയും പോലെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയറായി തുടരണമെന്ന് ഞങ്ങള്‍ അഗ്രഹിക്കുന്നു. ടെസ്റ്റ് ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തില്‍ ഒരു ആശങ്കയുമില്ല. ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ച്, ഞങ്ങള്‍ വ്യത്യസ്ത ഓപ്ഷനുകളുമായി മുന്നോട്ടുപോകുകയാണ്,'' ഇതായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ഏകദിനെ ടീമിന്റെ ഭാഗമായിരുന്ന പന്തിനെ ഒഴിവാക്കിയതില്‍ അഗാര്‍ക്കര്‍ നല്‍കിയ വിശദീകരണം. പന്തിന്റെ സ്ഥാനത്ത് എത്തിയത് ഇഷാൻ കിഷൻ.
2023 ഏഷ്യ കപ്പ് മുതല്‍ ഇന്ത്യയുടെ ഏകദിന ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലാണ്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും. ഒരു ഘട്ടത്തിലും രാഹുലിനെ മാറ്റി നിര്‍ത്താൻ മാനേജ്മെന്റ് തയാറായിട്ടില്ല. കാരണം ഫോര്‍മാറ്റിലെ താരത്തിന്റെ സ്ഥിരത തന്നെയാണ്. ഇതിന്റെ നേര്‍വിപരീതമാണ് പന്തിന്റെ കാര്യം. ഇടം കയ്യൻ ബാറ്ററാണ് എന്നതായിരുന്നു പന്തിനുണ്ടായിരുന്ന ആനുകൂല്യം, അതിനെ വെല്ലുവിളിക്കാൻ പോന്ന താരങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നില്ല. പക്ഷേ, ഇന്നതല്ല സ്ഥിതി. ഇഷാൻ കിഷൻ, ഒരുതരത്തിലും മാറ്റി നിര്‍ത്താൻ കഴിയാത്ത താരമായി മാസങ്ങള്‍ക്കൊണ്ട് ഇഷാൻ ഉയര്‍ന്നു.
സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ടോപ് സ്കോറര്‍, കിരീടം നേടിയ നായകൻ. ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ്, ടി20 ലോകകപ്പില്‍ സഞ്ജു സാംസണിന് പിന്നിലായി ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്. ശേഷം ഐപിഎല്ലില്‍ അതേ മികവ് തുടരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 13 മത്സരങ്ങളില്‍ നിന്ന് 490 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. ഇതില്‍ അഞ്ച് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു.
വലം കയ്യൻ ബാറ്റര്‍മാരാല്‍ സമ്പന്നമാണ് ഏകദിന ടീമിലെ ഇന്ത്യയുടെ മുൻനിര. ശുഭ്മാൻ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍. ഇതുകൊണ്ട് തന്നെ ഇടം കയ്യൻ ബാറ്റര്‍മാരുടെ പ്രധാന്യം എപ്പോഴും ഗൗതം ഗംഭീര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. സഞ്ജു സാംസണിന് അവസാന നിമിഷം അവസരം ലഭിക്കാതെ പോയതും ഇഷാന് എൻട്രിയുണ്ടായതിന്റെ കാരണവും ഇത് തന്നെയാണ്. ഇത്രയും അനുകൂല ഘടകങ്ങളുള്ള ഇഷാനെ മറികടക്കണമെങ്കില്‍ റിഷഭ് പന്തിന് ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന ഒരു ഐപിഎല്‍ അനിവാര്യമായിരുന്നു.
എന്നാല്‍, പന്ത് തീര്‍ത്തും നിരാശയാണ് സീസണിലുടനീളം നല്‍കിയത്. 13 മത്സരങ്ങളില്‍ നിന്ന് 286 റണ്‍സ്. ഒരു അര്‍ദ്ധ സെഞ്ചുറി മാത്രം. സ്ട്രൈക്ക് റേറ്റ് 140. കഴിഞ്ഞ സീസണിന്റെ ആവര്‍ത്തനമാകുകയാണ് 2026. 2025 എഡിഷനില്‍ 269 റണ്‍സായിരുന്നു ആകെ നേട്ടം. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേടിയ സെഞ്ചുറിയായിരുന്നു നാണക്കേടില്‍ നിന്ന് കരകയറ്റിയത്. വൈറ്റ് ബോളില്‍ പന്തിന്റെ വളര്‍ച്ചയല്ല തളര്‍ച്ചയാണ് സംഭവിക്കുന്നതെന്നാണ് പോയര രണ്ട് സീസണുകള്‍ വ്യക്തമാക്കിയത്. ഫോമിലുള്ള ഇഷാനെ പരിഗണിക്കുക എന്ന ഏറ്റവും ഉചിതമായ തീരുമാനമാണ് ബിസിസിഐ എടുത്തതും.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീം 2027 ഏകദിന ലോകകപ്പിലേക്കുള്ള റോഡ് മാപ്പിന്റെ ഭാഗമായി കാണാനാകില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലായിരിക്കും വിശാലമായ ചിത്രം ലഭിക്കുക. അവിടെയും പന്തിന്റെ സാധ്യതകള്‍ വിരളമായിരിക്കും. നിലവില്‍ ഇഷാന് പുറമെ വാഷിങ്ടണ്‍ സുന്ദര്‍ ഇടം കയ്യൻ ബാറ്ററായുണ്ട്, ഇവിടേക്ക് അക്സര്‍ പട്ടേല്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സ്ഥിരതയാര്‍ന്ന പ്രകടനമാണ് സെലക്ടര്‍മാര്‍ ഡിമാൻഡ് ചെയ്യുന്നത്, അതില്‍ വിട്ടുവീഴ്ചയില്ല. പന്തിന് മുന്നില്‍ ഇഷാൻ ഉദാഹരണമായുണ്ട്, സമാന പാതയിലൂടെ മടങ്ങിയുമെത്താം. നിലവില്‍ ഒന്നും എളുപ്പമല്ല പന്തിനെന്നാണ് ടീം ലൈനപ്പ് നല്‍കുന്ന സൂചന.


