അക്വിബ് നബി, അയാളായിരുന്നു ആ ടീമിന് ടൂർണമെന്റിലുടനീളം ഇന്ധനമായത്. 10 മത്സരങ്ങളില്‍ നിന്ന് 60 വിക്കറ്റുകള്‍, ഏഴ് അഞ്ച് വിക്കറ്റ് പ്രകടനം, നാല് വിക്കറ്റുകള്‍ രണ്ട് തവണ

രഞ്ജി ട്രോഫി മൈതാനങ്ങളില്‍ വിയര്‍പ്പൊഴിക്കി നേടിയ രണ്ട് അസാധാരണ സീസണുകള്‍, ഒന്ന് ചരിത്രം ഒരിക്കലും മറക്കാത്തത്. കാത്തിരുന്നതും ആഗ്രഹിച്ചതും ലോകത്തിന് മുന്നില്‍ ആ മികവ് തെളിയിക്കാനായിരുന്നു. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകള്‍ക്കൊന്നിന് അക്വിബ് നബി വിധേയമായിരിക്കുന്നു. അയാള്‍ക്ക് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥാനം നിഷേധിച്ചതിനെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാണ്. അജിത് അഗാര്‍ക്കറിനും സംഘത്തിനും ഈ തീരുമാനത്തെ എങ്ങനെ ന്യയീകരിക്കാൻ കഴിയും.

Add Asianetnews as a Preferred SourcegooglePreferred

അക്വിബ് നബിയെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. അയാളുടെ മികവില്‍ സംശയങ്ങളില്ല. ജമ്മു കശ്മീരിനായി ചില അവിശ്വസനീയമായ പ്രകടനങ്ങള്‍ നബി പുറത്തെടുത്തിട്ടുണ്ട്. പക്ഷേ, തിരഞ്ഞെടുത്തവരില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ്, ടീം പ്രഖ്യാപനത്തിന് ശേഷമുള്ള അഗാര്‍ക്കറിന്റെ വാക്കുകളാണ്. മുഖ്യ സെലക്ടര്‍ സൂചിപ്പിച്ചതുപോളെ കേവലം ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങേണ്ട താരമാണോ അക്വിബ്, ഒരു പേസ് ബൗളര്‍കൂടിയായ അഗാര്‍ക്കര്‍ എന്തുകൊണ്ട് അയാളിലെ പ്രതഭയോട് മുഖം തിരിക്കുന്നുവെന്നതിനും കൃത്യമായ ഉത്തരമില്ല.

ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് പ്രധാന പേസര്‍മാര്‍. ബാക്ക് അപ്പായി ഗുര്‍ണൂര്‍ ബ്രാറും. ഇന്ത്യൻ ടീമിലേക്ക് എത്താൻ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയെ മതിയാകുവെന്ന് വാശിപിടിക്കുന്ന ബിസിസിഐക്ക് ബാക്ക് അപ്പ് ബൗളറായി പോലും അക്വിബിന്റെ പേര് പരിഗണിക്കാനായില്ല.

ഹൂബ്ലിയില്‍ ആറര പതിറ്റാണ്ട് പിന്നിട്ട ഒരു കാത്തിരിപ്പ് അവസാനിച്ച ദിനമുണ്ടായിരുന്നു. രഞ്ജി ട്രോഫി ആദ്യമായി ജമ്മു കശ്മീര്‍ താരങ്ങളുടെ കൈകളിലെത്തിയ സായാഹ്നം. അതും എട്ട് തവണ ജേതാക്കളായ കർണാടകയെ കീഴടക്കി. കിരീട ചിത്രങ്ങളെടുത്ത് പരിശോധിച്ചാല്‍ ഒരു ഓരോത്ത് നിലയുറപ്പിച്ച അക്വിബിനെ കാണാനാകുമായിരുന്നു. പക്ഷേ, അയാളായിരുന്നു ആ ടീമിന് ടൂർണമെന്റിലുടനീളം ഇന്ധനമായത്. 10 മത്സരങ്ങളില്‍ നിന്ന് 60 വിക്കറ്റുകള്‍, ഏഴ് അഞ്ച് വിക്കറ്റ് പ്രകടനം, നാല് വിക്കറ്റുകള്‍ രണ്ട് തവണ. ടൂർണമെന്റിലെ താരം.

മീഡിയം പേസറായിട്ടും നബി എന്തുകൊണ്ട് അപകടകാരിയാകുന്നു. കണ്‍സിസ്റ്റൻസി, അത് മാത്രമാണ് ഉത്തരം. രഞ്ജി ട്രോഫി പോലെ ദൈർഘ്യമേറിയ ഒരു ടൂർണമെന്റ്, ടെസ്റ്റ് ഫോര്‍മാറ്റ്, എറിയുന്നതെല്ലാം ലോങ് സ്പെല്ലുകള്‍. ലൈനിലും ലെങ്തിലുമുള്ള കൃത്യത, വിക്കറ്റ് ടേക്കിങ് എബിലിറ്റി, ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള വൈഭവം. എല്ലാം സമം ചേർന്നതാണ് അക്വിബ് എന്ന പേസർ.

ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രമല്ല, സമ്മർദമേറിയ നോക്കൗട്ട് മത്സരങ്ങളിലും ഇത് ആവ‍‍ര്‍ത്തിക്കാൻ അക്വിബിന് സാധിക്കുന്നുണ്ട്. നേടിയ 60 വിക്കറ്റുകളില്‍ 26 എണ്ണവും ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലുമായാണ്. മൂന്ന് മത്സരങ്ങള്‍ക്കിടെ നാല് അഞ്ച് വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു. പിന്നിട്ട രഞ്ജി സീസണില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ളതും അക്വിബിനായിരുന്നു. 28 പന്തുകളെറിയുമ്പോള്‍ ഒരു വിക്കറ്റെടുക്കാൻ അക്വിബിനാകുന്നു. ശരാശരിയെടുത്താല്‍ കേവലം 12.5 മാത്രമാണെന്നും ചേര്‍ത്തുപറയേണ്ടതുണ്ട്.

2024-25 സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളായിരുന്നു അക്വിബ് നേടിയത്. അങ്ങനെ രണ്ട് സീസണുകളില്‍ നിന്ന് 104 വിക്കറ്റുകള്‍. ഇന്ത്യൻ ടീമിലേക്ക് എത്താൻ ഈ പ്രകടനങ്ങള്‍ പോരായെന്നാണ് താരത്തിന്റെ ഒഴിവാക്കല്‍ നല്‍കുന്ന സന്ദേശം. ഇത് അക്വിബിനെ മാത്രം ബാധിക്കുന്ന ഒന്നാണോ, അല്ലായെന്നാണ് പറയാനുള്ളത്. രഞ്ജിയില്‍ മികവ് പുലര്‍ത്തി ഇന്ത്യൻ ടീമിലേക്ക് എത്താമെന്ന് കരുതുന്ന എല്ലാ ആഭ്യന്തര താരങ്ങളുടേയും സ്വപ്നങ്ങള്‍ക്ക് മുകളില്‍ നിരാശമാത്രം ചൊരിയുന്ന തീരുമാനമാണ്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയിറങ്ങിയ അക്വിബിന് നാല് മത്സരങ്ങളില്‍ നിന്ന് വിക്കറ്റൊന്നും നേടാനായിരുന്നില്ല. പക്ഷേ, ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന്റെ ആധാരമായി ഐപിഎല്ലിനെ കാണാനാകില്ലല്ലോ. ഐപിഎല്ലിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ തന്നെ രണ്ട് ആഭ്യന്തര സീസണുകളോട് കണ്ണടച്ച് അത്തരമൊരു വിലയിരുത്തല്‍ നടത്താനും കഴിയില്ലെന്നാണ് കരുതുന്നത്. ടെസ്റ്റ് ടീമിലേക്ക് എൻട്രി ലഭിച്ച 15 പേരില്‍ ഏഴ് പേരും നായകൻ ശുഭ്മാൻ ഗില്‍ ഭാഗമായ ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റൻസില്‍ നിന്നാണ്, ഗുജറാത്തിന് വേണ്ടി കളിക്കാത്തതാണോ അക്വിബിന്റെ പോരായ്മയെന്നും ഒരുവിഭാഗം വിമര്‍ശിക്കുന്നുണ്ട്.