ഏരീയല്‍ ഷോട്ടുകളോട് പ്രിയമുള്ള ശൈലിയില്‍ നിന്ന് ഗ്രൗണ്ട് ഷോട്ടുകളില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ഇന്നിങ്സിന് അടിത്തറ പാകിയത്

നിങ്ങള്‍ ഹിറ്റ്മാൻ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ലെ. എതിര്‍ നിരയിലെ ബൗളര്‍മാരെ നിലംപരിശാക്കി നിലയുറപ്പിക്കാൻ അനുവദിക്കാതെയുള്ള ഓള്‍ ഔട്ട് അറ്റാക്ക്. അയാളുടെ പുറത്താകലിന് മുൻപും ശേഷവും എന്നുപോലും സമീപകാലത്തെ ഇന്ത്യയുടെ മത്സരങ്ങളെ വായിക്കാനാകും. കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആവശ്യം അത്തരമൊരു ഇന്നിങ്സായിരുന്നു. ആ റോള്‍ നിര്‍വഹിക്കാനുള്ള നിയോഗം സ്വയം ഏറ്റെടുത്തു ഒരു 33 കാരൻ. കെസിഎല്ലിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സ് കലാശപ്പോരിനായി മാറ്റിവെച്ചവൻ, വിനൂപ് മനോഹരൻ.

കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് സച്ചിൻ ബേബിയുടെ കൊല്ലം സെയിലേഴ്‌സ് ചുവടുവെച്ചത് രണ്ടാം കിരീടമെന്ന സ്വപ്നനേട്ടം മുന്നില്‍ക്കണ്ടായിരുന്നു. ആ സ്വപ്നത്തിന് മുകളിലേക്കായിരുന്നു ഇടിമുഴക്കം പോലെ വിനൂപിന്റെ ഇന്നിങ്സ് വന്നുവീണത്. കൊല്ലത്തിനായി അവരുടെ മാര്‍ക്യു ബൗളര്‍ അമലെറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്ത് കട്ട് ചെയ്ത് ഡീപ് ബാക്ക്‌വേഡ് പോയിന്റിലൂടെ ബൗണ്ടറിയിലെത്തിച്ചായിരുന്നു തുടക്കം. പിന്നീട് കാര്യവട്ടം സാക്ഷ്യം വഹിച്ചത് പവര്‍പ്ലെയില്‍ നിർദാക്ഷിണ്യം ബാറ്റ് വീശുന്ന വിനൂപിനെയായിരുന്നു. ടൈമിങ്ങും പവറും ഒത്തുചേര്‍ന്ന സ്ട്രോക്ക്പ്ലെ.

ഏരീയല്‍ ഷോട്ടുകളോട് പ്രിയമുള്ള ശൈലിയില്‍ നിന്ന് ഗ്രൗണ്ടട് ഷോട്ടുകളില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ഇന്നിങ്സിന് അടിത്തറ പാകിയത്. പവൻ രാജെറിഞ്ഞ രണ്ടാം ഓവറില്‍ ഒരു ബാക്ക് ഫുട്ട് പഞ്ച്. ഡിപ് മിഡ് വിക്കറ്റിലേക്ക് പാഞ്ഞ പന്ത് ബൗണ്ടറി വര തൊടുമ്പോള്‍ കമന്ററി ബോക്സിലിരുന്നവര്‍ വിനൂപിന്റെ ടൈമിങ്ങില്‍ വാചാലമാകുകയായിരുന്നു. അമല്‍ ഒരിക്കല്‍ക്കൂടി പന്തെടുത്ത മൂന്നാം ഓവറിലായിരുന്നു ഇന്നിങ്സിന് വേഗം കൈവരിച്ചത്. എക്സ്രട്ര കവറിലൂടെയും സ്വീപ്പര്‍ കവറിലൂടെയും ഡീപ് മിഡ്‌വിക്കറ്റിലൂടെയും മൂന്ന് ബൗണ്ടറികള്‍.

മൂന്നാം ഓവറിലെ അവസാന പന്തില്‍ നേടിയ പുള്‍ഷോട്ടിന്റെ ആവര്‍ത്തനം നാലാം ഓവറിലും സംഭവിച്ചു. പവനെ ഡീപ് മിഡ്‌വിക്കറ്റിലേക്ക് പുള്‍ ചെയ്തായിരുന്നു ഫൈനലിലെ ആദ്യ സിക്സ് വിനൂപ് സ്വന്തം പേരിലെഴുതിയത്. നാലാം ഓവറില്‍ 20 റണ്‍സായിരുന്നു വിനൂപിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വിനൂപിനെ പിടിച്ചുകെട്ടാൻ അഞ്ചാം ഓവറില്‍ ഇടം കയ്യൻ സ്പിന്നറായ വിജയിയെ സച്ചിൻ എത്തിച്ചെങ്കിലും നേരിട്ട ആദ്യ പന്തില്‍ സിക്സര്‍ പായിച്ചായിരുന്നു മറുപടി നല്‍കിയത്.

അ‌ഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ അര്‍ദ്ധ ശതകം വിനൂപ് തികയ്ക്കുമ്പോള്‍ കൊച്ചിയുടെ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 57 റണ്‍സായിരുന്നു. 20 പന്തില്‍ നിന്നായിരുന്നു സീസണിലെ മൂന്നാം അര്‍ദ്ധ ശതകം വിനൂപ് നേടുന്നത്. ഫൈനലിന്റെ സമ്മര്‍ദവലയങ്ങള്‍ക്ക് മുകളില്‍ വിനൂപിന്റെ ഇന്നിങ്സ്. പവര്‍പ്ലേയുടെ അവസാന ഓവര്‍ എറിയാനെത്തിയ ഷറഫൂദീന്റെ കഥയും മറ്റൊന്നായില്ല. രണ്ട് സിക്സും ഒരു ഫോറും, ഷറഫൂദിനും അറിഞ്ഞു വിനൂപിന്റെ ബാറ്റിന്റെ ചൂട്.

ആറ് ഓവറുകള്‍ അവസാനിക്കുമ്പോള്‍ കൊച്ചി 78-1. 25 പന്തില്‍ 68 റണ്‍സുമായി വിനൂപ്. ഒൻപത് ഫോറും നാല് സിക്സറുകളും. നേരിട്ട 25 പന്തില്‍ 13 എണ്ണവും ബൗണ്ടറി. കൊച്ചിക്കായി ക്രീസിലെത്തിയ മറ്റാരുടേയും പേരില്‍ പവര്‍പ്ലേയില്‍ ഒരു ബൗണ്ടറിപോലുമുണ്ടായിരുന്നില്ല. പവര്‍പ്ലേയ്ക്ക് ശേഷം അഞ്ച് പന്തുകള്‍ മാത്രമായിരുന്നു വിനൂപ് ക്രിസീല്‍ തുടര്‍ന്നത്. അഖില്‍ സജീവന്റെ ഓവറില്‍ അഭിഷേകിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ വിനൂപിന്റെ പേരില്‍ 30 പന്തില്‍ 70 റണ്‍സ്. പിന്നീട് ബാറ്റിങ് തകര്‍ച്ചയിലേക്ക് വീണ കൊച്ചിയുടെ റണ്‍റേറ്റ് പിടിച്ചുനിര്‍ത്താൻ സഹായിച്ചത് വിനൂപിന്റെ ഇന്നിങ്സ് തന്നെയായിരുന്നു.

180 കടത്തി ആല്‍ഫി ഒരിക്കല്‍ക്കൂടി ഫിനിഷിങ് ജോലികള്‍ ഭംഗിയായി നിര്‍വഹിച്ചു. സീസണിലുടനീളം, പ്രത്യേകിച്ചു സഞ്ജു സാംസണിന്റെ അഭാവത്തില്‍ ലഭിച്ച വലിയ ഉത്തരവാദിത്തം തെല്ലും വീഴ്ചയില്ലാതെ നിര്‍വഹിക്കാൻ വിനൂപിനായി. 12 കളികളില്‍ നിന്ന് 414 റണ്‍സാണ് സീസണിലെ താരത്തിന്റെ സമ്പാദ്യം. 48 ഫോറും 24 സിക്സും ഉള്‍പ്പെടെ 172 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. മൂന്ന് അര്‍ദ്ധ ശതകങ്ങള്‍.

ഇനി അല്‍പ്പം പിന്നിലേക്ക് പോകാം. 2022 വിജയ് ഹസാരെ ട്രോഫി. വിനൂപ് കേരളത്തിനായി ക്രിസിലെത്തിയ അവസാന മത്സരം. അന്ന് പ്രിലിമിനറി ക്വാര്‍ട്ടര്‍ പൈനലില്‍ ജമ്മു കശ്മീരായിരുന്നു എതിരാളികള്‍. സച്ചിൻ ബേബിയും വിഷ്ണു വിനോദുമൊക്കെ അടങ്ങിയ ടീമില്‍ ഓപ്പണറായി ഇറങ്ങി. 62 റണ്‍സുമായി ടോപ് സ്കോര്‍. മത്സരം കേരളം പരാജയപ്പെട്ടു. എങ്കിലും വിനൂപിന്റെ ഇന്നിങ്സായിരുന്നു കേരളത്തെ കൂറ്റൻ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. വിനൂപിന്റെ തിരിച്ചുവര് സാധ്യമാക്കുമോ കെസിഎല്‍ എന്നാണ് ഇനി ആകാംഷ.