നിലവിലെ ചാമ്പ്യന്മാരായ കൊല്ലത്തിനും സച്ചിൻ ബേബിക്കും ഒരിക്കല്‍ക്കൂടി കെസിഎല്ലിലെ സിംഹാസനത്തില്‍ ഇരിക്കാനാകുമോയെന്നതാണ് ചോദ്യം
32 മത്സരങ്ങള്‍, 16 ദിവസം നീണ്ട പോരാട്ടം, തീപാറിയ ത്രില്ലറുകള്‍, കൂറ്റൻ ജയങ്ങള്‍. ഒടുവില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ സുവര്‍ണ കിരീടത്തിനായി ഏറ്റുമുട്ടാൻ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരിസ് കൊല്ലം സെയിലേഴ്‌സും. നിലവിലെ ചാമ്പ്യന്മാരായ കൊല്ലത്തിനും സച്ചിൻ ബേബിക്കും ഒരിക്കല്‍ക്കൂടി കെസിഎല്ലിലെ സിംഹാസനത്തില്‍ ഇരിക്കാനാകുമോയെന്നതാണ് ചോദ്യം. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരെന്ന ലേബലിലെത്തുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പിടിച്ചുകെട്ടുക കൊല്ലത്തിന് അത്ര എളുപ്പമാകില്ല. ആര്‍ക്കാണ് മുൻതൂക്കം, പരിശോധിക്കാം.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, സഞ്ജു സാംസണെന്ന പേരിന്റെ വലുപ്പമായിരുന്നു കൊച്ചിയെ കെസിഎല്ലിന്റെ തുടക്കത്തില്‍ തലവാചകങ്ങളില്‍ നിറച്ചത്. പക്ഷേ, ടൂര്‍ണമെന്റിന്റെ മുന്നോട്ട് പോക്കില്‍ സഞ്ജുവിന്റെ സാന്നിധ്യത്തിലും അല്ലാതെയും വിജയങ്ങള്‍ എത്തിപ്പിടിക്കാൻ സാലി സാംസണിനും സംഘത്തിനും കഴിഞ്ഞു. സൈമി ഫൈനല്‍ ഉള്‍പ്പെടെ ലീഗില്‍ കളിച്ച 11 മത്സരങ്ങളില്‍ നീലക്കടുവകള്‍ തോറ്റത് കേവലം രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു. മറ്റൊരു ടീമിനും സീസണില്‍ അവകാശപ്പെടാനില്ല ഇത്രത്തോളം ആധിപത്യമെന്നത് മറ്റൊരു കാര്യം.
ബാറ്റിങ്ങിലേക്ക് എത്തിയാല്‍ സഞ്ജു തന്നെയായിരുന്നു ബ്ലൂ ടൈഗേഴ്‌സിന്റെ ട്രംപ് കാര്‍ഡ്. സീസണില്‍ ആകെ അഞ്ച് ഇന്നിങ്സുകളില്‍ ബാറ്റ് ചെയ്ത സഞ്ജു 368 റണ്‍സുമായി ഇപ്പോഴും ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് പാതിവഴിയില്‍ മടങ്ങേണ്ടി വന്നെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോന്നവര്‍ ടീമിലുണ്ടായിരുന്നു.
അതില്‍ പ്രധാനി ഓപ്പണര്‍ വിനൂപ് മനോഹരനാണ്. 11 കളികളില്‍ നിന്ന് 344 റണ്‍സ്. 163 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന വിനൂപാണ് കൊച്ചിക്ക് സീസണിലുടനീളം മികച്ച തുടക്കങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. നിഖില്‍ തോട്ടത്ത്, സാലി സാംസണ്‍, മുഹമ്മദ് ഷാനു, ആല്‍ഫി ഫ്രാൻസിസ് ജോണ്‍ എന്നിവരും ബാറ്റുകൊണ്ട് മികവ് പുലര്‍ത്തുന്നവരാണ്. എന്നാല്‍, കൊച്ചിയുടെ പ്രധാന ആയുധം മുഹമ്മദ് ആഷിഖ് എന്ന ഓള്‍ റൗണ്ടറുടെ പ്രകടനമാണ്.
സീസണില്‍ കൊച്ചി വീണുപോയെന്ന് തോന്നിച്ച നിര്‍ണായക ഘട്ടങ്ങളിലെല്ലാം ആഷിഖ് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഉയിര്‍പ്പ് സമ്മാനിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരായ സെമി ഫൈനല്‍. 10 പന്തില്‍ 31 റണ്‍സുമായി 186 എന്ന സ്കോറിലേക്ക് എത്തിക്കുകയും ബൗളിങ്ങില്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുക്കുകയും ചെയ്തു. സീസണില്‍ ഇതുവരെ 14 വിക്കറ്റുകളും 200 റണ്‍സിലധികവും ആഷിഖ് നേടിയിട്ടുണ്ട്.
ബൗളിങ്ങില്‍ 14 വിക്കറ്റെടുത്ത കെ എം ആസിഫും 12 വിക്കറ്റെടുത്ത ജെറിൻ പിഎസുമാണ് അഷിഖിന് പുറമെ സീസണില്‍ തിളങ്ങിയത്. ആസിഫിന്റെ പരിചയസമ്പത്താകും കൊച്ചിക്ക് തുണയാകുക.
ഇനി കൊല്ലത്തിലേക്ക് വരാം. സൂപ്പര്‍ താരങ്ങളായ സച്ചിൻ ബേബിയും വിഷ്ണു വിനോദും തന്നെയാണ് കൊല്ലത്തിന്റെ കരുത്ത്. സച്ചിനാകട്ടെ ഏത് സാഹചര്യത്തിലും വിക്കറ്റിലും ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കാൻ കെല്‍പ്പുള്ളവൻ. വിഷ്ണു കൂറ്റനടികള്‍ക്കൊണ്ട് അതിവേഗം എതിരാളികളുടെ ആധിപത്യം ഇല്ലാതാക്കാൻ കഴിയുന്ന ബാറ്ററും. 11 കളികളില്‍ നിന്ന് 294 റണ്‍സാണ് സച്ചിന്റെ സീസണിലെ നേട്ടം. വിഷ്ണു 203 സ്ട്രൈക്ക് റേറ്റില്‍ 291 റണ്‍സും ഇതിനോടകം നേടിയിട്ടുണ്ട്.
ആലപ്പി റിപ്പിള്‍സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിഷ്ണു 14 പന്തില്‍ നേടിയ 39 റണ്‍സായിരുന്നു സമ്മര്‍ദത്തില്‍ നിന്ന് വിജയത്തിലേക്ക് കൊല്ലത്തെ നയിച്ചത്. ഇരുവര്‍ക്കും പുറമെ കൊല്ലത്തിന്റെ പുതിയ ഓപ്പണിങ് കൂട്ടുകെട്ടായ അഭിഷേക് നായറിന്റേയും ഭരത് സൂര്യയുടേയും ഫോം കൊല്ലത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സെമി ഫൈനലില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ തൃശൂര്‍ ടൈറ്റൻസിനെതിരെ ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ഇരുവര്‍ക്കുമായി.
ബൗളിങ്ങിലേക്ക് എത്തിയാല്‍ 11 കളികളില്‍ നിന്ന് 16 വിക്കറ്റെടുത്ത അമലാണ് കൊല്ലത്തിനെ പന്തുകൊണ്ട് നയിക്കുന്നത്. 12 വിക്കറ്റെടുത്ത അജയഘോഷാണ് ബൗളിങ് നിരയിലെ മറ്റൊരു പ്രധാനി. ഷറഫുദീനും പവൻ രാജും സച്ചിൻ ബേബിയുമൊക്കെ ബൗളിങ് നിരയുടെ കരുത്തു കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ട് കലാശപ്പോര് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.


