ടൂർണമെന്റ് നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ സിക്‌സ് ഹിറ്റിങ്ങിന്റെ കാര്യത്തില്‍ മാത്രമല്ല. റണ്‍സ്കോറർമാരിലും വിഷ്ണു മുന്നിലെത്തി

2023 ഐപിഎല്ലില്‍ നിന്ന് പറഞ്ഞുതുടങ്ങാം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടിയ സീസണിലെ 57-ാം മത്സരം. സ്ക്വയർ ലെഗിന് മുകളിലൂടെ അല്‍സാരി ജോസഫിനെ തൂക്കിയെറിഞ്ഞ് നില്‍ക്കുകയാണ് ഒരു മലയാളി പയ്യൻ. ഗം ഒക്കെ ചവച്ച്, വളരെ കൂളാണ് കക്ഷി. പിന്നീട് മുന്നിലേക്ക് എത്തിയത് സാക്ഷാല്‍ മുഹമ്മദ് ഷമിയാണ്, പ്രൈം ഷമി.

ഷമിയുടെ മൂന്നാം പന്തിലേക്ക്. ഓഫ് സ്റ്റമ്പിന്റെ ടോപ് ലക്ഷ്യമാക്കിയാണ് പിച്ച് ചെയ്തതിന് ശേഷം പാന്ത് മൂളിപറക്കുന്നത്. ഒരു ചുവട് ഇടത്തേക്ക് മാറി, വിക്കറ്റ് ഓപ്പണാക്കി. ആ പന്ത് എവിടേക്കാണ് നിക്ഷേപിക്കപ്പെടാൻ പോകുന്നതെന്ന് ആ ചുവടില്‍ അവനുറപ്പിച്ചു. പിന്നീടൊരു ക്രിസ്പ് സൗണ്ടാണ് കേട്ടത്.

കമന്ററി ബോക്‌സിലിരുന്നവരുടെ അമ്പരപ്പ് ഒരേ നിമിഷം അലയടിക്കുകയാണ്. പന്ത് ചെന്ന് പതിച്ചത് കവറിലൂടെ ഗ്യാലറിയില്‍. ബ്രെത്ത്ടേക്കിങ് വണ്‍. സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു, ബ്രില്യന്റ്, ഇൻക്രെഡിബിള്‍ ഷോട്ട്. വിഷ്ണു വിനോദ്!

രണ്ട് വർഷം. ആഭ്യന്തര സർക്ക്യൂട്ടുകളില്‍പ്പോലും നിശബ്ദമാക്കപ്പെട്ട ആ ബാറ്റ് ഒരിക്കല്‍ക്കൂടി കമന്ററി ബോക്‌സുകളില്‍ ആവേശം വിതയ്ക്കുകയാണ്. കേരള ക്രിക്കറ്റ് ലീഗില്‍, കാര്യവട്ടത്ത് കൊല്ലം സെയിലേഴ്‌സിനായി ഒരു സിക്‌സ് ഹിറ്റിങ് മെഷീനായി വിഷ്ണു വിനോദ് മാറുന്ന കാഴ്‌ച. ഒരു രാവകലത്തില്‍ 18 സിക്സറുകളാണ് വിഷ്ണുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തൊട്ടരികില്‍പ്പോലും മറ്റൊരു താരം കൂറ്റനടിയില്‍ ഏറ്റുമുട്ടാനില്ല.

Calm before the storm എന്ന് ആലാങ്കാരികമായി പറയാം വിഷ്ണുവിന്റെ ഈ കെസിഎല്‍ സീസണിനെ. ആദ്യ രണ്ട് മത്സരങ്ങളില്‍ കണക്കുകൂട്ടലുകള്‍ ആകെ പിഴച്ചു. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനോട് ഗോള്‍ഡൻ ഡക്ക്, ട്രിവാൻഡ്രം റോയല്‍സിനെതിരെ ഒരു റണ്‍സെടുക്കെ റണ്ണൌട്ടും. വിഷ്ണു ആ നിരാശ തീർത്തത് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെയായിരുന്നു.

ആദ്യ ബൗണ്ടറിയിലേക്ക് എത്താൻ എട്ടാം പന്തുവരെ കാത്തുനിന്നു. സച്ചിൻ ബേബി തകർത്തടിച്ചപ്പോള്‍ ഇടവേളകളില്‍ ഫോറും സിക്സും നേടി 13-ാം ഓവറില്‍ അർദ്ധ സെഞ്ച്വറി. പിന്നീടായിരുന്നു വിഷ്ണു തന്റെ ഗിയര്‍ മാറ്റിയത്. രണ്ട് ഓവറുകളിലായി തുടര്‍ച്ചയായി നേരിട്ട ആറ് പന്തുകള്‍ നിലം തൊടാതെ റോപ്പ് കടത്തി, ആറ് സിക്സറുകള്‍.

അഖില്‍ കെ ജി എറിഞ്ഞ 15-ാം ഓവറിലെ അവസാന മൂന്ന് പന്തുകളെത്തിയത് ഡീപ് മിഡ് വിക്കറ്റിലും ലോങ് ഓണിലും ലോങ് ഓഫിലും. ജെറിൻ പിഎസിന്റെ 16-ാം ഓവറില്‍ രണ്ടെണ്ണം ഡീപ് മിഡ് വിക്കറ്റിലേക്കും ഒന്ന് ഡീപ് എക്‌സ്ട്രാ കവറിലേക്കും. ഒടുവില്‍ 18-ാം ഓവറില്‍ ആസിഫിന്റെ പന്തില്‍ ആല്‍ഫിയുടെ കൈകളില്‍ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ വിഷ്ണുവിന്റെ പേരില്‍ 41 പന്തില്‍ 94 റണ്‍സ്. മൂന്ന് ഫോറും പത്ത് സിക്സും.

സഞ്ജു സാംസണിന്റേയും മുഹമ്മദ് ആഷിക്കിന്റേയും മികവ് വിഷ്ണുവിന്റെ ഇന്നിങ്സിന്റെ തിളക്കം കുറച്ചെങ്കിലും നേരം ഇരുട്ടി വെളുത്ത പകല്‍ എല്ലാം മാറിമറിഞ്ഞു. തൃശൂർ ടൈറ്റൻസിനെതിരെ 145 റണ്‍സ് പിന്തുടരവെ വിഷ്ണുവിന്റെ മാസ്റ്റര്‍പ്ലെ. ഇത്തവണ വിജയം തട്ടിയെടുക്കാൻ, വിട്ടുകൊടുക്കാൻ വിഷ്ണു തയാറായിരുന്നില്ല.

ചെറിയ സ്കോറിലേക്കുള്ള യാത്ര വേഗത്തിലാക്കിയുള്ള ഇന്നിങ്സ്. 38 പന്തില്‍ നിന്ന് 86 റണ്‍സ്. ഏഴ് ഫോറും എട്ട് സിക്‌സും. കൊമ്പുകുലുക്കി തോല്‍വിയറിയാതെ എത്തിയ ടൈറ്റൻസിന് മുന്നില്‍ ഒറ്റക്കൊമ്പനെപ്പോലെ വിഷ്ണു വിനോദ്. ടൈറ്റൻസിന്റെ നായകൻ സിജോമോന്റെ ഓവറില്‍ നാല് സിക്സറുകള്‍ പായിച്ച് കരുത്ത് കാട്ടി വിജയത്തിലേക്ക് കൊല്ലത്തെ അതിവേഗം അടുപ്പിച്ചു വിഷ്ണു. ഇത്തവണ മികച്ച ഇന്നിങ്സിനൊപ്പം ജയത്തിന്റെ മധുരവും കളിയിലെ താരവും.

ടൂർണമെന്റ് നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ സിക്‌സ് ഹിറ്റിങ്ങിന്റെ കാര്യത്തില്‍ മാത്രമല്ല. റണ്‍സ്കോറർമാരിലും വിഷ്ണു മുന്നിലെത്തി. നാല് മത്സരങ്ങളില്‍ നിന്ന് 181 റണ്‍സാണ് താരം നേടിയത്. 100 റണ്‍സിലധികം നേടിയവരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും വലം കയ്യൻ ഓപ്പണറുടെ പേരിലാണ്. 212 ആണ് വിഷ്ണുവിന്റെ പ്രഹരശേഷി.