, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ കനകസിംഹാസനത്തിലിരിക്കാൻ ഇക്കുറി മഞ്ഞപ്പടയ്ക്ക് കഴിയുമോ?

ഇന്റ‍ര്‍ കാശിയുടെ മണ്ണില്‍, ഏകന സ്റ്റേഡിയത്തിന്റെ എവെ ഫാൻസ് സ്റ്റാൻഡില്‍, തിടമ്പേറ്റാൻ ഒരുങ്ങുന്ന കൊമ്പനായി ഒരു മഞ്ഞത്തുരുത്ത് ഒരുങ്ങും. ആ ചെറിയ തുരുത്തൊരു ഒരു കടലായി പരിണമിക്കാൻ കാത്തിരിക്കുന്നുണ്ട് കൊച്ചിയുടെ മടിത്തട്ടിലൊരു മൈതാനം. ഒരു വ്യാഴവട്ടക്കാലം നീണ്ട നിരാശയും അമര്‍ഷവും കാത്തിരിപ്പുമെല്ലാം അവസാനിക്കാൻ പോകുകയാണെന്ന തോന്നല്‍ അവര്‍ക്കുണ്ട്, തോന്നല്‍ അല്ല വിശ്വാസമാണ്.

ആഷ്‌ലി വെസ്റ്റ്‌വുഡ്, എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിച്ചിടത്തുനിന്ന് അയാളാണ് പ്രതീക്ഷയുടെ കണിക ബാക്കിവെച്ചത്. അല്‍ ഫുര്‍സാൻ, തുമ്പിക്കൈ ചുരുട്ടി നിവര്‍ന്നുനില്‍ക്കാൻ പ്രാപ്തരാക്കിയത് അവരാണ്, വരവറിയിക്കാനുള്ള കാഹളം വടക്ക് മുഴങ്ങിയിരിക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ കനകസിംഹാസനത്തിലിരിക്കാൻ ഇക്കുറി മഞ്ഞപ്പടയ്ക്ക് കഴിയുമോ?

വെസ്റ്റ്‌വുഡില്‍ നിന്ന് തന്നെ തുടങ്ങാം. കളക്റ്റീവ് ഡിസിപ്ലിൻ, അതാണ് വെസ്റ്റ്‌വുഡിന്റെ ഫിലോസഫി. ഡീപായി ഡിഫൻഡ് ചെയ്യുകയും കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ ഗോള്‍ നേടുകയും മാത്രമല്ല, ടാക്റ്റിക്കല്‍ ഫ്ലെക്‌സിബിലിറ്റിയിലൂടെ മത്സരം നിയന്ത്രിക്കുന്നതിനാണ് മുൻതൂക്കം. കളിയുടെ ഗതിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ അയാള്‍ കൊണ്ടുവരും. പന്ത് കൈവശമില്ലെങ്കില്‍ മിഡ് ഫീല്‍ഡും ഡിഫൻസും കോംപാക്റ്റ് ഷേപ്പിലേക്ക് എത്തണം, പാസിങ് ലെയിനുകള്‍ കൃത്യമായി അടയ്ക്കണം.

പന്ത് റിക്കവര്‍ ചെയ്തുകഴിഞ്ഞാല്‍ എതിരാളികള്‍ സ്ട്രക്‌ച‍ര്‍ വീണ്ടെടുക്കും മുൻപ് തന്നെ കൗണ്ടര്‍ അറ്റാക്ക്. അറ്റാക്കുകള്‍ കൂടുതല്‍ കണ്‍ട്രോള്‍ഡായി ഡിമാൻഡ് ചെയ്യുന്ന പരിശീലകൻ കൂടിയാണ് വെസ്റ്റ്‌വുഡ്. തന്റെ സിസ്റ്റത്തിനൊത്ത് പോകാൻ സാധിക്കുന്ന ഒരു ടീമിനെയാണ് വെസ്റ്റ്‍‌വുഡ് ഒരുക്കിയിരിക്കുന്നതും. കഴിഞ്ഞ സീസണില്‍ 17 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്, വെസ്റ്റ്‌വുഡിന്റെ പുതിയ യുഗത്തില്‍ കൂടുതല്‍ ഓര്‍ഗനൈസ്‌ഡായ ഡിഫൻസീവ് ലൈൻ പ്രതീക്ഷിക്കാവുന്നതാണ്.

ഹോർമിപാം റുയിവ, ബികാഷ് യുമനം, ജെയിംസ് ബോൾട്ടൺ, ഫാലോ എൻഡിയായെ, അമേയ് റണവാഡെ തുടങ്ങി പ്രതിരോധത്തിൽ പല കോമ്പിനേഷനുകള്‍ പരീക്ഷിക്കാനുള്ള താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനുണ്ട്. തയാറെടുപ്പിന് മതിയായ സമയം ലഭിക്കാത്തതുകൊണ്ട് തന്നെ താരങ്ങള്‍ തമ്മിലുള്ള ഏകോപനമാണ് ഏറ്റവും വലിയ വെല്ലുവിളി. വിങ് ബാക്കുകള്‍ അറ്റാക്കിങ്ങിന് മുതിരുമ്പോള്‍, അല്ലെങ്കില്‍ മിഡ്‌ ഫീല്‍ഡില്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍, എതിര്‍ ടീമിന്റെ കൗണ്ടര്‍...അങ്ങനെ വെല്ലുവിളികള്‍ ഏറെയാണ്.

അമരേന്ദര്‍ സിംഗെന്ന ഗോള്‍ കീപ്പറിന്റെ പരിചയസമ്പത്ത് പ്രതിരോധത്തെ എത്രത്തോളം സഹായിക്കുമെന്നതും നോക്കിക്കാണേണ്ടതാണ്. 150ലധികം ഐഎസ്എല്‍ മത്സരങ്ങളുടെ അനുഭവമുള്ള അമരീന്ദറിന്റെ നിലവിലെ ഫോം ബ്ലാസ്റ്റേഴ്‌സിന് അത്ര ശുഭസൂചനയല്ല നല്‍കുന്നതും. കഴിഞ്ഞ സീസണില്‍ കുറവ് മത്സരങ്ങള്‍ കളിച്ച ക്ലീൻ ഷീറ്റുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായപ്പോള്‍ ഗോള്‍ വഴങ്ങുന്നത് കൂടി. പക്ഷേ, ബാക്ക്‌ ലൈനിലെ വെല്ലുവിളികളെയെല്ലാം മറികടക്കാൻ വെല്‍ ബാലൻസ്‌ഡായുള്ള ഒരു മിഡ് ഫീല്‍ഡ് മതിയാകും.

അവിടെ അയാളുണ്ട്, ബ്ലാസ്റ്റേഴ്സിന്റെ മാന്ത്രികൻ, അഡ്രിയാൻ ലൂണ. ലൂണയുടെ ക്രിയേറ്റിവിറ്റി, വിഷൻ, പാസിങ് ആക്യുറസി, എതിര്‍ നിരയുടെ സമ്മര്‍ദത്തിലും പന്ത് കൈവശം വെച്ച് മത്സരം നിയന്ത്രിക്കാനുള്ള അസാധാരണ മികവ്...ഇവയൊക്കെയും വെസ്റ്റ്‌വുഡിന്റെ സിസ്റ്റത്തിന് ബാലൻസ് നല്‍കുന്ന ഘടകം മാത്രമല്ല, കൂടുതല്‍ ലീഥല്‍ ആക്കുന്നവ കൂടിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലൂണയുടെ കാലുകളെ മാത്രം ആശ്രയിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങളും നീക്കങ്ങളും. എന്നാല്‍ ഇത്തവണ മാറ്റമുണ്ട്.

വിബിൻ മോഹനൻ, സാഹില്‍ തവോറ, നെബോസ കൊസോവിച്ച് തുടങ്ങി ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന നിരവധി താരങ്ങള്‍. ഇവിടെ പുതിയ സൈനിങ്ങായ മുഹമ്മദ് യാസിറിന് കൃത്യമായ റോളുണ്ടാകും. ഫ്രണ്ട് ലൈനിലും മിഡ്‍ ഫീല്‍ഡിലും സ്വിച്ച് ചെയ്ത് കളിക്കാൻ കഴിയുന്ന യാസിറിന്റെ ബൂട്ടുകള്‍ക്ക് ക്രിയേറ്റീവ് ഹെഡാകാനും സാധിക്കും. യാസിറിന്റെ സാന്നിധ്യം ലൂണയെ കുറച്ചുകൂടി സ്വതന്ത്രനാക്കും, ഒരുപക്ഷേ ലൂണയുടെ ഏറ്റവും മികച്ച വേര്‍ഷൻ തന്നെ സീസണില്‍ കാണാൻ കഴിഞ്ഞേക്കും.

കൗണ്ടര്‍ അറ്റാക്കിങ്ങിനും പേരുകേട്ട വെസ്റ്റ്‌വൂഡിന്റെ ശൈലിക്ക് അനുയോജ്യമായൊരു മുന്നേറ്റനിര ബ്ലാസ്റ്റേഴ്‌സിനിന്നുണ്ട്. ആന്ദ്രെ ഗ്രീൻ, മുഹമ്മദ് സനാൻ, റാംലുൻചുങ്ങ, മൊമൊ യാൻസാനെ...എന്നിങ്ങനെ നീളുന്നു പേരുകള്‍. ഗ്രീനിന്റെ പരിചയസമ്പത്ത്, സനാന്റെ വേഗം, റാലുൻചുങ്ങയുടെ വിങ് പ്ലേ, യാൻാസാനെയെന്ന സ്ട്രൈക്കര്‍...കഴിഞ്ഞ സീസണില്‍ സംഭവിച്ച ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇക്കുറി തിരുത്തേണ്ടതുണ്ട്, ലൂണ നേതൃത്വം കൊടുക്കുന്ന മധ്യനിര അവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പന്ത് വലയിലെത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകരുത്.

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ സനാനില്‍ ഏറെ പ്രതീക്ഷയുണ്ട്. ഉറുഗ്വയ്ക്ക് എതിരായ സൗഹൃദ മത്സരത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് സനാന്റേതായിരുന്നു. ആ ഇടം കാല്‍ ഷോട്ട് എന്നും ഓര്‍മിക്കപ്പെടുന്നതും.

സ്ട്രൈക്കറായി യാൻസാനെ, തൊട്ടുപിന്നില്‍ ലൂണ, വിങ്ങുകളില്‍ സനാനും ഗ്രീനും. വിബിൻ മോഹനും തവോറയും മധ്യനിരയില്‍ നല്‍കുന്ന പിന്തുണ, അമരീന്ദറിന് മുന്നില്‍ കോട്ടകെട്ടാൻ നാല് പേര്‍...4-2-3-1. കിരീടത്തിലേക്ക് കുതിക്കാനുള്ള ഇന്ധനം ഡഗൗട്ടിലുമുണ്ട്. കുന്നോളം പ്രതീക്ഷകള്‍ ഗ്യാലറിയിലും. കാത്തിരിക്കാം..