തുടക്കം ഗംഭീരമായിരുന്നില്ല, പക്ഷേ, 10 പന്തുകള്‍ക്കുള്ളില്‍ സിറാജ് കളമറിഞ്ഞു. ബ്രാൻഡണ്‍ കിങ്ങിന്റെ വിക്കറ്റായിരുന്നില്ല സിറാജിന്റെ ക്ലാസ് ഊട്ടിയുറപ്പിച്ചത്

Rhythm, momentum, technique, skill, impact - Mohammed Siraj. ഓവലില്‍ എവിടെ നിര്‍ത്തിയൊ അഹമ്മദാബാദില്‍ അത് തുടരുകയാണ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആ ചുവന്ന പന്ത് കയ്യിലെടുക്കുമ്പോള്‍ അയാളില്‍ ആ ഇടവേളയുടെ ആലസ്യം നിങ്ങള്‍ക്ക് കാണാനാകില്ല. ഇന്നിന്റെ ഇതിഹാസമെന്ന് വാഴ്‌ത്തപ്പെടുന്ന സാക്ഷാല്‍ ജസ്പ്രിത് ബുമ്ര നിഴലായി മാറുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ച അയാള്‍ സൃഷ്ടിക്കുകയായിരുന്നു. വിൻഡീസിനെതിരായ ഒന്നാം ദിനം അഹമ്മദാബാദിലെ ആകാശങ്ങള്‍ക്ക് കീഴില്‍, Siraj was unstoppable.

പേരും പെരുമയും നിറഞ്ഞ ചരിത്രമുണ്ടായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഐഡന്റിറ്റി ക്രൈസിസ് നേരിടുന്ന സംഘമാണ് വെസ്റ്റ് ഇൻഡീസ്. ഇന്ത്യൻ മണ്ണിലേക്ക് ചുവടുവെക്കുമ്പോള്‍ അവര്‍ക്ക് ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തെളിയിക്കാൻ ഏറെയുണ്ടായിരുന്നു. പക്ഷേ, അവരുടെ പ്രതീക്ഷകളുടെ മുനയൊടിച്ചുകൊണ്ടായിരുന്നു സിറാജിന്റെ കൈകളില്‍ നിന്ന് ഓരോ പന്തും വർഷിക്കപ്പെട്ടത്. 

ഒരു സിറാജ് മൊമന്റ്

തുടക്കം ഗംഭീരമായിരുന്നില്ല, പക്ഷേ, 10 പന്തുകള്‍ക്കുള്ളില്‍ സിറാജ് കളമറിഞ്ഞു. പതിനൊന്നാം പന്തിലെ ചന്ദര്‍പോളിന്റെ വിക്കറ്റായിരുന്നില്ല, അല്ലെങ്കില്‍ ബ്രാൻഡണ്‍ കിങ്ങിന്റെ വിക്കറ്റായിരുന്നില്ല സിറാജിന്റെ ക്ലാസ് ഊട്ടിയുറപ്പിച്ചത്. വിൻഡീസ് നായകൻ റോസ്റ്റൻ ചേസിനെ നിഷ്പ്രഭമാക്കിയ ആ പന്തായിരുന്നു.

വിൻഡീസ് നിരയില്‍ ഏറ്റവും കംപോസ്ഡായി കണ്ട ബാറ്റര്‍. തന്റെ രണ്ടാം സ്പെല്ലിലെ രണ്ടാം ഓവറിലാണ് സിറാജ്, അഞ്ചാം പന്ത്, സ്ക്രാമ്പിള്‍ഡ് സീം ഡെലിവെറി. സിറാജ് പന്ത് റിലീസ് ചെയ്തതിന് ശേഷമുള്ള ആ നിമിഷത്തില്‍ ഏതൊരു ബാറ്ററും കണക്കുകൂട്ടിയിട്ടുണ്ടാകണം അതൊരു ഇൻസ്വിങ്ങറായിരിക്കുമെന്ന്. കാരണം സ്ക്രാമ്പിള്‍ഡ് സീം ഡെലിവെറികള്‍ പിച്ച് ചെയ്തതിന് ശേഷം പത്തില്‍ ഒൻപത് തവണയും ഇൻസ്വിങ്ങറാകാനാണ് സാധ്യത കൂടുതലെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പോലും പറയുന്നു. ഇതുതന്നെയായിരുന്നു ചേസിന്റെയും കണക്കുകൂട്ടലുകൾ.

പക്ഷേ, അവിടെ മറ്റൊന്ന് സംഭവിക്കുകയാണ്. സിറാജിന്റെ ഇത്തരം പന്തുകളുടെ പ്രത്യേകത അതിന്റെ അണ്‍പ്രെഡിക്റ്റബിലിറ്റിയാണ്, ഈ നിമിഷവും അത് ആവര്‍ത്തിക്കുകയായിരുന്നു. പന്ത് വിക്കറ്റില്‍ പിച്ച് ചെയ്തതിന് ശേഷം 0.7 ഡിഗ്രി ആംഗിള്‍ സൃഷ്ടിക്കുന്നു, എവെ സ്വിങ്. ഓണ്‍ സൈഡിലേക്ക് കളിക്കാനിരുന്ന ചേസ് അവിടെ ബീറ്റണാവുകയാണ്, ഒരു അണ്‍പ്ലെയബിള്‍ ഡെലിവെറി. പന്ത് ബാറ്റിലുരസി പിന്നിലേക്ക്. ചേസിന്റെ കണക്കുകൂട്ടലിനൊപ്പം നീങ്ങിയ ജൂറലിന്റെ ഫൂട്ട് മൂവ്മെന്റ് പന്തിന്റെ ദിശക്ക് ഒപ്പമായിരുന്നില്ല. എന്നിരുന്നാലും പന്ത് കൈപ്പിടിയിലൊതുക്കാൻ ജൂറലിന് കഴിഞ്ഞു. മൊമന്റ് ഓഫ് ദ മാച്ച്.

ഇതേ സ്ക്രാമ്പിള്‍ഡ് സീം ഡെലിവെറിയായിരുന്നു ബ്രാൻഡൻ കിങ്ങിന്റെ മിഡില്‍ സ്റ്റമ്പ് ഭേദിച്ചതും. ഔട്ട്സൈ‍ഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ഫുള്‍ ലെങ്ത് ഡെലിവെറി. ഇതിന് മുൻപ് സിറാജെറിഞ്ഞ മൂന്ന് പന്തുകളും ഇൻസ്വിങ്ങറുകളായിരുന്നു. എന്നിട്ടും ബ്രാൻഡൻ കിങ് പന്ത് ലീവ് ചെയ്യുക എന്ന തീരുമാനത്തിലെത്തി. ലീവ് ചെയ്യാൻ ബാറ്റ് ഉയ‍‍ര്‍ത്തിയ നിമിഷനേരത്തിനുള്ളില്‍ ബ്രാൻഡൻ കിങ്ങിന് പവലിയിനിലേക്കുള്ള വഴിയൊരുക്കി സിറാജ്. ക്ലീൻ ബൗള്‍ഡ്.

ഇനി തലപ്പത്ത്

പതിനാല് ഓവറില്‍ മൂന്ന് മെയിഡൻ ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍. വിൻഡീസിന്റെ മുൻനിരയെ ഒറ്റയ്ക്ക് ത‍ക‍‍‍ര്‍ത്തെറിഞ്ഞ മിയാൻ മാജിക്ക്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ 2025-27 സൈക്കിളിലെ ലീഡിങ് വിക്കറ്റ് ടേക്കറായാണ് ഒന്നാം ദിനം സിറാജ് കളം വിട്ടത്. ആറ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 27 വിക്കറ്റ്. സിറാജിന്റെ വിക്കറ്റുകള്‍‍ കണ്ടാല്‍‍ അയാളത് എളുപ്പം നേടിയെടുത്തുവെന്ന് തോന്നിച്ചേക്കാം. പക്ഷേ, അതങ്ങനയല്ല. ഒരുകാലത്ത് വോബിള്‍ സീം എന്തെന്ന് പോലുമറിയാത്തൊരാള്‍ ഇപ്പോള്‍ അതേ പന്തുകൊണ്ട് എതിര്‍ബാറ്റര്‍മാരെ ക്ലുലെസാക്കുന്നു.

കഠിനാധ്വാനം ചെയ്തിട്ടാണ് എനിക്ക് വിക്കറ്റുകള്‍ ലഭിക്കുന്നത്. ഇംഗ്ലണ്ടിലും അങ്ങനെയായിരുന്നു. ഇൻസ്വിങ് ലഭിക്കാതിരുന്നപ്പോള്‍, ഓട്ടോമാറ്റിക്കായി ഔട്ട് സ്വിങ് ലഭിക്കാൻ തുടങ്ങി. അപ്പോഴാണ് അത് വോബിള്‍ സീം ആണെന്ന് മനസിലാക്കിയത്. പിന്നീട് ഞാൻ അത് പരിശീലിക്കാൻ തുടങ്ങി. ഇപ്പോള്‍ ഞാനതില്‍ വിജയം നേടുന്നു...സിറാജ് പറഞ്ഞു നിര്‍ത്തി. അഞ്ചാം വിക്കറ്റെന്ന തിളക്കം മാത്രമില്ലാതെയായിരുന്നു സിറാജിന്റെ ഒന്നാം ദിനത്തിലെ മടക്കം.