കേവലം 26 വയസ് മാത്രമുള്ള ഗില്ലിനെ സംബന്ധിച്ച് മുന്നിലുള്ളത് കരിയറിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളാണ്. വിരാട് കോഹ്ലി, സച്ചിൻ, ഗവാസ്ക്കര്‍ എന്നിവർ ചെയ്തത് ആവർത്തിക്കാൻ നിയോഗിക്കപ്പെട്ടവൻ
ചെറിയ ഫോർമാറ്റില്‍ നിന്ന് ദൈർഘ്യമേറിയതിലേക്ക് ചുവടുമാറുമ്പോഴായിരിക്കും ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുക. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍ പറഞ്ഞ വാക്കുകളാണിത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ നായകനും ബാറ്ററുമായുള്ള തിളക്കം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 754 റണ്‍സ്, ചരിത്രനേട്ടം. പിന്നാലെ നടന്ന ഏഷ്യ കപ്പില്‍ നേർവിപരീതമായിരുന്നു കഥ. ഏഴ് കളികളില്‍ നിന്ന് 127 റണ്‍സ് മാത്രം. ഇംഗ്ലണ്ടില്‍ നാല് സെഞ്ച്വറി നേടിയ ഗില്ലിന്റെ ബാറ്റില്‍ നിന്ന് അറേബ്യൻ മണ്ണില്‍ ഒരു അർദ്ധ ശതകം പോലുമുണ്ടായില്ല. ത്രീ ഫോർമാറ്റ് ബാറ്ററാവുക എന്നത് ഗില്ലിനും മറ്റ് താരങ്ങള്‍ക്കും ഇനിയത്ര എളുപ്പമാകില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു രണ്ട് ദ്രുവങ്ങളിലേതുപോലെയുള്ള മേല്‍പറഞ്ഞ കണക്കുകള്‍.
അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വിവിധ ഫോർമാറ്റുകളിലെ ശൈലികളില്‍ വന്നിരിക്കുന്ന മാറ്റമാണ്. ട്വന്റി 20യില്‍ ഇന്ത്യ സ്വീകരിക്കുന്ന അള്‍ട്ര അഗ്രസീവ് സമീപനം. ഏഷ്യ കപ്പിലെ ബാറ്റിങ് ലൈനപ്പിലേക്ക് നോക്കിയാല്‍ ഇന്ത്യയ്ക്കായി ഏകദിനവും ടെസ്റ്റും നിലവില്‍ കളിക്കുന്ന ഏക ബാറ്റർ ഗില്ലാണ്. ഇത് ഇന്ത്യയുടേത് മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ ലൈനപ്പുകളിലും ഇത്തരം സമാനമായ മാറ്റങ്ങള്‍ കണ്ടെത്താനാകും. ടീമിന്റെ ഗെയിം പ്ലാനിന് അനുയോജ്യമായിട്ടുള്ളവർക്ക് മാത്രമാണ് ഇടമൊരുങ്ങുക. വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ടീമുകള്‍ എന്ന ശൈലി ഇംഗ്ലണ്ടാണ് ആദ്യം അവതരിപ്പിച്ചത്,
പക്ഷേ, അല്‍പ്പം പിന്നോട്ട് പോയാല്‍ ഇതായിരുന്നില്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ. വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖര്‍ ധവാൻ, കെ എല്‍ രാഹുല്‍ എന്നിവരെ ഇന്ത്യയുടെ ടോപ് ഫോറില്‍ മൂന്ന് ഫോർമാറ്റുകളിലും കാണാനാകുമായിരുന്നു. ഈ ശൈലി കൂടുതല്‍ പ്രകടമായിരുന്നത് ഏകദിനത്തിലും ട്വന്റി 20യിലുമായിരുന്നെന്ന് മാത്രം. എന്നാല്‍, രോഹിതിന്റേയും കോഹ്ലിയുടേയും വിരമിക്കലിന് ശേഷമാണ് മൂന്ന് ഫോർമാറ്റിലും വലിയ മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഇന്ത്യ തയാറായിരിക്കുന്നത്.
പക്ഷേ, ഇവിടെയാണ് ഗില്ലിനെ കാത്തിരിക്കുന്ന വെല്ലുവിളിയും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്‍ ഏകദിനത്തിലും ട്വന്റി 20യിലും വൈസ് ക്യാപ്റ്റനുമാണ്. അടുത്ത വർഷം ട്വന്റി 20 ലോകകപ്പും 2027ല്‍ ഏകദിന ലോകകപ്പും വരാനിരിക്കെ ഗില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമാകും. പക്ഷേ, ഇന്ത്യയുടെ അഗ്രസീവ് ശൈലിക്ക് പിന്നാലെ പായുമ്പോള്‍ ഗില്ലിന് പിഴയ്ക്കുന്നതാണ് ഏഷ്യ കപ്പില്‍ കണ്ടത്. ഷോട്ട് സെലക്ഷനുകളില്‍ വരുന്ന പാളിച്ച ഗില്ലിന്റെ പുറത്താക്കലിലേക്ക് നയിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഇൻസ്വിങ്ങറുകളില്‍.
ഇന്ത്യയുടെ ഈ ശൈലി അഡാപ്റ്റ് ചെയ്ത ഗില്ലൊരു എക്‌സ്പ്ലോസീവ് ബാറ്ററാവുകയാണെങ്കിലും മുന്നില്‍ അപകടങ്ങളുണ്ട്. ഏറ്റവും വലിയ ഉദാഹരണമാണ് രോഹിത് ശർമ. 2022 ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് തന്റെ ബാറ്റിങ് ശൈലിയില്‍ കൊണ്ടുവന്ന മാറ്റം ശ്രദ്ധിക്കുക. തന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ടീമിന്റെ വിജയത്തിന് എത്രത്തോളം സംഭാവന നല്‍കാമെന്നതിലായിരുന്നു. 2022 മുതല്‍ 25 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ രോഹിതിന്റെ ഏകദിന സ്ട്രൈക്ക് റേറ്റ് 117 ആണ്. ട്വന്റി 20യില്‍ 150നടുത്തും.
പക്ഷേ, ഈ കാലയളവില്‍ രോഹിതെന്ന ടെസ്റ്റ് ബാറ്ററുടെ വീഴ്ചയ്ക്കും ക്രിക്കറ്റ് ലോകം സാക്ഷിയാവുകയും ചെയ്തു. രോഹിതിന് വൈകാതെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടതായും വന്നു. കോഹ്ലിയുടെ ട്വന്റി 20 കരിയറിന്റെ അസ്തമയ സമയങ്ങളില്‍ സംഭവിച്ചതും ഉദാഹരണമാണ്. ഇന്ത്യയുടെ അഗ്രസീവ് ക്രിക്കറ്റിനൊപ്പം സഞ്ചരിക്കാൻ കോഹ്ലിക്ക് കഴിയാതെ പോയ പലസാഹചര്യങ്ങളും കണ്ടു.
കേവലം 26 വയസ് മാത്രമുള്ള ഗില്ലിനെ സംബന്ധിച്ച് മുന്നിലുള്ളത് കരിയറിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളാണ്. ഒരുപക്ഷേ, ഗവാസ്ക്കറും സച്ചിനും കോഹ്ലിയുമൊക്കെ ഇന്ത്യയ്ക്ക് എന്ത് നല്‍കിയോ അത് വരുന്ന പത്ത് വർഷം ആവർത്തിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള താരം.
രോഹിതിനും കോഹ്ലിക്കും ഏകദിന ക്രിക്കറ്റില്‍ ഒരുപാട് നാളുകള്‍ അവശേഷിക്കുന്നില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെ ഗില്ലിന്റെ ചുമലിലെത്തുന്ന ഉത്തരവാദിത്തവും ഏറെയാണ്. ഇടവേളകളില്ലാതെ മുന്നിലെത്തുന്ന വിവിധ ഫോര്‍മാറ്റുകളുടെ വേഗത്തിനും വേഗക്കുറവിനും ഒപ്പമോടാൻ ഗില്ലിനാകുമോയെന്നതാണ് ആകാംഷ.


