ജസ്പ്രിത് ബുമ്ര എന്ന ഇതിഹാസത്തിന്റെ തണല്‍ ഇന്ത്യൻ പേസ് നിരയിലില്ലെന്ന് ഒരിക്കല്‍പ്പോലും അറിയിക്കാൻ സിറാജ് തയാറായിട്ടില്ല പരമ്പരയില്‍

മൂന്ന് വോബിള്‍ സീം പന്തുകളെറിഞ്ഞു, ശേഷം ഒരു ടൊ ക്രഷിങ് യോർക്കർ. ജേക്കബ് ബെഥല്‍ എന്ന യുവതാരത്തിന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് മുഹമ്മദ് സിറാജിന്റെ വ്യക്തിഗത മികവ്. 'അതെന്തൊരു പദ്ധതിയായിരുന്നു - What a plan it was' എന്നാണ് സിറാജ് പോലും ആ പന്തിനെക്കുറിച്ച് പറഞ്ഞത്, അഞ്ചാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ച ശേഷവും ആ ആശ്ചര്യം സിറാജില്‍ നിന്ന് വിട്ട് മാറിയിരുന്നില്ല. അത് ദിനേശ് കാർത്തിക്കുമായുള്ള അഭിമുഖത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

ജസ്പ്രിത് ബുമ്ര എന്ന ഇതിഹാസത്തിന്റെ തണല്‍ ഇന്ത്യൻ പേസ് നിരയിലില്ലെന്ന് ഒരിക്കല്‍പ്പോലും അറിയിക്കാൻ സിറാജ് തയാറായിട്ടില്ല പരമ്പരയില്‍. എഡ്‌ജ്‌ബാസ്റ്റണിലെ ചരിത്ര ജയത്തില്‍ പങ്ക് ഏഴ് വിക്കറ്റുകള്‍. ഓവലില്‍ ഇതുവരെ നേടിയ ആറ് വിക്കറ്റില്‍ ഒന്നില്‍പ്പോലും ഫീല്‍ഡര്‍മാരുടെ സഹായം സിറാജിന് ആവശ്യമായി വന്നിട്ടില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്. സാക്ക് ക്രൊളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥല്‍ എന്നിവരുടെയെല്ലാം പ്രതിരോധം തകര്‍ത്ത ഇൻസ്വിങ്ങറുകള്‍.

സിറാജ് തന്റെ ലെങ്തില്‍ എത്രത്തോളം സ്ഥിരത പുലര്‍ത്തുന്നുവെന്നതിന്റെ തെളിവാണ് എല്‍ബിഡബ്ല്യുകള്‍. ലൈനില്‍ നേരിയ പിഴവുകള്‍ സിറാജിന് സംഭവിച്ചിരുന്നെങ്കിലും ലെങ്തില്‍ വിട്ടുവീഴ്ചകളുണ്ടായിരുന്നില്ല.

ഇംഗ്ലണ്ട് പര്യടനമെടുത്താല്‍, സിറാജിനെ വാഴ്ത്തുന്നവരെല്ലാം ഉറക്കെപ്പറയുന്ന ഒരു കാര്യമുണ്ട്. അത് സിറാജിന്റെ സാങ്കേതിക മികവ് മാത്രമല്ല. മറിച്ച്, സിറാജ് എന്ന താരത്തിന്റെ സാന്നിധ്യം എത്രത്തോളം പ്രചോദനം നല്‍കുന്നതാണ് എന്നതാണ്. ഹൃദയംകൊണ്ട് പന്തെറിയുന്ന താരമാണ് സിറാജ്, സിറാജിന്റെ സാന്നിധ്യം ഏതൊരു ക്യാപ്റ്റനും അനുഗ്രമാണെന്നാണ് കമന്ററി ബോക്സില്‍ അണിനിരന്ന ഇതിഹാസങ്ങള്‍ പറഞ്ഞത്. അത് ശരിവെക്കുന്നതാണ് കണക്കുകളും.

ഒൻപത് ഇന്നിങ്സുകളിലായ് 1088 പന്തുകളാണ് പരമ്പരയിലുടനീളം സിറാജ് എറിഞ്ഞത്. 181.2 ഓവര്‍. മറ്റൊരു ബൗളറും ഇത്രയും ഓവറുകള്‍ പരമ്പരയില്‍ എറിഞ്ഞിട്ടില്ല എന്നത് സിറാജിന്റെ ജോലിഭാരം എത്രത്തോളമാണെന്ന് എടുത്തുകാണിക്കുന്നു. 20 വിക്കറ്റുകള്‍ നേടി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത്. 181 ഓവറുകളെറിഞ്ഞ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്ക്സാണ് തൊട്ടുപിന്നിലുള്ളത്.

നാലാം ദിനത്തിലെ ആദ്യ മണിക്കൂറില്‍ 37 പന്തുകളാണ് സിറാജ് എറിഞ്ഞത്. 13 ഫാള്‍സ് ഷോട്ടുകള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നിന്ന് സൃഷ്ടിക്കാൻ സിറാജിന് സാധിച്ചിരുന്നു. ഇതിനെല്ലാം പുറമെ എഡ്ജുകള്‍. 26 റണ്‍സാണ് ഈ സമയത്ത് സിറാജ് വഴങ്ങിയത്. ഇതില്‍ 13 റണ്‍സും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നേടിയത് എഡ്ജില്‍ നിന്നായിരുന്നു. ആദ്യ മണിക്കൂറില്‍ സിറാജിന് വിക്കറ്റ് ലഭിച്ചില്ല എന്നത് മാത്രമായിരുന്നു ഒരു പോരായ്മ. എന്നാല്‍, വോബിള്‍ സീമിലൂടെ ഒലി പോപ്പിനെ വൈകാതെ മടക്കി ആ ക്ഷീണം തീര്‍ക്കാനും വലം കയ്യൻ പേസര്‍ക്ക് കഴിഞ്ഞു.

നാലാം ദിനം അവസാന സെഷനിലേക്ക് മത്സരം കടന്നപ്പോള്‍ പോലും സിറാജിന്റെ കാലുകളില്‍ തളര്‍ച്ച കാണുന്നുണ്ടായിരുന്നില്ല. ഇന്നിന്റെ ഇതിഹാസമായ ജോ റൂട്ടിനേയും ഭാവിതാരമെന്ന് വിശേഷിപ്പിക്കുന്ന ഹാരി ബ്രൂക്കിനേയും മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍.

അവസാന സെഷനില്‍ തുടര്‍ച്ചയായി എട്ട് ഓവറുകളാണ് സിറാജ് ഒരു സ്പെല്ലില്‍ എറിഞ്ഞത്. ഒരു പേസറെ സംബന്ധിച്ച് എട്ട് ഓവര്‍ സ്പെല്ലെന്നത് അല്‍പ്പം കഠിനമായ ഒന്നുതന്നെയാണ്. 66-ാം ഓവറില്‍ റൂട്ട് തുടര്‍ച്ചയായി രണ്ട് തവണ സിറാജിനെ ബൗണ്ടറി പായിക്കുന്നു. പിന്നീട് സിറാജ് 31 പന്തുകളാണ് എറിഞ്ഞത്. വഴങ്ങിയത് കേവലം നാല് റണ്‍സ് മാത്രമായിരുന്നു. റൂട്ടും ബെഥലും ജേമി സ്മിത്തും ഓവര്‍ട്ടണുമെല്ലാം ഏത് നിമിഷവും പവലിയനിലേക്ക് മടങ്ങുമെന്ന് തോന്നിച്ചിരുന്നു. സിറാജ് ഉയര്‍ത്തിയ സമ്മര്‍ദത്തില്‍ നിന്നായിരുന്നു ബെഥലിന്റേയും റൂട്ടിന്റേയും വിക്കറ്റുകള്‍ പ്രസിദ്ധ് നേടിയതും.

ഇംഗ്ലണ്ടില്‍ മാത്രമല്ല സിറാജിന്റെ ഹൃദയം നല്‍കിയുള്ള പന്തേറുണ്ടായത്. ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയിലും അത് കണ്ടിരുന്നു. 157.1 ഓവറുകളാണ് സിറാജ് ഓസീസ് മണ്ണിലെറിഞ്ഞത്. ബുമ്ര 151 ഓവറുകളും. സിറാജിന്റെ ഒരു ഓഫ് കളര്‍ സീരീസായാണ് ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫി കണക്കാക്കപ്പെട്ടതെങ്കിലും 20 വിക്കറ്റുകള്‍ താരം നേടിയിരുന്നു.

ജോ റൂട്ട് സിറാജിനെക്കുറിച്ച് പറഞ്ഞ് ഇപ്രകാരമായിരുന്നു. സിറാജ് ഒരു പോരാളിയാണ്, ഒരു യഥാര്‍ത്ഥ പോരാളി. നിങ്ങളുടെ ടീമില്‍ എപ്പോഴും വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരൻ. അയാള്‍ ഇന്ത്യക്കായി എല്ലാം നല്‍കുന്നു. അദ്ദേഹം മത്സരത്തിനെ സമീപിക്കുന്ന രീതിക്ക് എല്ലാ അംഗീകാരങ്ങളും അര്‍ഹിക്കുന്നു. സിറാജ് ടീമിനായി എത്രത്തോളം സമര്‍പ്പിക്കുന്നുണ്ടെന്ന് ഓവറുകളുടെ എണ്ണം മാത്രമല്ല, ലോര്‍ഡ്സില്‍ തലകുനിച്ച് ഇരുന്ന നിമിഷങ്ങള്‍ക്കൂടി ഉദാഹരിക്കാം.