ഒപ്പണിങ് സ്ലോട്ടിലേക്ക് കടുത്ത മത്സരം നടക്കുമ്പോള്‍, തന്റെ സ്ഥാനം നഷ്ടമാകാനുള്ള സാധ്യതകള്‍ പോലും ഉയര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു സഞ്ജുവിന്റെ ഈ തീരുമാനം

True greatness isn't just about runs and records, it's about putting the team first - ഒരു കളിക്കാരന്റെ യഥാർത്ഥ മഹത്വം തിരിച്ചറിയുന്നത് റണ്‍സിലൂടെയും റെക്കോര്‍ഡുകളിലൂടെയും മാത്രമല്ല, മറിച്ച് അയാള്‍ തന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് മുകളില്‍ ടീമിന് എത്രത്തോളം മുൻഗണന നല്‍കുന്നുവെന്ന് കൂടി മനസിലാക്കുമ്പോഴാണ്...

വെല്ലിങ്ടണില്‍ അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് ന്യൂസിലൻഡ് ബൗളര്‍മാര്‍ക്ക് ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റെ പുതിയൊരു അധ്യായം പഠിപ്പിച്ചുകൊടുക്കുമ്പോള്‍ ഡഗൗട്ടില്‍ തന്റെ കരിയറിന് വളമായ ഓപ്പണിങ് സ്ഥാനം തൃജിച്ചുകൊണ്ടൊരാള്‍ ഉണ്ടായിരുന്നു, സഞ്ജു വിശ്വനാഥ് സാംസണ്‍. മത്സരശേഷം വാഴ്ത്തുപാട്ടുകള്‍ തന്നെ തേടിയെത്തുമ്പോഴും അഭിഷേകിന് പറയാനുണ്ടായിരുന്നത് സഞ്ജുവിനെക്കുറിച്ചായിരുന്നു.

പരിചിതമായ ഒരു ബാറ്റിങ് പൊസിഷൻ വിട്ടുനല്‍കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സഞ്ജു ഭായ് അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ മനോഭാവമാണ് കാണിച്ചത്, അഭിഷേക് പറഞ്ഞു. തന്റെ പ്രിയ ശിഷ്യന്റെ അസാധാരണമായ ഇന്നിങ്സിനെ അഭിനന്ദിക്കുമ്പോഴും യുവരാജ് സിങ് സഞ്ജുവിന്റെ ത്യാഗത്തെ വിസ്മരിച്ചിരുന്നില്ല. Hats off to Sanju Samson, playing at no. 3 as a complete team man എന്നായിരുന്നു യുവി എക്‌സില്‍ കുറിച്ചത്.

ഒപ്പണിങ് സ്ലോട്ടിലേക്ക് കടുത്ത മത്സരം നടക്കുമ്പോള്‍, തന്റെ സ്ഥാനം നഷ്ടമാകാനുള്ള സാധ്യതകള്‍ പോലും ഉയര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു സഞ്ജുവിന്റെ ഈ തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ സഞ്ജുവിനോളം കയ്യടികള്‍ അര്‍ഹിക്കുന്ന മറ്റൊരു താരം ഉണ്ടാകില്ല. 2023 ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ ടീമിന് മുൻതൂക്കം നല്‍കി തനിക്ക് അനായാസം നേടിയെടുക്കാൻ കഴിയുമായിരുന്ന സെഞ്ചുറികളും അര്‍ദ്ധ ശതകങ്ങളും ബലികൊടുത്തത് ഓര്‍മയില്ലേ. ഒരുപക്ഷേ അതിനൊപ്പം ചേര്‍ത്തുവെക്കാം സഞ്ജുവിന്റെ കരിയറിനേയും.

ഇവിടെ എടുത്തുപറയേണ്ടത് മറ്റൊന്നാണ്. പവര്‍പ്ലേയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി ഇന്നിങ്സിന് അടിത്തറയിടുന്നതാണ് സഞ്ജുവിന്റെ ശൈലി. ഫീല്‍ഡിങ് ആനൂകൂല്യങ്ങള്‍ ഒഴിവാക്കിയാലും അതേ ടെമ്പൊ തുടരാൻ കഴിയുമെന്ന് സഞ്ജു 2026 ടി20 ലോകകപ്പില്‍ മൂന്ന് തവണ തെളിയിച്ചതുമാണ്. പക്ഷേ, മൂന്നാം നമ്പറിലേക്ക് ചുവടുമാറുമ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ പരിശോധിക്കേണ്ടത് സഞ്ജുവിന് ഈ പൊസിഷനില്‍ സക്സസ് ഉണ്ടോയെന്നതാണ്.

എട്ട് ഇന്നിങ്സുകളിലാണ് സഞ്ജു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഒരു അര്‍ദ്ധ സെഞ്ചുറിയടക്കം 118 റണ്‍സ് മാത്രമാണ് നേട്ടം. ശരാശരി 14, സ്ട്രൈക്ക് റേറ്റ് 120നും താഴെ. ഇനി ഓപ്പണറായുള്ള കണക്കുകള്‍ പരിശോധിക്കാം. 43 ഇന്നിങ്സുകള്‍, മൂന്ന് സെഞ്ചുറി, ഒൻപത് അര്‍ദ്ധ ശതകം. 180 സ്ട്രൈക്ക് റേറ്റില്‍ 1334 റണ്‍സ്. സ്ട്രൈക്ക് റേറ്റിലും ശരാശരിയിലും അഭിഷേകിനേക്കാള്‍ അല്‍പ്പം മാത്രമാണ് പുറകിലുള്ളതും. തനിക്ക് കൂടുതല്‍ പരാജയം സംഭവിച്ചിട്ടുള്ള മൂന്നാം നമ്പറിലേക്കാണ് സഞ്ജു ഇറങ്ങിയിരിക്കുന്നത്. അഭിഷേക് പറഞ്ഞതുപോലെ, ദാറ്റ് ഷോസ് ഹിസ് ക്യാരക്റ്റ‍ര്‍.

അഭിഷേക്, സഞ്ജു, വൈഭവ്, ഇഷാൻ കിഷാൻ. ഇത് ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെന്റിനെ സംബന്ധിച്ച് ഒരു ഡിലമ അല്ല. മറിച്ച് ഒരു ലക്ഷ്വറിയാണ്. എതിര്‍ ടീമിനെ പവര്‍പ്ലേയില്‍ തന്നെ മത്സരത്തില്‍ നിന്ന് തുടച്ചുമാറ്റാൻ കഴിയുന്ന നാല് താരങ്ങള്‍, നാല് പേരും ഓപ്പണര്‍മാരും. വൈഭവിനേയും സഞ്ജുവിനേയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാൻ ഇന്ത്യക്ക് സാധിക്കും. ക്രൈസ്റ്റ് ചര്‍ച്ചിലെ സ്വിങ്ങിങ് കണ്ടീഷനില്‍ സഞ്ജുവിനേയും വെല്ലിങ്ടണില്‍ വൈഭവിനെ ഇറക്കിയതും ഉദാഹരണമായി പറയാം.

ഇഷാൻ ഏത് പൊസിഷനിലും ഒരുപോലെ തിളങ്ങുമെന്ന് സമീപകാലത്ത് തെളിയിച്ചിട്ടുണ്ട്, ഇഷാന്റെ ഫ്ലെക്സിബിലിറ്റി ഇന്ത്യയുടെ മറ്റൊരു പോസിറ്റീവാണ്. ഇവിടെ പരസ്പരം നല്‍കുന്ന പിന്തുണയാണ് വിജയത്തിന്റെ ആധാരം. സഞ്ജു അഗ്രസീവ് മോഡിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോള്‍ അഭിഷേക് സെക്കൻഡ് ഫിഡിലായി മാറാറുണ്ട്. ലോകകപ്പില്‍ സഞ്ജു ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ സപ്പോര്‍ട്ട് നല്‍കാൻ ഇഷാൻ തയാറായതുപോലെ. വൈഭവ് സൂര്യവംശി ഇക്വേഷനിലേക്ക് വരുമ്പോഴാണ് രണ്ട് എൻഡുകളിലും അഗ്രസീവ് ക്രിക്കറ്റ് കാണാനാകുന്നത്.

സെലക്ഷനിലെ ആശയക്കുഴപ്പങ്ങളും വിമര്‍ശനങ്ങളും ആരാധകര്‍ക്കിടയിലുണ്ടാകും, എന്നാല്‍ മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം അഗ്രസീവ് അപ്രോച്ചില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഈ മാറ്റങ്ങളെല്ലാം നടപ്പാക്കാനാകും. ഇന്ത്യക്ക് മറ്റ് ടീമുകള്‍ക്ക് മുകളില്‍ ലഭിക്കുന്ന എഡ്ജും ഇതാണ്. The focus is on winning matches, not personal milestones.