റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും മാനേജ്‌മെന്‍റിനെയും ഉഗ്രന്‍ വിരുന്നൊരുക്കിയാണ് ധോണിയും ഭാര്യ സാക്ഷിയും വരവേറ്റത്.
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിന് ധോണിയെന്ന ഇതിഹാസത്തെ സംഭാവന ചെയ്ത നഗരമാണ് റാഞ്ചി. അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് റാഞ്ചി അത്രത്തോളം പ്രിയപ്പെട്ട വേദിയാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം അതിനാല്‍ തന്നെ ആവേശത്തിലാണ്. റാഞ്ചിയിലെത്തിയ സഹതാരങ്ങളെയും ടീം മാനേജ്‌മെന്‍റിന്‍റെയും ഉഗ്രന്‍ വിരുന്നൊരുക്കിയാണ് ധോണിയും ഭാര്യ സാക്ഷിയും വരവേറ്റത്.
ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി, സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിരുന്നിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പരമ്പര ജയത്തിനായുള്ള മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിന്‍റെ ആവേശം കൂട്ടുന്നതായി ധോണി ഒരുക്കിയ വിരുന്ന്.
റാഞ്ചിയില്‍ വെള്ളിയാഴ്‌ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കോലിപ്പട പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയിലിറങ്ങുക. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം മത്സരം എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഏകദിനത്തില്‍ 59 റണ്‍സെടുത്ത ധോണി നാഗ്‌പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ പൂജ്യത്തില്‍ പുറത്തായിരുന്നു. എന്നാല്‍ സ്വന്തം നാട്ടിലെ അവസാന മത്സരമാകാന്‍ സാധ്യതയുള്ളതിനാല്‍ മിന്നും പ്രകടനമാണ് മഹിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
