റാഞ്ചി: ഏകദിന ലോകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത എം എസ് ധോണി ക്രിക്കറ്റില്‍ നിന്ന് ലഭിച്ച ഇടവേള ആസ്വദിക്കുന്ന തിരക്കിലാണ്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ലാത്ത ധോണി കുടുംബത്തോടൊപ്പം മാലദ്വീപില്‍ അവധിക്കാല ആഘോഷത്തിലാണിപ്പോള്‍.

കൂടെ സുഹൃത്തുക്കളും ഇന്ത്യന്‍ ടീമിലെ മുന്‍ സഹതാരങ്ങളുമായ ആര്‍ പി സിംഗും പിയൂഷ് ചൗളയുമുണ്ട്. കരിയറിന്റെ തുടക്കം മുതലെ ധോണിയുടെ അടുത്ത സുഹൃത്താണ് ആര്‍ പി സിംഗ്. ബിസിസിഐ രൂപീകരിച്ച പുതിയ ക്രിക്കറ്റ് ഉപദേശക സമതിയിലെ അംഗം കൂടിയാണിപ്പോള്‍ ആര്‍ പി സിംഗ്. മാലദ്വീപില്‍ അവധിക്കാലം ആസ്വദിക്കുന്ന ധോണി ആര്‍ പി സിംഗിനും പിയൂഷ് ചൗളയ്ക്കും  പാനി പൂരി വിളമ്പി കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.  എംഎസ് ധോനി ഫാൻസ് ഒഫിഷ്യൽസ് എന്ന ട്വിറ്റർ പേജിലാണ് ആർപി സിംഗിന് ധോണി പാനിപ്പൂരി വിളമ്പുന്നത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പീയുഷ് ചൗളയെയും വീഡിയോയിൽ കാണാം. നേരെ മാലിദ്വീപിലെത്തി , ഞങ്ങളുടെ റോക്ക്സ്റ്റാർ കുറച്ച് പാനി പുരി ഉണ്ടാക്കി...ഞങ്ങളുടെ പ്രിയപ്പെട്ട ചാറ്റ് കൂടുതൽ‌ പ്രിയങ്കരമായി!- എന്നു കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഹി ഇൻ മാലദ്വീപ്സ് എന്ന ഹാഷ് ടാഗോടെയാണ് ആരാധകര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.