മുംബൈ ഡ്രെസിങ് റൂമിലെ ഭിന്നതകളെല്ലാം അവസാനിപ്പിക്കാനുറച്ചുതന്നെയാണ് പുതിയ നീക്കം. കാരണം അത്രത്തോളം മോശം അന്തരീക്ഷവും പ്രകനവുമായിരുന്നു ഹാര്‍ദിക്ക് പാണ്ഡ്യയുടെ കീഴില്‍ മുംബൈയുടേത്
മൂന്ന് സീസണുകള്‍ക്കൊടുവില്‍ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് തിരുത്തുകയാണ്, അയാളിലേക്ക് തന്നെ മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാം നേടിക്കൊടുത്തവനിലേക്ക്, ഐപിഎല്ലിന്റെ സിംഹാസനത്തില്‍ അവരെ വാഴിച്ചവനിലേക്ക്, ബ്ലൂ ആൻഡ് ഗോള്‍ഡ് ജഴ്‌സിക്ക് ഐതിഹാസിക നല്‍കിയവനിലേക്ക്, വാംഖഡയുടെ ഉടയോനിലേക്ക്. രോഹിത് ഗുരുനാഥ് ശര്‍മ ഒരിക്കല്‍ക്കൂടി മുംബൈ ഇന്ത്യൻസിനെ നയിക്കാൻ ഒരുങ്ങുന്നു.
മുംബൈ മാനേജ്മെന്റിന്റെ ഈ തീരുമാനം ശരിയോ തെറ്റോയെന്ന് കാലം തെളിയിക്കട്ടെ. പക്ഷേ, ഒന്നുറപ്പാണ്, മുംബൈ ഡ്രെസിങ് റൂമിലെ ഭിന്നതകളെല്ലാം അവസാനിപ്പിക്കാനുറച്ചുതന്നെയാണ് പുതിയ നീക്കം. കാരണം അത്രത്തോളം മോശം അന്തരീക്ഷവും പ്രകനവുമായിരുന്നു ഹാര്‍ദിക്ക് പാണ്ഡ്യയുടെ കീഴില്‍ മുംബൈയുടേത്. മാനേജ്മെന്റിനെപ്പോലും വെറുപ്പിച്ച മൂന്ന് വര്‍ഷങ്ങളാണ് പിന്നിട്ടുപോയത്. കളത്തിന് പുറത്ത് മുംബൈക്ക് സംഭവിച്ചതെന്താണ്? ക്യാപ്റ്റൻസി സാഗ മാനേജ്മെന്റ് അവസാനിപ്പിച്ചത് എങ്ങനെയാണ്?
ഹാർദിക്കിന്റെ വരവും ക്യാപ്റ്റൻസി ഡിമാൻഡുമെല്ലാം കഴിഞ്ഞ കഥകളാണ്. പക്ഷേ 2026 സീസണ്‍, ഇവിടെയായിരുന്നു എല്ലാം കൈവിട്ട് പോയത്. 2026 സീസണിലെ മുംബൈയുടെ സ്ക്വാഡ്, ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു. എല്ലാ പൊസിഷനിലും ബാക്ക് അപ്പായി തന്നെ ഉണ്ടായിരുന്നത് ഹൈ ക്വാളിറ്റി എസ്റ്റാബ്ലിഷ്‌ഡായ താരങ്ങളായിരുന്നു. പക്ഷേ, നാലേ നാല് ജയങ്ങളില്‍, പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്ത് മുംബൈക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു.
ടീം ഉടമയായ ആകാശ് അമ്പാനി മത്സരം മുഴുവൻ പൂർത്തിയാകും മുൻപ് ഫ്രസ്ട്രേറ്റഡായി എഴുന്നേറ്റ് പോകുകയും ആരാധകരോട് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്ന രംഗങ്ങളും പോയ സീസണില്‍ കണ്ടു. സീസണിന്റെ പാതിയില്‍ വെച്ച് ഹാർദിക്കിന് പരിക്കേല്‍ക്കുന്നു, മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു...അങ്ങനെ പലതും കണ്ടു ക്രിക്കറ്റ് ലോകം. എല്ലാം നല്‍കിയ സൂചന ഒന്നുമാത്രമായിരുന്നു, മുംബൈയുടെ ഡ്രസിങ് റൂമില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്ന്.
മാനേജ്മെന്റ് ആദ്യ നീക്കം നടത്തുന്നതും ഇവിടെയാണ്. ഹാർദിക്കിനെ നായകസ്ഥാനത്ത് തുടരാൻ അനുവദിക്കേണ്ടതില്ല എന്ന തീരുമാനം മാനേജ്മെന്റ് സ്വീകരിച്ചു. മിഡ് സീസണില്‍ രോഹിതിനെ നായകനായി തിരിച്ചു കൊണ്ടുവരികയായിരുന്നു ലക്ഷ്യം. പക്ഷേ, അത് സംഭവിച്ചില്ല. പകരം, സൂര്യകുമാർ യാദവിനായിരുന്നു താല്‍ക്കാലിക ചുമതല, ശേഷം ജസ്പ്രിത് ബുമ്രയും. 2027 സീസണിന് മുന്നോടിയായി പുതിയ നായകൻ വരുമെന്നതും ഉറപ്പായി.
സൂര്യയും ബുമ്രയും, ഭാവി താരമായി കണക്കാക്കപ്പെടുന്ന തിലക് വർമ ഉള്ളപ്പോഴും മാനേജ്മെന്റിന്റെ തീരുമാനം രോഹിത് തന്നെയായിരുന്നു. എന്നാല്‍, രോഹിത് നിർദേശിച്ചത് തിലകിനേയും. എന്നാല്‍ രോഹിത് തന്റെ തീരുമാനം വ്യക്തമാക്കിയിട്ടും മാനേജ്മെന്റ് രോഹിത് തന്നെ വേണമെന്ന നിലപാട് തുടരുകയായിരുന്നു. നീണ്ട ചർച്ചകള്‍ക്കൊടുവില്‍ രോഹിത് സമ്മതിക്കുകയും ചെയ്തു. ന്യൂസിലൻഡ് പര്യടനത്തിനായി രോഹിത് തിരിക്കും മുൻപാണ് തീരുമാനം അന്തിമമായത്.
നിലവില്‍ മുംബൈയുടെ കോച്ചിങ് സ്റ്റാഫില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാം രോഹിതിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെഡ് കോച്ചായി കീറോണ്‍ പൊള്ളാര്‍ഡ്, ബൗളിങ് പരിശീലകനായി മിച്ചല്‍ മക്ലെനഗൻ, ഫീല്‍ഡിങ് പരിശീലകനായി ടി ദിലീപ്, ബാറ്റിങ് പരിശീലകനായി റോബിൻ ഉത്തപ്പ, ഡെവലപ്മെന്റ് ബൗളിങ് കോച്ചായി ദവാല്‍ കുല്‍ക്കര്‍ണി. ഉത്തപ്പയും ദിലീപും ഒഴികെയുള്ളവരെല്ലാം രോഹിതിന്റെ കീഴില്‍ മുംബൈക്കായി കളിച്ചിട്ടുള്ളവരാണ്. ഉത്തപ്പയും രോഹിതുമാകട്ടെ 2007 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ യുവതാരങ്ങളായിരുന്നു, അന്നുമുതലുള്ള സൗഹൃദമാണ്.
ദിലീപ് 2023 ഏകദിന ലോകകപ്പിലും 2024, 2026 ടി ലോകകപ്പുകളിലും ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായി സേവനമനുഷ്ടിച്ചതാണ്. രോഹിതിന്റെ നിര്‍ദേശപ്രകാരമായിരുന്നു ദിലീപിന്റെ കോണ്‍ട്രാക്റ്റ് ബിസിസിഐ നീട്ടിനല്‍കിയതും. അങ്ങനെ രോഹിതിന്റേതായൊരു ടീമാണ് മുംബൈയുടെ പരിശീലക സംഘം.
ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയപ്പോള്‍ പരോക്ഷമായി പ്രതികരിച്ചവരാണ് സൂര്യയും ബുമ്രയും. എന്നാല്‍, രോഹിത് വരുന്നതോടെ ഇരുവര്‍ക്കും അത്തരം പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നില്ല. ഇനിയുള്ളത് ഹാര്‍ദിക്കാണ്. താരവുമായി ബന്ധപ്പെട്ട് നിരവധി ട്രേഡ് റൂമറുകള് ഉയരുന്നുണ്ട്. എന്നാല്‍, മുംബൈക്ക് കൂടി അനുയോജ്യമായ ഒരു ഡീല്‍ ലഭിച്ചില്ല എങ്കില്‍ ട്രേഡ് സാധ്യമായേക്കില്ല. അങ്ങനെയെങ്കില്‍ ഹാര്‍ദിക്ക് മുംബൈയില്‍ തന്നെ തുടരേണ്ടതായും വരും.
മുംബൈയിലേക്ക് മടങ്ങി വരുമ്പോള്‍ ഹാര്‍ദിക്കിന്റെ ഡിമാൻഡ് ക്യാപ്റ്റൻസിയായിരുന്നു. അത് ഇല്ലാതെ താരം ടീമില്‍ തുടരുമോയെന്നതിലാണ് ആകാംഷ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രേഡ് നടന്നില്ലായെങ്കില്‍ രോഹിതിന്റെ കീഴില്‍ കളിക്കാമെന്ന് ഹാര്‍ദിക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇനി മുംബൈയുടെ തീരുമാനം ശരിയാണോയെന്നതാണ്.
2027 സീസണിലേക്കായിരിക്കും രോഹിത് നായകനായി എത്തുക. 2028ല്‍ മെഗാ താരലേലം വരാനിരിക്കുകയാണ്. ടീമിനെ ഉടച്ചുവാര്‍ക്കാൻ അവസരമുണ്ട്. അപ്പോഴേക്കും ഭാവി മുൻനിര്‍ത്തി പുതിയൊരു താരത്തെ അവതരിപ്പിക്കാൻ കഴിയും. തിലക് എന്ന ഓപ്ഷൻ അപ്പോഴുമുണ്ടാകും...അതൊ മറ്റൊരാളിലേക്ക് മുംബൈ എത്തുമോയെന്നതും കാത്തിരുന്ന് കാണാം...






