ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരമാണെങ്കില്‍ ഹാർദിക്കിന്റെ പരിക്കുകളുടെ എണ്ണം വർധിക്കുകയാണ് എന്ന് വേണം മനസിലാക്കാൻ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്ന് ഇഞ്ചുറികള്‍
2027 ഏകദിന ലോകകപ്പ് പദ്ധതിയില്‍ ഹാര്‍ദിക്ക് പാണ്ഡ്യ ഉണ്ടോ? അങ്ങനെയെങ്കില്‍ തന്നെ ഹാർദിക്ക് പാണ്ഡ്യ എവിടെയാണ്? ഓസ്ട്രേലിയ എയ്ക്ക് എതിരായ പരമ്പരയില്‍ ഹാർദിക്ക് ടീമില്‍ കാണുമെന്നതായിരുന്നു ആദ്യ പ്രതീക്ഷ, എന്നാല്‍ കായിക ക്ഷമത പൂർണമായും വീണ്ടെടുക്കാൻ കഴിയാത്തത് തിരിച്ചടിയായി, ശേഷം ന്യൂസിലൻഡ് പര്യടനത്തിനുള്ള പട്ടികയില്‍ പേരുണ്ടാകുമെന്ന് കരുതി, എന്നാല്‍ അവിടെയും കാണാനായില്ല. ഹാർദിക്കിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്?
24-05-2026, രാജസ്ഥാൻ റോയല്‍സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരം. കോമ്പറ്റേറ്റീവ് ക്രിക്കറ്റില്‍ ഹാർദിക്ക് അവസാനമായി പ്രത്യക്ഷപ്പെട്ടത് അന്നായിരുന്നു. ശേഷം ആഭ്യന്തര ക്രിക്കറ്റിലൊ അന്താരാഷ്ട്ര ക്രിക്കറ്റിലൊ ഹാർദിക്കിന്റെ സാന്നിധ്യമുണ്ടായിട്ടില്ല.
ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരമാണെങ്കില്‍ ഹാർദിക്കിന്റെ പരിക്കുകളുടെ എണ്ണം വർധിക്കുകയാണ് എന്ന് വേണം മനസിലാക്കാൻ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്ന് ഇഞ്ചുറികള്‍. കരിയറിലുടനീളം വേട്ടയാടുന്ന ബാക്ക് ഇഞ്ചുറി ഇപ്പോഴും തുടരുന്നു, കാലിന്റെ പേശികളുടെ പിരിമുറുക്കം, നിലവില്‍ കാലിന്റെ മുൻഭാഗത്തെ അസ്ഥിക്കും പരിക്കേറ്റിരിക്കുന്നു.
ഒരു വർഷത്തില്‍ താഴെ മാത്രമാണ് ഇനി 2027 ഏകദിന ലോകകപ്പിലേക്കുള്ള ദൂരം. അപ്പോഴേക്കും ഹാർദിക്കിന് പൂർണമായും പരിക്കില്‍ നിന്ന് മുക്തമാകാൻ സാധിക്കുമോയെന്നതില്‍ ബിസിസിഐക്ക് വ്യക്തതയില്ല. അതിന്റെ സൂചനകളാണ് സമീപകാലത്ത് ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങളൊക്കയും. ബാക്ക് അപ്പായി നിതിഷ് കുമാര്‍ റെഡ്ഡിയെ ഏറെക്കാലമായി ഉപയോഗിക്കുന്നുണ്ട്, ഹാര്‍ദിക്കിന്റെ ലെവലിലേക്ക് ഉയരാൻ നിതീഷിന് സാധിക്കുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്.
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ പന്തുകൊണ്ട് കാര്യമായ ഇംപാക്റ്റ് ഉണ്ടാക്കാൻ നിതീഷിന് കഴിയാതെ പോയി. 12 ഓവര്‍ എറിഞ്ഞിട്ട് ഒരു വിക്കറ്റാണ് ആകെയുള്ള നേട്ടം. ബാറ്റ് ചെയ്യാൻ മൂന്നാം ഏകദിനത്തില്‍ ലഭിച്ച ഏക അവസരത്തിലാകട്ടെ സ്കോര്‍ 16 പന്തുകളില്‍ ഒൻപത് റണ്‍സും. എന്നാല്‍, മറുവശത്ത് ഓസ്ട്രേലിയ എയ്ക്കെതിരായ പരമ്പരയില്‍ ഹാര്‍ദിക്കിന്റെ പകരക്കാരനായി എത്തിയ സൂര്യാൻഷ് ഷെഡ്ഗെ ആദ്യ മത്സരത്തില്‍ ഏഴ് ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ നേടി തിളങ്ങിയിരുന്നു. പക്ഷേ, ബാറ്റിങ്ങില്‍ പരാജയപ്പെട്ടു.
ഹാര്‍ദിക്കിന് പകരമാകുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഹാര്‍ദിക്കിന്റെ സാന്നിധ്യം ടീമിന്റെ ബാലൻസ് തന്നെ മാറ്റി മറിക്കാൻ കെല്‍പ്പുള്ളതാണ്. ജസ്പ്രിത് ബുമ്രയ്ക്കൊപ്പം ഇന്ത്യൻ ടീമിലെ തന്നെ എക്‌സ് ഫാക്ടര്‍. പ്രീമിയം ഓള്‍ റൗണ്ടര്‍, ഒരുപക്ഷേ കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍. 2023 ഏകദിന ലോകകപ്പിലും പരിക്ക് മൂലം ടൂര്‍ണമെന്റിന്റെ രണ്ടാം പാതി ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. ശേഷമാണ് മുഹമ്മദ് ഷമിക്ക് ടീമിലേക്ക് എൻട്രി ലഭിച്ചതും.
ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ഹാര്‍ദിക്കിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. പ്രത്യേകിച്ചും ഇന്ത്യയുടെ ബൗളിങ് യൂണിറ്റ് പരിശോധിക്കുമ്പോള്‍. ബുമ്രയെ മാറ്റി നിര്‍ത്തിയാല്‍ ബൗളിങ് യൂണിറ്റ് ശരാശരി മാത്രമാണെന്ന് സമീപകാല പ്രകടനങ്ങള്‍ തെളിയിക്കുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ 350 റണ്‍സ് പ്രതിരോധിക്കാൻ പോലും സാധിച്ചിരുന്നില്ല.
ബുമ്രയുടെ അസാന്നിധ്യത്തില്‍ പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, ഗുര്‍ണൂര്‍ ബ്രാര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെയാണ് സ്ഥിരമായി ഇന്ത്യ ഉപയോഗിക്കുന്നത്. ഹര്‍ഷിത് പരിക്കിന്റെ പിടിയിലാണ്, സിറാജിന് പലപ്പോഴും വിശ്രമമവും. മുഹമ്മദ് ഷമിയുടെ മടങ്ങിവരവിന്റെ സൂചനകള്‍ ഒന്നും തന്നെ ഇല്ലതാനും. ഇവിടെയാണ് ഹാര്‍ദിക്കിന്റെ ഓവറുകള്‍ക്ക് പ്രധാന്യമേറുന്നത്. മധ്യഓവറുകളിലും പവര്‍പ്ലേയിലും ഹാര്‍ദിക്കിന് മികവ് പുലര്‍ത്താനാകും, പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കയിലെ പേസിനെ തുണയ്ക്കുന്ന വിക്കറ്റുകളില്‍.
എന്നാല്‍ ലോകകപ്പിന് തയാറാകാനുള്ള മത്സരപരിചയം ഹാര്‍ദിക്കിന് നേടിയെടുക്കാനാകുമോയെന്നതാണ് ചോദ്യം. നിലവില്‍ താരം ശാരീരിക ക്ഷമത നേടിയെടുത്തിട്ടില്ല. 2027 ലോകകപ്പ് വരെ ഇന്ത്യ കളിക്കാൻ സാധ്യതയുള്ള ഏകദിന മത്സരങ്ങളുടെ എണ്ണം ഇരുപതില്‍ താഴെയായിരിക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനം ഉള്‍പ്പെടെയാണിത്. ഹാര്‍ദിക്ക് അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത് 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു. ഒന്നരവര്‍ഷത്തോളമായി ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ കളിക്കുമ്പോള്‍ ശാരീരികമായി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഹാര്‍ദിക്ക് വ്യക്തമാക്കിയിട്ടുമുള്ളത്. കോമ്പറ്റീറ്റിവ് ക്രിക്കറ്റിലൂടെ മാച്ച് ഫിറ്റ്നസ് ഹാര്‍ദിക്ക് തെളിയിക്കണമെന്ന് ബിസിസിഐക്കും നിര്‍ബന്ധമുണ്ട്, അതിനാലാണ് സീനിയര്‍ ടീമിലേക്ക് നേരിട്ട് ഉള്‍പ്പെടുത്താതെ ഇന്ത്യ എ ടീമിലേക്കൊരു അവസരം നല്‍കിയതും, എന്നാല്‍ പരിക്ക് ഭേദമാകാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു.
ഹാര്‍ദിക്കിന് തിരിച്ചുവരാൻ സാധിക്കില്ല എങ്കില്‍ നിതീഷിനും ഷെഡ്ഗയ്ക്കുമൊക്കെ കൂടുതല്‍ അവസരം നല്‍കേണ്ടതുണ്ട്, ഒരു സുപ്രഭാതത്തിലെത്തി ലോകകപ്പ് കളിക്കുക ഹാര്‍ദിക്കിനും എളുപ്പമാകില്ല.


