Asianet News MalayalamAsianet News Malayalam

24 മണിക്കൂര്‍ പോലെ കടന്നുപോയ 24 വര്‍ഷങ്ങള്‍, ഫെഡറര്‍ എന്ന മാറ്റാനാവാത്ത ശീലം

ബേസലിലെ സ്വിസ് നാഷണൽ ടെന്നീസ് സെന്‍ററിൽ നിന്നാണ് ഫെഡററുടെ പരിശീലന കാലം തുടങ്ങുന്നത്. ആദ്യ കാലത്ത് മൂക്കത്തായിരുന്നു ശുണ്ഠി. റാക്കറ്റ് വലിച്ചെറിഞ്ഞതിന് അക്കാലത്ത് സെന്‍ററിലെ കുളിമുറികൾ കഴുകുന്ന ശിക്ഷ കിട്ടിയിട്ടുണ്ട്.

Roger Federer's Journey from Basil to Tennis Icon
Author
First Published Sep 16, 2022, 4:34 PM IST

ടെന്നീസ് ചരിത്രത്തിലെ മഹാനായ കളിക്കാരൻ റോഡ് ലേവറിന്‍റെ പേരിൽ തന്‍റെ തന്നെ മുൻകൈയിൽ തുടങ്ങിയ ലേവർ കപ്പ് ടൂർണമെന്‍റ് വിരമിക്കൽ വേദിയാണെന്ന് പ്രഖ്യാപിച്ചത് ആധുനിക ടെന്നീസിലെ  മഹാനായ റോജർ ഫെഡറർ. രണ്ട് ദശാബ്ദത്തോളം സ്വിസ് ഇതിഹാസത്തിന്‍റെ സുന്ദരമായ ടെന്നീസ് കണ്ട് ഇദ്ദേഹം മറ്റേതെങ്കിലും ഗ്രഹത്തിൽ നിന്ന് വന്നതാണോ എന്ന് അത്ഭുതം കൂറിയത് പിന്തുടർച്ചക്കാരനായെത്തിയ നോവാക് ജോക്കോവിച്ച് മാത്രമായിരുന്നില്ല. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകര്‍ കൂടിയായിരുന്നു.  

ബേസലിലെ സ്വിസ് നാഷണൽ ടെന്നീസ് സെന്‍ററിൽ നിന്നാണ് ഫെഡററുടെ പരിശീലന കാലം തുടങ്ങുന്നത്. ആദ്യ കാലത്ത് മൂക്കത്തായിരുന്നു ശുണ്ഠി. റാക്കറ്റ് വലിച്ചെറിഞ്ഞതിന് അക്കാലത്ത് സെന്‍ററിലെ കുളിമുറികൾ കഴുകുന്ന ശിക്ഷ കിട്ടിയിട്ടുണ്ട്. പക്ഷേ പിന്നീട്   കോർട്ടിൽ നൃത്തച്ചുവടുകളുടെ അഴകോടെ നിറഞ്ഞ് കളിക്കാൻ തുടങ്ങിയപ്പോൾ ടെന്നീസ് ലഹരിയും ജീവിതവും തന്നെയായപ്പോൾ ഫെഡറർ അപ്പാടെ മാറി.

Roger Federer's Journey from Basil to Tennis Icon

കളിക്കാനുള്ള തീയും തോൽക്കുമ്പോഴും തെറ്റുകൾ വരുത്തുമ്പോഴും ശാന്തനാകാനുള്ള തണുപ്പും രണ്ടും ശീലിച്ചതാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയായതെന്ന് ഫെഡറർ തന്നെ പറഞ്ഞിട്ടുണ്ട്. ആ ചുവടുവെപ്പിലൂടെ ടെന്നീസ് ലോകത്തെ എണ്ണമറ്റ കിരീടങ്ങൾ മാത്രമല്ല ഫെഡറർ നേടിയത്. കളിക്കളത്തിലെ മാന്യതയും എതിരാളികളോടുള്ള പെരുമാറ്റവും പരിഗണിച്ചുള്ള Stefan Edberg Sportsmanship Award പതിമൂന്ന് തവണയാണ് ഫെഡറർ നേടിയത്.

1998ൽ വിമ്പിൾഡൻ ജൂനിയർ ചാംപ്യനായാണ് ഫെഡറർ വരവറിയിച്ചത്. 2001ൽ വിമ്പിൾഡൻ പ്രീക്വാർട്ടറിൽ പീറ്റ് സാംപ്രസിനെ വീഴ്ത്തി സീനിയർ ഫെഡറർ ടെന്നീസ് ലോകത്തിന്‍റെ ശ്രദ്ധയിലെത്തി. അതേ കോർട്ടിൽ  2003ൽ ആദ്യ ഗ്രാൻസ്‍ലാം കിരീടം. പിന്നെ തുടർച്ചയായി നാലു കിരീടങ്ങൾ കൂടി. ആകെ എട്ട് വിംബിൾഡൺ കിരീടം. അതും ഒരു റെക്കോഡ് ആണ്. വിംബിൾഡണിലെ പുൽക്കോർട്ടും കാണികളും ഫെഡററെ പോലെ വേറെ ആരേയും സ്നേഹിച്ചിട്ടില്ല.  

ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ക്ലാസിക് മത്സരങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന 2008ലെ ഫൈനലിൽ എക്കാലത്തും എതിരാളിയും അതേ സമയം ഉറ്റ സ്നേഹിതനുമായിരുന്ന റാഫേൽ നദാലിനോട് ഫെഡറർ തോറ്റപ്പോൾ കണ്ണീരു വാർത്തത് ആ കോർട്ട് തന്നെയായിരുന്നു. പീറ്റ് സാംപ്രസ്, ആന്ദ്രേ അഗാസി, ആൻഡി റോഡിക്ക്, റാഫെൽ നദാൽ, നോവാക് ജ്യോക്കോവിച്ച് തുടങ്ങി പ്രഗത്ഭരായ എതിരാളികൾക്കൊപ്പം കളിച്ച ഫെഡററുടെ  ഒറ്റക്കയ്യൻ ബാക്ഹാൻഡുകളും സ്‌ലൈസിങ് ഷോട്ടുകളും അംഗീകാരങ്ങളുടെയും ആരാധനയുടെയും പുതിയ ലോകം തീർത്തു.

Roger Federer's Journey from Basil to Tennis Icon

ആറ് ഓസ്ട്രേലിയൻ ഓപ്പൺ, അഞ്ച് യുഎസ് ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ. ഇരുപത് ഗ്രാൻസ്ലാം കിരീടം എന്ന നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ആകെ കരിയറിൽ നേടിയത് 103 കിരീടങ്ങൾ.  Laureus World Sportsman of the Year പുരസ്കാരം നേടിയത് അഞ്ച് തവണ. 310 ആഴ്ച ലോക ഒന്നാം നമ്പർ താരം. അതിൽ 237 ആഴ്ചയും തുടർച്ചയായിട്ട്.  മുപ്പത്തിയാറാം വയസില്‍ ലോകത്തെ ഒന്നാം റാങ്കുകാരനായ പ്രയാമേറിയ താരമായി.

പവർ ടെന്നീസിന്‍റെ ചടുലതയും ക്ലാസിക് ടെന്നീസിന്‍റെ സൗന്ദര്യവും സൗമ്യവും അന്തസ്സുറ്റതുമായ പെരുമാറ്റവും ആരാധകഹൃദയങ്ങളിലേക്ക് ഫെഡററെ കൈപിടിച്ചിരുത്തി.  ടെന്നീസിനോടുമുള്ള താത്പര്യവും ഊർജവും പരിക്കുകളുടെ നീരാളിപ്പിടിത്തവുമായുള്ള പോരാട്ടത്തിലായതോടെ ഫെഡറർ ബുദ്ധിമുട്ടിലായി. ശസ്ത്രക്രിയകളും പരിക്കുകളും അടിച്ചേൽപ്പിക്കുന്ന ഇടവേളകൾക്ക് ശേഷവും തിരിച്ചെത്തി വിജയങ്ങളും കിരീടങ്ങളും നേടിയ താരം ഒടുവിൽ മത്സര ടെന്നീസിൽ നിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ചത് ശരീരം നൽകുന്ന സന്ദേശം മാനിച്ചാണ്.

24വർഷത്തിനും1500ലധികം മത്സരങ്ങൾക്കും ശേഷം നാൽപത്തി ഒന്നാം വയസ്സിൽ വിരമിക്കൽ. റാഫെൽ നദാൽ പറഞ്ഞതു പോലെ ടെന്നീസ് ഇനി പഴയ പോലെയല്ല. റോജർ-നദാൽ-ജോക്കോ ... മഹത്തായ ത്രയം ആധുനിക ടെന്നീസിലെ ഒരു യുഗമായിരുന്നു. പുതിയ തലമുറ കളിക്കാർ വരുന്നു, പുതിയ നേട്ടങ്ങൾ ഉണ്ടാക്കുന്നു. കാരണവർമാരേക്കാൾ മികച്ച ഇളമുറക്കാർ വരുന്നതു തന്നെയാണ് നല്ലത്. മാതൃകയാക്കാൻ ഫെ‍‍ഡററെ പോലെ ഒരു ഇതിഹാസം ഉണ്ടാകുന്നതിലുമപ്പുറം എന്ത് പ്രചോദനമാണ് വരും തലമുറകൾക്ക് വേണ്ടത്.

Roger Federer's Journey from Basil to Tennis Icon

പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും ടെന്നീസ് ലോകത്ത് നിന്ന് തന്നെ കൈ പിടിച്ച മിർകക്കും നാല് മക്കൾക്കും കൂടെ നടന്ന നിരവധി കോച്ചുമാർക്കും ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആരാധകർക്കും നന്ദി പറഞ്ഞ് വിരമിക്കൽ തീരുമാനം അറിയിച്ച റോജർ ഫെഡററോട് ടെന്നീസ് ലോകം പറയുന്നതും നന്ദിയാണ്. മികച്ച കളിക്ക്, മാതൃകാപരമായ പെരുമാറ്റത്തിന്, സന്നദ്ധസേവനരംഗത്തെ സംഭാവനകൾക്ക്, പ്രചോദനത്തിന്, നേട്ടങ്ങൾക്ക് എല്ലാം.....ഫെഡറർ,,നന്ദി,,ഒരായിരം നന്ദി...WE WILL MISS YOU THERE IN THE COURTS BUT YOU WILL BE A SHINING STAR ALWAYS

 

Follow Us:
Download App:
  • android
  • ios