രോഹിത് ശർമ ഹിറ്റ്മാന്റെ കുപ്പായം അണിഞ്ഞിരുന്നു അപ്പോഴേക്കും. അവിടെ ഇമവെട്ടാതിരുന്ന പതിനായിരങ്ങളുടെ തൊണ്ടയില്‍ നിന്ന് അവര്‍ പോലും അറിയാതെ രോഹിത് രോഹിത് എന്ന പേര് മുഴങ്ങി

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം മെല്ല നീലപുതയ്ക്കുകയായിരുന്നു. ആറടി എട്ടിഞ്ച് പൊക്കക്കാരനായ ജാമിസണിന്റെ പന്ത് നേരിടാൻ ആയാള്‍ ക്രീസില്‍ നിലയുറപ്പിച്ചു. നെഞ്ചിന് നേര്‍ക്കെത്തിയ രണ്ടാം പന്ത് അനായാസം പുള്‍ ചെയ്ത് സ്ക്വയറിന് പിന്നിലൂടെ ബൗണ്ടറി ലൈനിനപ്പുറം കടത്തി. ബാര്‍ബഡോസിലെ സ്വപ്നസാഫല്യത്തിന്റെ രണ്ടാം അധ്യായം സ്വപ്നനഗരമായ ദുബായിലെ മൈതാനത്ത് അയാള്‍ എഴുതിത്തുടങ്ങുകയായിരുന്നു ആ നിമിഷം.

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍, കരുത്തരായ എതിരാളി, സമ്മര്‍ദം, വിരമിക്കാറായില്ലെ എന്ന ചോദ്യങ്ങള്‍...വിമര്‍ശനങ്ങളുടേയും കുത്തുവാക്കുകളുടേയും കയത്തിന്റെ നടക്കുനിന്ന് മെല്ല അയാള്‍ നീന്തിത്തുടങ്ങി. ഓറൂര്‍ക്കിന്റെ പന്ത് ന്യൂസിലൻഡ് ഫീല്‍ഡര്‍മാരെ കീറിമുറിച്ച് കവറിലൂടെ പാഞ്ഞപ്പോള്‍ കമന്റി ബോക്സില്‍ നിന്ന് ശബ്ദമുയര്‍ന്നു ദാറ്റ്സ് വിന്റേജ് രോഹിത് ശര്‍മ. 

നാഥൻ സ്മിത്തിന് നേര്‍ക്ക് ക്രീസില്‍ നിന്ന് രണ്ട് ചുവടിറങ്ങി ലോങ് ഓണിന് മുകളിലൂടെ 92 മീറ്റര്‍ സിക്സ്. ആശ്വാസം തേടി രണ്ടാം വട്ടം സ്മിത്തെത്തിയപ്പോഴും രോഹിതിന്റെ ബാറ്റ് അടങ്ങിയില്ല. ഇത്തവണ സ്മിത്തിന്റെ തലയ്ക്ക് മുകളിലൂടെയായിരുന്നു പന്ത് ഉയര്‍ന്നപൊങ്ങിയത്. ഗ്യാലറി ഉണര്‍ന്നു. രോഹിത് ശർമ ഹിറ്റ്മാന്റെ കുപ്പായം അണിഞ്ഞിരുന്നു അപ്പോഴേക്കും. അവിടെ ഇമവെട്ടാതിരുന്ന പതിനായിരങ്ങളുടെ തൊണ്ടയില്‍ നിന്ന് അവര്‍ പോലും അറിയാതെ രോഹിത് രോഹിത് എന്ന പേര് മുഴങ്ങി. 14 റണ്‍സ് ആ ഓവറില്‍ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടു. 

പവര്‍പ്ലേയുടെ അവസാന ഓവ‍ര്‍ രചിൻ എറിയാനെത്തിയപ്പോള്‍ ചങ്കിടിപ്പ് വര്‍ധിക്കാത്ത ഇന്ത്യൻ ആരാധകരുണ്ടാകില്ല. അഹമ്മദാബാദ് ആവര്‍ത്തിക്കുമോയെന്ന് ആകുലപ്പെട്ടവര്‍ക്ക് ആശ്വാസം. He was determined this time. പതിനൊന്നാം ഓവറിലെ ആദ്യ പന്ത് സ്വീപ്പര്‍ കവറിലേക്ക് തട്ടിയിട്ട് അര്‍ധശതകത്തിലേക്ക്. ആഘോഷങ്ങളുണ്ടായില്ല, കാരണം കിരീടത്തിലേക്ക് ദൂരമേറെയായിരുന്നു. ഗില്ലുമായി ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 100 പിന്നിട്ടു.

ഫിലിപ്സിന്റെ ബ്രില്യൻസില്‍ ഗില്ലും ബ്രേസ്വെല്ലിന്റെ മികവില്‍ കോഹ്ലിയും മടങ്ങി. നിശബ്ദത തളംകെട്ടിയ ഗ്യാലറിയും ഡോട്ട് ബോളുകളുടെ സമ്മര്‍ദത്തേയും അതിജീവിക്കാനുള്ള ക്ഷമ രോഹിതിന്റെ കാലുകള്‍ക്കില്ലാതെപോയി. 76 റണ്‍സുമായി മടങ്ങുമ്പോള്‍ തല ഉയര്‍ത്താൻ പോലും രോഹിത് തയാറായില്ല. ഏഴ് ഫോറും നാല് സിക്സുമടങ്ങിയ രോഹിതിന്റെ ഇന്നിങ്സിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ പിന്നീടുള്ള യാത്ര.

തകര്‍ച്ച ഇരട്ടിപ്പിക്കാതെ വിശ്വാസം കാത്ത ശ്രേയസ്, കൂടെ നിന്ന അക്സര്‍, അള്‍ട്ടിമേറ്റ് കൂളായി നിലകൊണ്ട രാഹുല്‍, കാമിയൊകൊണ്ട് വിജയമുറപ്പാക്കിയ പാണ്ഡ്യ...ഓറൂര്‍ക്കിന്റെ പന്ത് സ്ക്വയര്‍ലെഗിന് പിന്നിലൂടെ പുള്‍ ചെയ്ത് ജഡേജ ബൗണ്ടറി നേടിയതോടെ ഡ്രെസിങ് റൂമില്‍ നിന്ന് അയാള്‍ മൈതാനത്തേക്ക് ഓടിയെത്തി. കോഹ്ലിക്കൊപ്പം ഒരുകുരുന്നിനെ പോലെ ചുവടുവെച്ചു.

അഹമ്മദബാദിലെ സ്മശാന മൂകത ആസ്വദിച്ചവര്‍ക്ക് ഗ്യാലറികളിലേക്ക് നോക്കാം, ആര്‍ത്തിരമ്പുന്ന പതിനായിരങ്ങളെ കാണാം. നവംബര്‍ 19ന് പകരമാകില്ലെങ്കിലും മാര്‍ച്ച് ഒൻപതും എക്കാലവും ഓര്‍മിക്കപ്പെടും. 

ഫൈനലിലെ താരമായി മൈതാനം വിടുമ്പോള്‍ ചാമ്പ്യൻസ് ട്രോഫി ഓര്‍മിക്കപ്പെടുക രോഹിതിന്റെ ക്യാപ്റ്റൻസി മികവിന്റെയും പേരിലാകും. നാണയഭാഗ്യത്തിന്റെ ചുവടുപിടിച്ചായിരുന്നില്ല അയാള്‍ കിരീടമെന്ന തീരത്തേക്ക് ഇന്ത്യയെ അടുപ്പിച്ചത്. പരീക്ഷിക്കപ്പെട്ട സാഹചര്യങ്ങള്‍ നിരവധിയുണ്ടായി. അതിനെയെല്ലാം മറികടക്കാൻ രോഹിതിന്റെ കയ്യില്‍ ഉത്തരമുണ്ടായിരുന്നു. 

ബംഗ്ലാദേശിനെതിരെ ഷമിയുടേയും ഗില്ലിന്റേയും രൂപത്തില്‍, പാകിസ്ഥാനെതിരെ സാക്ഷാല്‍ കോഹ്ലിയും കുല്‍ദീപും, ന്യൂസിലൻഡിനെതിരെ വരുണും ശ്രേയസും ഓസ്ട്രേലിയക്കെതിരെയും കോഹ്ലിയുടെ മാസ്റ്റര്‍ക്ലാസ്. കലാശപ്പോരില്‍ കിവികളുടെ റണ്ണൊഴുക്കിനെ തടുത്തത് നിര്‍ഭയം രോഹിത് നടത്തിയ ബൗളിങ് മാറ്റങ്ങളും അത് ശരിവെച്ച ബൗളര്‍മാരുമായിരുന്നെന്ന് പറയാതെ വയ്യ. വരുണിന്റെ മാന്ത്രികത, കുല്‍ദീപിന്റെ കൗശലം, ജഡേജയുടെ കൃത്യത, പിന്നെ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ച അക്സറും. 

ഒടുവില്‍ ബാര്‍ബഡോസിലെ പോലെ അജയ്യരായി തന്നെ വൈറ്റ് ജാക്കറ്റ് ഇന്ത്യ അണിഞ്ഞു. ഇൻവിൻസിബിള്‍ ഇന്ത്യ. വൈകാരികമായിരുന്നു പിന്നീടെല്ലാം, ചാമ്പ്യൻസ് ട്രോഫി കിരീടമേന്തി അയാള്‍ ദുബായിലെ വിക്കറ്റിലൊരുനിമിഷം ഇരുന്നു...ത്രിവര്‍ണം അണിഞ്ഞു, ട്രോഫിയില്‍ ചുംബിച്ചു. തലമുറകള്‍ പാടിനടക്കുന്ന നായകന്മാരുടെ പട്ടികയിലേക്ക് 45-ാം നമ്പറുകാരനും. രണ്ടാം അധ്യായം പൂർണതയില്‍. They said he is unfit, they doubted his batting ability, they called him the worst captain, but he carried the dreams of 1.4 billion and brought the trophy home. Rohit Sharma, remember the name.