അർധശതകത്തിന് ശേഷം നാം കണ്ടത് സച്ചിന്‍ എന്ന മാജിക്കൽ ബാറ്ററെയാണ്, അതും ഓസീസിന്‍റെ സ്റ്റാർ ബൗളർമാരെ തലങ്ങുംവിലങ്ങും പായിക്കുന്ന മാസ്റ്റർ ബ്ലാസ്റ്ററെ

ഫൈനലിൽ Mighty ഓസ്ട്രേലിയയുടെ ആധിപത്യം തന്നെയാണ് ഞാനടക്കമുള്ള കളി പ്രാന്തന്മാർ വിധിയെഴുതിയത്, പക്ഷേ സംഭവിച്ചത് മറ്റൊന്ന്- ജോബിന്‍ ജോസഫ് എഴുതുന്നു

വേദി ലോകത്തെ വിഖ്യാതമായ സിഡ്നി ക്രിക്കറ്റ് മൈതാനം, 2008ലെ കോമൺവെൽത്ത് ബാങ്ക് സീരീസിന്‍റെ ആദ്യ ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും എസ്‍സിജിയില്‍ ഏറ്റുമുട്ടുന്നു. എട്ട് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ നിന്ന് സച്ചിന്‍ എന്ന 35 വയസ്സുകാരന്‍റെ സമ്പാദ്യം വെറും 191 റൺസ്. ശരാശരി ആരും മൂക്കത്ത് വിരല്‍വെക്കുന്ന 24. സച്ചിന് കളി പ്രേമികളുടെയും വിദഗ്ദന്മാരുടെയും വിമർശനങ്ങൾ നാല് കോണിൽ നിന്നും യാതൊരു മയവുമില്ലാതെ ഏൽക്കുന്നു. ഓസ്ട്രേലിയയിൽ കഴിഞ്ഞ 38 ഏകദിന ഇന്നിംഗ്സിൽ നിന്ന് ഒരു സെഞ്ചുറി പോലും ഇല്ല എന്നുള്ളത് വിമർശനങ്ങളുടെ മൂർച്ച കൂട്ടുന്നതായിരുന്നു.

ഫൈനലിൽ Mighty ഓസ്ട്രേലിയയുടെ ആധിപത്യം തന്നെയാണ് ഞാനടക്കമുള്ള കളി പ്രാന്തന്മാർ വിധിയെഴുതിയത്. എന്നാൽ വിധി മറ്റൊന്നായിരുന്നു. സ്വന്തം തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 239/8 എന്ന് സ്കോർ ബോർഡില്‍ ചേർത്തപ്പോള്‍ ടീം ഇന്ത്യക്ക് ജയിക്കാൻ 240. ഓപ്പണിംഗില്‍ സച്ചിനൊപ്പം ക്രീസിലെത്തിയത് യുവതാരം റോബിൻ ഉത്തപ്പ. നാഥാൻ ബ്രാക്കനെ പോയന്‍റിന് മുകളിലൂടെ സച്ചിന്‍ ആദ്യ ബൗണ്ടറി കണ്ടെത്തുന്നു. ഉത്തപ്പയുമായി 50 റൺസ് പാർട്‍ണർഷിപ്പ്. പതുക്കെ തുടങ്ങി 56 പന്തില്‍ അർധശതകം തികച്ച് സച്ചിന്‍ മുന്നോട്ടുനീങ്ങി...

ടീം ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റനായ രോഹിത് ശർമ്മയ്ക്കൊപ്പം പിന്നാലെ ഗംഭീര കൂട്ടുകെട്ട്. അർധശതകത്തിന് ശേഷം നാം കണ്ടത് സച്ചിന്‍ എന്ന മാജിക്കൽ ബാറ്ററെയാണ്. ബ്രാഡ് ഹോഗിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് കവറിന് മുകളിലൂടെ ഒരു ഇൻസൈഡ് ഔട്ട്. അന്നത്തെ തീപ്പൊരി പന്തേറുകാരന്‍ മിച്ചല്‍ ജോൺസണെതിരെ രണ്ട് അപ്പർ കട്ട്. 'സച്ചിൻ ഓണ്‍ 98'- കമന്‍ററി ബോക്സില്‍ വെള്ളിടി പോലെ ആ വാക്കുകള്‍ മുഴങ്ങി. തൊട്ടടുത്ത നിമിഷം ഇതാ വരുന്നു ബ്രെറ്റ് ലീയുടെ ഒരു ഉഗ്രൻ ബീമർ. അതിനെതിരെ തന്‍റെ പതിവ് ശാന്തതയില്‍ പ്രതികരിച്ച് സച്ചിന്‍ ലോക ക്രിക്കറ്റിന് ഒരിക്കല്‍ക്കൂടി മാതൃകയായി. ലീയെ കണ്ണുകൊണ്ട് പോലും അയാള്‍ തന്‍റെ നൊമ്പരം അറിയിച്ചില്ല, ഒരു മന്ദസ്മിതം മാത്രം. 

നേരിട്ട 106-ാം പന്തിൽ ജയിംസ് ഹോപ്സിനെ തേർഡ് മാനിലേക്ക് സിംഗിള്‍ വിട്ട് സച്ചിന്‍ സിഡ്നിയുടെ സ്വപ്ന പുല്‍ത്തകിടിയില്‍ സെഞ്ചുറി തികച്ചു. 'No.42 for Tendulkar and his first in Australia'. കമന്‍ററി ബോക്സിലും ആരാധക മനസിലും ശ്വാസം വീണ നിമിഷം. ഇന്ത്യന്‍ ഇന്നിംഗ്സിലെ 46-ാം ഓവറിലെ അഞ്ചാം പന്തില്‍ ഫോർ നേടി എം എസ് ധോണി കളി ജയിപ്പിക്കുമ്പോൾ മറ്റൊരറ്റത്ത് പുറത്താകാതെ 120 പന്തിൽ 10 ഫോറിന്‍റെ അകമ്പടിയോടെ 117* റൺസുമായി ക്രിക്കറ്റിന്‍റെ ദൈവം അജയ്യനായി നിന്നു. പിന്നീട് എസ്‍സിജിക്ക് മറ്റൊരു പേര് വീണു, സച്ചിന്‍ ക്രിക്കറ്റ് ഗ്രൗണ്ട് (Sachin Cricket Ground).

ഇത് കൊണ്ട് തൃപ്തി അടങ്ങാൻ ആ കുറിയ മനുഷ്യൻ തയ്യാറല്ലായിരുന്നു രണ്ടാം ഫൈനലിൽ 91 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. രണ്ട് ഫൈനലും ജയിച്ച് 1985ന് ശേഷം ടീം ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ ഏകദിന പരമ്പര വിജയിക്കുമ്പോൾ 399 റൺസുമായി സച്ചിനായിരുന്നു ടൂർണമെന്‍റിലെ രണ്ടാമത്തെ ഉയർന്ന റണ്‍വേട്ടക്കാരന്‍. 2007 ലോകകപ്പിലെ നാണംകെട്ട തോൽവിയിൽ നിന്നുള്ള ഇന്ത്യയുടെ വൻ ഉയർത്തെഴുന്നേല്‍പ്പ് കൂടിയായിരുന്നു ഈ പരമ്പര വിജയം.

Read more: സച്ചിനെ ശകാരിച്ച അച്ഛരേക്കര്‍; പിന്നാലെ ഒരു ഉപദേശം സച്ചിനെ ആകെ മാറ്റിമറിച്ചു