ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ മെഡല്‍ പ്രതിരോധിക്കാനെത്തിയ നീരജ് ചോപ്രയേയും ഒളിമ്പിക് ജേതാവ് അർഷാദ് നദീമിനേയും പിന്തള്ളിയായിരുന്നു സച്ചിൻ യാദവ് തിളങ്ങിയത്

ക്രിക്കറ്റും സര്‍ക്കാര്‍ ജോലിയും സ്വപ്നം കണ്ട് നടന്നൊരാള്‍ക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് ലോകത്തെ അമ്പരപ്പിക്കാനാകുമോ. അതും ലോക ചാമ്പ്യനേയും ഒളിമ്പിക് ജേതാവിനേയും മറികടന്നുകൊണ്ട്. ഇത് അങ്ങനെയൊരു യാത്രയുടെ കഥയാണ്.

ജാവലിനിലേക്കുള്ള വഴി

ആറ് വർഷം മുൻപ് നിന്ന് തുടങ്ങാം, 2019. ഉത്തർ പ്രദേശിലെ ബാഗ്‌പത് ജില്ലയിലെ ഒരു ഞായറാഴ്ചയാണ്. ഖേഖാദയിലെ മൈതാനത്ത് ഇന്ത്യൻ ക്രിക്കറ്റും ഐപിഎല്ലും സ്വപ്നം കണ്ടൊരു 19 വയസുകാരൻ പന്തെറിയുകയാണ്, സച്ചിൻ യാദവ്. ഇഷാന്ത് ശർമയേക്കാള്‍ പൊക്കമുള്ള പേസ് ബൗളര്‍. ക്രിക്കറ്റിനപ്പുറം അവന്റെ ലക്ഷ്യം സര്‍ക്കാര്‍ ജോലിയായിരുന്നു, പരീക്ഷകള്‍ക്കായുള്ള കഠിനമായ ശ്രമങ്ങള്‍ തയാറെടുപ്പുകള്‍, ഇതെല്ലാമായിരുന്നു ജീവിതം. അവിടേക്കാണ് പ്രാദേശിക ജാവലിൻ പരിശീലകനായ സന്ദീപ് യാദവ് എത്തുന്നതും അവനെ ശ്രദ്ധിക്കുന്നതും.

ധോണിയേയും ജസ്പ്രിത് ബുമ്രയേയും മനസില്‍ക്കൊണ്ടുനടന്ന സച്ചിന്റെ ചെവികളിലേക്ക് അന്നാണ് ആദ്യമായി ആ പേരെത്തുന്നത്. ഇന്ത്യയുടെ കായികചരിത്രത്തില്‍ ഇതുവരെ ആരും കീഴടക്കാത്ത ദൂരങ്ങളിലേക്ക് സഞ്ചരിച്ച ആ യുവഇതിഹാസത്തിന്റെ പേര്, നീരജ് ചോപ്ര. ജാവലിനെക്കുറിച്ച് കേട്ടുപരിചയം മാത്രമുള്ള സച്ചിനോട് സന്ദീപ് പറഞ്ഞു, ജാവലിൻ ത്രോയില്‍ ഇന്ത്യയ്ക്കായി മെഡലുകള്‍ ഇടവേളകളില്ലാതെ നേടുന്ന ഒരു പയ്യനുണ്ട്, നീരജ് ചോപ്ര. നിനക്ക് നീരജിന്റെ അതേ വഴക്കമുണ്ട്. ജാവലിനാണ് നിനക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം.

സന്ദീപ് ഇത് പറഞ്ഞ് നിര്‍ത്തുമ്പോഴും സച്ചിന്റെ മനസില്‍ ക്രിക്കറ്റും സര്‍ക്കാര്‍ ജോലിയും മാത്രമായിരുന്നു. പിന്നീട് ചിന്തകളുടെ നാളുകളായിരുന്നു. ക്രിക്കറ്റിനോടുള്ള അഭിനിവേശം, ലഭിക്കുന്ന സാമ്പത്തിക ഭദ്രത ഇതെല്ലാം ജാവലിൻ എടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളായിരുന്നില്ല. പക്ഷേ, സന്ദീപിന്റെ നിരീക്ഷണത്തെ സച്ചിൻ ശരിവെച്ചു. സച്ചിന്റെ കുടുംബാംഗങ്ങള്‍ക്ക് ആ തീരുമാനത്തില്‍ അത്രകണ്ട് തൃപ്തിയുണ്ടായിരുന്നില്ല. പക്ഷേ, സച്ചിന്റെ ഇഷ്ടത്തിനൊപ്പം നില്‍ക്കുക എന്നതായിരുന്നു അവര് കണ്ട ശരി. ന്യൂ ഡല്‍ഹിയിലെ ജെഎല്‍എൻ സ്റ്റേഡിയത്തില്‍ നവല്‍ സിങ്ങിന് കീഴില്‍ പരിശീലനം ആരംഭിച്ചു.

ആറ് വര്‍ഷത്തെ യാത്രയ്ക്കൊടുവില്‍ ടോക്കിയോയിലെ ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ്. നീരജ് ചോപ്ര, ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ജൂലിയൻ വെബ്ബ‍ര്‍, അര്‍ഷാദ് നദീം...ഈ പേരുകളുടെ തിളക്കത്തില്‍ ഫൈനലിന്റെ പട്ടികയില്‍ ശോഭ ലഭിക്കാതെ സച്ചിൻ യാദവിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍, 2566 ദീവസങ്ങള്‍ക്ക് ശേഷം, 2018 സെപ്തംബറിന് ശേഷം ആദ്യമായി നീരജ് ചോപ്രയ്ക്ക് പോഡിയം നിഷേധിക്കപ്പെട്ടു. പാരീസില്‍ വായുവിനേയും ഒളിമ്പിക്ക് റെക്കോര്‍ഡിനേയും കീറിമുറിച്ച് അത്ഭുതം തീര്‍ത്ത പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം നിരാശപ്പെടുത്തി.

ഇവിടെ ഉദിക്കുകയായിരുന്നു പുതിയൊരു താരം. നീരജ് എട്ടാം സ്ഥാനത്തേക്കും അര്‍ഷാദ് പത്താം നമ്പറിലേക്കും തള്ളപ്പെട്ടപ്പോള്‍ ടോക്കിയോയിലെ ഫീല്‍ഡില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തുകയായിരുന്നു സച്ചിൻ. 86.27 മീറ്റ‍ര്‍ ദൂരം താണ്ടി സച്ചിന്റെ കൈകളില്‍ നിന്ന് പാഞ്ഞ ജാവലിൻ. പിന്നാലെ വന്ന ത്രോകള്‍, 85.71, 84.90, 85.96 എന്നിങ്ങനെയായിരുന്നു.

ഫൈനലിന് മുൻപ് സച്ചിന്റെ ഏറ്റവും മികച്ച വ്യക്തിഗത ദൂരം 85.16 മീറ്ററായിരുന്നു. ടോക്കിയോയില്‍ ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനം വരെ എത്തിയിരുന്നു സച്ചിൻ. എന്നാല്‍, കെഷോണ്‍ വാല്‍ക്കോട്ടും ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സും കുര്‍ട്ടിസ് തോംസണും പോഡിയത്തിലെത്തിയതോടെ സച്ചിൻ നാലിലേക്ക് പിന്തള്ളപ്പെട്ടു.

ഇനി നീരജും സച്ചിനുമോ?

സച്ചിന്റെ വരവ് ഇന്ത്യയുടെ അത്ലറ്റിക്ക് ഭൂപടത്തിലെ പ്രതീക്ഷയാണ്. നീരജ് തുടങ്ങിവെച്ചത് തുടരുമെന്ന് തോന്നിക്കുന്നതായിരുന്നു സച്ചിന്റേയും പ്രകടനം. കഴിഞ്ഞ 15 വര്‍ഷത്തോളമായി അത്ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജാവലിനില്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ ഫലം. നീരജും സച്ചിനും അടുത്ത പത്ത് വര്‍ഷം നിരവധി മെഡലുകള്‍ നേടുമെന്ന പ്രതീക്ഷയാണ് ഫെഡറേഷൻ ഭാരവാഹികള്‍ പങ്കുവെക്കുന്നത്. സച്ചിന് 90 മീറ്റര്‍ എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താനാകുമെന്നും പരിശീലകൻ നവാല്‍ സിങ് വിശ്വസിക്കുന്നുണ്ട്.

കഴിഞ്ഞ നിരവധി വര്‍ഷത്തോളമായി സച്ചിൻ ഫീല്‍ഡില്‍ പുറത്തെടുക്കുന്ന സ്ഥിരതയുടെ ഫലം കൂടിയായിരുന്നു ടോക്കിയോയില്‍ കണ്ടത്. 2024ല്‍ ഓള്‍ ഇന്ത്യ പോലീസ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പില്‍ 84.21 മീറ്ററെറിഞ്ഞ് സച്ചിൻ സ്വര്‍ണം നേടിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന മീറ്റ് റെക്കോര്‍ഡ് തകര്‍ത്തായിരുന്നു നേട്ടം. ഇന്ത്യൻ ഗ്രാൻഡ്പ്രിക്സ് 3യിലും സ്വര്‍ണം നേടി. പിന്നാലെ നാഷണല്‍ ഓപ്പണ്‍ അത്ലറ്റിക്ക്‌സ് ചാമ്പ്യൻഷിപ്പില്‍ വെള്ളിയും എറിഞ്ഞിട്ടു. ഈ വർഷം ഡെറാഡൂണില്‍ നടന്ന 38-ാം ദേശീയ ഗെയിംസില്‍ 84.39 മീറ്റര്‍ ദൂരം താണ്ടിയായിരുന്നു ഒന്നാമതെത്തിയത്. 26-ാം ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പില്‍ വെള്ളിയും നീരജ് ചോപ്ര ക്ലാസിക്കില്‍ നാലാം സ്ഥാനവുമായിരുന്നു സച്ചിന്റെ നേട്ടം.