25 പന്തില്‍ ശതകം പൂര്‍ത്തിയാക്കിയ താരം 39 പന്തില്‍ 147 റണ്‍സെടുത്തു. അഞ്ച് ഫോറുകളും 20 സിക്‌സുകളും ജോര്‍ജ് മന്‍സിയുടെ ബാറ്റില്‍ നിന്ന് പറന്നു. 

എഡിന്‍ബര്‍ഗ്: ടി20യില്‍ വെറും 25 പന്തില്‍ സെഞ്ചുറി. സ്‌കോട്ടിഷ് താരം ജോര്‍ജ് മന്‍സിയാണ് അതിവേഗ സെഞ്ചുറി നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഗ്ലോസ്‌റ്റെഷെയര്‍ സെക്കന്‍റ് ഇലവനും ബാത്ത് സിസിയും തമ്മിലുള്ള അനൗദ്യോഗിക ടി20 മത്സരത്തിലായിരുന്നു ഈ വെടിക്കെട്ട് ഇന്നിംഗ്‌സ്. 

അഞ്ച് ഫോറുകളും 20 സിക്‌സുകളും ജോര്‍ജ് മന്‍സിയുടെ ബാറ്റില്‍ നിന്ന് പറന്നു. ഒരു ഓവറില്‍ ആറ് പന്തുകളും സിക്സര്‍ പറത്തിയും മന്‍സി ത്രസിപ്പിച്ചു. മന്‍സിയുടെ താണ്ഡവം 50 മിനുറ്റോളം നീണ്ടുനിന്നു.

25 പന്തില്‍ ശതകം പൂര്‍ത്തിയാക്കിയ താരം 39 പന്തില്‍ 147 റണ്‍സെടുത്തു. മന്‍സിയുടെ സഹതാരം ജി പി വില്ലോസ് 53 പന്തില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. മൂന്നാം നമ്പര്‍ ബാറ്റ്സ്‌മാന്‍ ടോം പ്രൈസ് 23 പന്തില്‍ 50 റണ്‍സും നേടിയതോടെ ഗ്ലോസ്‌റ്റെഷെയര്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 326 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി.