എലിമിനേറ്റർ, എതിരാളികള്‍ സാക്ഷാല്‍ പാട്രിക്ക് ജെയിംസ് കമ്മിൻസിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലിഗ് ഘട്ടത്തിലെ സമ്മർദമല്ല നോക്കൗട്ടില്‍, വൈഭവിന്റെ ആദ്യ ഐപിഎല്‍ നോക്കൗട്ട്

വിവ് റിച്ചാര്‍ഡ്‌സിനെക്കുറിച്ച് ഒരു കഥ പറഞ്ഞ് തുടങ്ങാം. 1988 ജൂലൈ 21. ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം. ക്രിസ് കൗഡ്രെയായിരുന്നു അന്ന് ഇംഗ്ലണ്ടിനെ നയിച്ചത്, റിച്ചാ‍ര്‍ഡ്‌സ് വിൻഡീസിനേയും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രിസ് ടോസിനായി മൈതാനത്ത് എത്തിയിട്ട് അല്‍പ്പനേരം കഴിഞ്ഞ് ഹര്‍ഷാരവങ്ങളൊക്കെ ഏറ്റുവാങ്ങിയാണ് റിച്ചാര്‍ഡ്‌സ് വരുന്നത്. ടോസിന് ശേഷം, ക്രിസ് തന്റെ ഇലവനെ റിച്ചാര്‍ഡ്‌സിന് വായിച്ച് പരിചയപ്പെടുത്തുകയാണ്...നാലഞ്ച് പേരുകളെത്തിയപ്പോള്‍ റിച്ചാര്‍ഡ്‌സ് ഇടപെട്ടു, എന്നിട്ടയാള്‍ പറഞ്ഞു..No problem, man, you play who you like...ആരെ വേണമെങ്കിലും നിങ്ങള്‍ കളിപ്പിച്ചോളു, ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല അത്, ഇതായിരുന്നു റിച്ചാര്‍ഡ്‌സിന്റെ വാക്കുകളുടെ ധ്വനി.

ആ ഐതിഹാസിക സംഘം എതിരാളികളെ ഒരിക്കലും ഗൗനിച്ചിരുന്നില്ല. ഇത്രയും ആത്മവിശ്വാസമുള്ള ഒരു മനുഷ്യനെ താൻ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നായിരുന്നു ക്രിസ് പിന്നീട് ഈ നിമിഷത്തെ ഓ‍ര്‍ത്ത് പറഞ്ഞത്.

ക്രിസ് കൗഡ്രെ, നിങ്ങള്‍ക്ക് അത്രത്തോളം അല്ലെങ്കില്‍ അതിലധികം ആത്മവിശ്വാസമുള്ളൊരാളെ കാണണമെങ്കില്‍, മുലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നോക്കാം. ഐതിഹാസിക നാളുകളുടെ പകിട്ടോടെ റിച്ചാര്‍ഡ്‌സ് നേടിയെടുത്ത മനോഭവമുള്ള ഒരാളല്ല. കേവലം 15 വയസ് മാത്രം പ്രായമുള്ളൊരു പയ്യൻ. അവനെതിരെ പന്തെടുത്തവരില്‍ ഇന്നിന്റെ ഇതിഹാസങ്ങള്‍ മുതല്‍ നാളെയുടെ വാഗ്‌ദാനങ്ങള്‍ വരെയുണ്ട്. ഇനി ആ ബാറ്റിനെ തണുപ്പിക്കാൻ ഒരുങ്ങുന്നവരോട് അവന് ഒന്നേ പറയാനുണ്ടാകു, No problem, man, you play who you like, I dont care. വൈഭവ് സൂര്യവംശി, ദ ബേബി മോണ്‍സ്റ്റർ.

എലിമിനേറ്റർ, എതിരാളികള്‍ സാക്ഷാല്‍ പാട്രിക്ക് ജെയിംസ് കമ്മിൻസിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലിഗ് ഘട്ടത്തിലെ സമ്മർദമല്ല നോക്കൗട്ടില്‍, വൈഭവിന്റെ ആദ്യ ഐപിഎല്‍ നോക്കൗട്ട്. മത്സരം ആരംഭിക്കുന്നതിന് മുൻപ് മുലൻപൂരിലെ വിക്കറ്റില്‍ വൈഭവ് ഒരുനിമിഷം കണ്ണടച്ച് ഇരുന്നു, He was visualising.

മറുവശത്ത് കമ്മിൻസുണ്ടായിരുന്നു, വൈഭവിനായി കൃത്യമായ പദ്ധതികളുണ്ടെന്ന് പ്രഖ്യാപിച്ച നായകൻ, അയാളുടെ ആത്മവിശ്വാസത്തിന് മുന്നില്‍ വീണ എത്ര സന്ദർഭങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലുണ്ട്. ഒരു ജനതയെ കണ്ണീരീലാഴ്‌ത്തിയ മനുഷ്യനാണ്.

ഹൈ ബാക്ക് ലിഫ്റ്റ്, ഹാൻഡ് ഐ കോര്‍ഡിനേഷൻസ്, ബാറ്റ് സ്വിങ്, വൈല്‍ഡ് സ്ലോഗികളില്‍പ്പോലും അസാധരണമായ ബാലൻസ് നിലനിര്‍ത്തുന്ന ശരീരം. യെസ്, കമ്മിൻസിന്റെ തലച്ചോറിലുദിച്ച മാര്‍ഗം വൈഭവിന്റെ ബാറ്റ് സ്വിങ്ങിനെ തടയിടാനുള്ള അതിവേഗയോര്‍ക്കറുകളും ഫുള്‍ ലെങ്ത് പന്തുകളുമായിരുന്നു.

വൈഭവിനെതിരെ കമ്മിൻസ് തൊടുത്ത മൂന്നാം പന്ത്, വിശ്വം കീഴടക്കിയ നായകന്റെ പദ്ധിതകളെ ആ അത്ഭുതപ്രതിഭ ഗ്യാലറിയിലെത്തിക്കുന്ന കാഴ്ച. പന്ത് മൂളിപ്പറന്നത് കമ്മിൻസിന്റെ തലയ്ക്ക് മുകളിലൂടെയായിരുന്നു. പവർപ്ലേയിലെ മൂന്നാം ഓവർ, കമ്മിൻസ് തന്റെ കരിയറില്‍ ഇത്രത്തോളം മാറ്റങ്ങള്‍ വരുത്തിയ ഒരു ഓവറുണ്ടോയെന്ന് സംശയമാണ്, എല്ലാ ബോളിലും തന്നെ ഫീല്‍ഡില്‍ മാറ്റങ്ങള്‍, ലൈനിലും ലെങ്തിലും പരീക്ഷണങ്ങള്‍.

ഓവര്‍പിച്ച്‌ഡായ രണ്ടാം പന്ത് ലോങ് ഓഫിലൂടെ ബൗണ്ടറി, അടുത്തത് ഒരു ഫുള്‍ ലെങ്ത്, സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗൻഡ്, സിക്‌സ്. ശേഷം ഒരു ഷോര്‍ട്ട് ബോള്‍, പേസിനെ ഉപയോഗിച്ച് അപ്പര്‍ കട്ട്, സിക്‌സ്. പിന്നാലെ സ്ലോവര്‍ വണ്‍, സെയിം റിസള്‍ട്ട്, സിക്‌സ്. ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു, You have to believe. You've seen the birth of a phenomenon.

അടുത്ത ഊഴം, സീസണിലെ ഹൈദരാബാദിന്റ ഏറ്റവും മികച്ച പേസറായ സാക്കിബ് ഹുസൈന്റെ ആയിരുന്നു. എക്സ്ട്രാ കവറിന് മുകളിലൂടെ ഒരു ഇൻസൈഡ് ഔട്ട് ഷോട്ട്, ബ്രൂട്ടല്‍ ആൻഡ് ഐ പ്ലീസിങ്. സാക്കിബിന്റെ ഓവറില്‍ തന്റെ മൂന്നാം സിക്സര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 16 പന്തില്‍ അര്‍ദ്ധ ശതകം തികച്ചു. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ എന്ന് യുണിവേഴ്സ് ബോസ് ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡും അവിടെ വീണു.

ഇഷാനും സാക്കിബും പ്രഭുല്‍ ഹിംഗയുമെല്ലാം ഗ്യാലറിയില്‍ ഇടവേളകളില്ലാതെ എത്തി. ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ പടിവാതില്‍ക്കല്‍ പിഴയ്ക്കുകയാണ്. 29 പന്തില്‍ 97 റണ്‍സ്. ഹിംഗെയുടെ പന്തില്‍ തേഡ് മാനില്‍ രവിചന്ദ്രൻ ക്യാച്ച് ഉറപ്പിക്കുമ്പോള്‍ വൈഭവിന് വിശ്വസിക്കാനായില്ല. ജയ്‌സ്വാള്‍ തലയില്‍ കൈവെച്ച് മുട്ടുകുത്തുകയായിരുന്നു. വൈഭവിന് മാത്രമല്ല, ആ ഗ്യാലറിയിലുണ്ടായിരുന്ന ആരാധക‍ര്‍ക്കും, ഡഗൗട്ടിലുണ്ടായിരുന്ന രാജസ്ഥാൻ താരങ്ങള്‍ക്കും ആയില്ല. എതിരാളികളുടെ ബഹുമാനമെല്ലാം ഏറ്റുവാങ്ങി നടന്നു...

വൈഭവ് പുറത്താകുമ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ എട്ട് ഓവറില്‍ 125 റണ്‍സ്, 97 റണ്‍സും വൈഭവിന്റെ സംഭാവന. അഞ്ച് ഫോറും 12 സിക്‌സും, സ്ട്രൈക്ക് റേറ്റ് 334.4. 680 റണ്‍സുമായി ഓറഞ്ച് ക്യാപ്, അതും 240 സ്ട്രൈക്ക് റേറ്റില്‍. ഇതുവരെ 65 സിക്‌സറുകള്‍.

ദിവസങ്ങള്‍ക്ക് മുൻപാണ് കെവിൻ പീറ്റേഴ്‌സണിനോട് ടി20യില്‍ ഡബിള്‍ സെഞ്ചുറിയടിക്കണമെന്ന മോഹം വൈഭവ് പങ്കുവെച്ചത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍, ഒരു ഘട്ടത്തില്‍ അത് സാധ്യമായേക്കുമെന്ന് പോലും തോന്നിച്ചു. ബ്രാഡ്‌മാന്റേയും റിച്ചാര്‍ഡ്‌സിന്റേയും ഗവാസ്ക്കറിന്റേയും സച്ചിന്റേയുമൊക്കെ കാലഘട്ടം നഷ്ടമായവര്‍ക്കായി ഒരു വൈഭവ് സൂര്യവംശി പിറവിയെടുത്തിരിക്കുന്നു.

ഇനി ഇന്ത്യൻ ക്രിക്കറ്റിന്റെ രാജവിനും രാജകുമാരനും കിരീടത്തില്‍ സ്പർശിക്കണമെങ്കില്‍ വൈഭവിനെ വീഴ്ത്തണം.