Asianet News MalayalamAsianet News Malayalam

അച്ഛനെ സ്റ്റംപ് ചെയ്തു പുറത്താക്കി, 20 വര്‍ഷം കഴിഞ്ഞ് മകനെ ക്യാച്ചിലൂടെയും; ധോണി മരണ മാസാണ്

20 വര്‍ഷത്തിനുശേഷം പരാഗ് ദാസിന്റെ മകനായ റിയാന്‍ പരാഗ് ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരം കളിച്ചതാകട്ടെ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ

The MS Dhoni connection with the Parags
Author
Kolkata, First Published Apr 26, 2019, 2:33 PM IST

ജയ്പൂ്ര്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിച്ചത് റിയാന്‍ പരാഗ് എന്ന 17കാരന്റെ ബാറ്റിംഗായിരുന്നു. 32 പന്തില്‍ 47 റണ്‍സെടുത്ത പരാഗ് ആണ് ഒരുഘട്ടത്തില്‍ അസാധ്യമെന്ന് കരുതിയ ലക്ഷ്യത്തിലേക്ക് രാജസ്ഥാനെ എത്തിച്ചത്.  ആസമില്‍ നിന്നുള്ള 17കാരന്‍ പയ്യന്‍ ഐപിഎല്ലില്‍ രാജസ്ഥാനുവേണ്ടി വിസ്മയം തീര്‍ക്കുമ്പോള്‍ സന്തോഷിക്കുന്നത് മറ്റൊരു ക്രിക്കറ്റ് താരം കൂടിയുണ്ട് വീട്ടില്‍. റിയാന്‍ പരാഗിന്റെ അച്ഛന്‍ പരാഗ് ദാസ്.

രഞ്ജി ട്രോഫിയില്‍ ആസമിനുവേണ്ടി കളിച്ചിട്ടുള്ള പരാഗ് ദാസ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ എം എസ് ധോണിക്കെതിരെയും കളിച്ചിട്ടുണ്ട്. രഞ്ജിയില്‍ ധോണിയുടെ അരങ്ങേറ്റ സീസണിലായിരുന്നു അത്. രഞ്ജി ട്രോഫിക്ക് അപ്പുറം കരിയര്‍ പോയില്ലെങ്കിലും മകന്‍ റിയാന്‍ പരാഗിന്റെ കരിയര്‍ അതുക്കും മേലെയാകുമെന്ന് ഐപിഎല്ലിലെ പ്രകടനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇന്ന് പരാഗ് ദാസിന്റെ മകന്‍ റിയാന്‍ പരാഗ് അതേ ധോണിക്കെതിരെ പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്തു എന്നത് കൗതകകരമായ വസ്തുതയായി. 1999-2000 രഞ്ജി സീസണില്‍ ബീഹാറിനുവേണ്ടിയാണ് ധോണി രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്. ആസമും ബീഹാറും തമ്മില്‍ നടന്ന രഞ്ജി ട്രോഫിയിലെ കിഴക്കന്‍ മേഖലാ മത്സരത്തിലാണ് ധോണി ആസമിന്റെ ഓപ്പണറായിരുന്ന പരാഗ് ദാസിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയും ചെയ്തു.

20 വര്‍ഷത്തിനുശേഷം പരാഗ് ദാസിന്റെ മകനായ റിയാന്‍ പരാഗ് ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരം കളിച്ചതാകട്ടെ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും. ഏപ്രില്‍ 11ന് നടന്ന ചെന്നൈ രാജസ്ഥാന്‍ മത്സരത്തില്‍ ശര്‍ദ്ദുല്‍ ഠാക്കൂറിന്റെ പന്തില്‍ പരാഗിനെ ക്യാച്ചെടുത്ത് പുറത്താക്കിയതാകട്ടെ ധോണിയും.(സ്കോര്‍ ബോര്‍ഡ് കാണാം) അങ്ങനെ ക്രിക്കറ്റ് കരിയറില്‍ അച്ഛനെയും മകനെയും പുറത്താക്കിയ അപൂര്‍വ ക്രിക്കറ്റ് താരങ്ങളിലൊരാളായി അങ്ങനെ ധോണി.

റിയാന്‍ പരാഗിന് മൂന്ന് വയസുള്ളപ്പോള്‍ ഇന്ത്യന്‍ ടീം ഗുവാഹത്തിയില്‍ മത്സരം കളിക്കാനെത്തിയപ്പോള്‍ ധോണിക്കൊപ്പം നിന്ന് ചിത്രമെടുത്തിട്ടുണ്ട് റിയാന്‍ പരാഗ്. രാജസ്ഥാനെതിരായ മത്സരശേഷം ധോണിയും റിയാനും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം ഇതോടൊപ്പം ചേര്‍ത്തുവെച്ച് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു

Follow Us:
Download App:
  • android
  • ios