Asianet News Malayalam

ഇന്ത്യൻ ക്രിക്കറ്റ് പിച്ചുകളെ പുളകം കൊള്ളിച്ച രണ്ടു ചുംബനങ്ങളുടെ കഥ

അന്ന് ആകാശവാണിക്കുവേണ്ടി കമന്ററി ബോക്സിലിരുന്ന വിജയ് മർച്ചന്റ് എന്ന മുൻ ഇന്ത്യൻ താരം അത്ഭുതം നിറഞ്ഞ ശബ്ദത്തോടെ അപ്പോൾ  ഇങ്ങനെ പറഞ്ഞു, " ഞാനൊക്കെ സെഞ്ച്വറിയും ഡബിൾ സെഞ്ച്വറിയും ചറപറാ അടിച്ചുകൊണ്ടിരുന്നപ്പോൾ എവിടെയായിരുന്നു കുട്ടീ നീ..? " 

two kisses that electrified indian cricket pitches
Author
Delhi, First Published Jul 6, 2020, 11:58 AM IST
  • Facebook
  • Twitter
  • Whatsapp

ഇന്ത്യയിലെ യുവതികളെ എക്കാലത്തും ഹരം കൊള്ളിച്ചിട്ടുള്ള ഒരു കളി ക്രിക്കറ്റ് തന്നെയായിരുന്നു. ക്രിക്കറ്റ് കളിക്കാരോടുള്ള ആരാധന ഇന്ത്യൻ യുവതികളെ ആവേശിച്ചത് ഇന്നോ ഇന്നലെയോ മുതൽക്കല്ല. 1930 -കൾ തൊട്ടിങ്ങോട്ട് ബോംബെയിലെ മൈതാനങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് കളികൾ കാണാൻ യുവതികൾ ഇടിച്ചുകേറാറുണ്ടായിരുന്നു. പിന്നീട്, നമ്മുടെ വീടുകളുടെ സ്വീകരണ മുറികളിലുള്ള ചതുരപ്പെട്ടികളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ടു തുടങ്ങിയതോടെ നമ്മുടെ യുവതലമുറയ്ക്കുമേലുള്ള ക്രിക്കറ്റിന്റെ സ്വാധീനം ഏറെ വർധിച്ചു. സ്ത്രീ ക്രിക്കറ്റ് ഫാൻസിന്റെ എണ്ണത്തിലും അതോടൊപ്പം കാര്യമായ വർധനവുണ്ടായി. പ്രചാരത്തിന്റെ കാര്യത്തിൽ ക്രിക്കറ്റിന് എന്നെങ്കിലും ഒരു മത്സരം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ധ്യാൻ ചന്ദിന്റെ കാലത്ത് ഹോക്കി എന്ന കളിയായിരുന്നു. ഹോക്കിയ്ക്കുപോലും ക്രിക്കറ്റിന്റത്ര ആരാധികമാർ ഉണ്ടായിട്ടില്ലൊരിക്കലും. എന്നു മാത്രമല്ല, ഹോക്കിയുടെ സുവർണകാലം അധികം താമസിയാതെ അസ്തമിക്കുകയും ചെയ്തു. 

ക്രിക്കറ്റെന്നുപറഞ്ഞാൽ  രണ്ടാമതൊന്നാലോചിക്കാതെ ഇറങ്ങിപ്പുറപ്പെടും പണ്ടുമുതലേ ക്രിക്കറ്റിന്റെ പെൺ ഫാൻസ്‌. ഗ്യാലറികളിൽ നിറഞ്ഞുകവിയുന്ന അവരുടെ ബഹുവർണസാന്നിധ്യം സ്റ്റേഡിയത്തിൽ നുരഞ്ഞുപൊന്തുന്ന ആവേശത്തിന് കൂടുതൽ മിഴിവ് പകരും. ക്രിക്കറ്റിനെ ജീവശ്വാസത്തിൽ  ഏറ്റിനടക്കുന്ന ഈ തരുണികൾക്ക് അതിന്റെ മിശിഹാമാരോട്.. ക്രീസിൽ തകർത്താടുന്ന ബാറ്സ്മാൻമാരോടും, പിച്ചുകൾ അടക്കിവാഴുന്ന ബൗളർമാരോടുമെല്ലാം ഒരിത്തിരി പ്രേമം ഉള്ളിലുണർന്നാൽ അതിലെന്തെങ്കിലും തെറ്റുപറയാമോ..? നമ്മുടെ നാട്ടിലെ യുവതികൾ എക്കാലത്തും നമ്മുടെ സ്റ്റാർ ക്രിക്കറ്റ് താരങ്ങളിലേക്ക്, ഈയാം പാറ്റകൾ തീനാളത്തിലേക്കെന്നപോലെ ആകർഷിക്കപ്പെട്ടിട്ടേയുള്ളൂ. ആ ആരാധന മൂത്ത്, ക്രിക്കറ്റുകളി നടന്നുകൊണ്ടിരിക്കെ മൈതാനത്തിനു നടുവിലേക്ക് പാഞ്ഞു ചെന്ന് അവർ കാട്ടിയ ചില പരാക്രമങ്ങളുടെ ചരിത്രത്തിലേക്ക് നമുക്കൊന്ന് പോയിവരാം. 

വർഷം,1960. സ്ഥലം ബോംബെയിലെ പ്രസിദ്ധമായ ബ്രാബോൺ സ്റ്റേഡിയം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റുമത്സരത്തിന്റെ അവസാനദിവസത്തെ കളി പുരോഗമിക്കുന്നു. ക്രീസിൽ, സുന്ദരനും സുമുഖനും സർവോപരി ഓക്സ്ഫോർഡ് വിദ്യാഭ്യാസം സിദ്ധിച്ച പരിഷ്‌കാരിയുമായ അബ്ബാസ് അലി ബൈഗ് എന്ന ഇന്ത്യൻ ഓപ്പണർ 58  റൺസ് തികച്ചു നിൽക്കുന്നു. ബെയ്‌ഗ്‌ ഒരു വർഷം മുമ്പ് തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച്, കന്നി മത്സരത്തിൽ തന്നെ സെഞ്ച്വറിയടിക്കുന്ന ഏറ്റവും ചെറുപ്പം പയ്യനായി റെക്കോർഡിട്ട്, തുടർന്നുള്ള മത്സരങ്ങളിൽ പലതിലും മോശമില്ലാത്ത രീതിയിൽ പ്രകടനം കാഴ്ചവെച്ച് നിൽക്കുന്ന കാലം. ആദ്യ ഇന്നിംഗ്‌സിലും അർധശതകം തികച്ച്, നരി കോൺട്രാക്ടറുമായുള്ള പാർട്ണർഷിപ്പിൽ 133 റൺസ് സ്‌കോർ ചെയ്തിരുന്നു ബെയ്‌ഗ്‌.

ബാറ്റിങ്ങ് പുരോഗമിക്കെ ബ്രാബോൺ സ്റ്റേഡിയത്തിന്റെ നോർത്ത് സ്റ്റാൻഡിൽ നിന്നും ഏകദേശം ഇരുപതുവയസ്സു തോന്നിക്കുന്ന ഒരു  യുവതി ചാടിയിറങ്ങി ഗ്രൗണ്ടിനു നടുവിലേക്ക് പാഞ്ഞുചെന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കെങ്കിലും മനസ്സിലാവുന്നതിനു മുമ്പ് ബെയ്ഗിന്റെ വെണ്ണക്കൽ കവിളത്ത് ഒരു ചുംബനം നൽകി വന്ന അതേ സ്പീഡിന് തിരിച്ചു ഗാലറി പറ്റിക്കഴിഞ്ഞിരുന്നു യുവതി. സ്റ്റേഡിയം ഒരു നിമിഷനേരത്തേക്ക് നിശ്ശബ്ദമായി. അന്ന് ആകാശവാണിക്കുവേണ്ടി കമന്ററി ബോക്സിലിരുന്ന വിജയ് മർച്ചന്റ് എന്ന മുൻ ഇന്ത്യൻ താരം അത്ഭുതം നിറഞ്ഞ ശബ്ദത്തോടെ അപ്പോൾ  ഇങ്ങനെ പറഞ്ഞു, " ഞാനൊക്കെ സെഞ്ച്വറിയും ഡബിൾ സെഞ്ച്വറിയും ചറപറാ അടിച്ചുകൊണ്ടിരുന്നപ്പോൾ എവിടെയായിരുന്നു കുട്ടീ നീ..? " 

 

 

എന്നാൽ ആ അപ്രതീക്ഷിത ചുംബനം ബെയ്ഗിന് അത്രയ്ക്കങ്ങോട്ട്  ഭാഗ്യം  കൊണ്ടുകൊടുക്കുന്ന ഒന്നായിരുന്നില്ല. എട്ടു റൺസ് കൂടി സ്കോർബോർഡിൽ ചേർത്തപ്പോഴേക്കും, നേരത്തെ കിട്ടിയ ചുംബനത്തിൽ ഏകാഗ്രതയ്ക്ക് ഭംഗം വന്നിട്ടാവും ബെയ്‌ഗ്‌ പുറത്തായി. ലിൻഡ് വാളിന്റെ പന്തിൽ  മക്കെയ്ക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം. പ്രസിദ്ധമായ ഈ ചുംബനത്തെപ്പറ്റിയും അത് പ്രചോദിപ്പിച്ച ഒരു പെയ്ന്റിങ്ങിനെപ്പറ്റിയും സൽമാൻ റുഷ്ദി തന്റെ പ്രസിദ്ധമായ 'ദി മൂർസ് ലാസ്റ്റ് സൈ' എന്ന നോവലിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. എന്തായാലും തുടർന്നുള്ള സീസണുകളിൽ പാകിസ്ഥാനെതിരെയും മറ്റും ബെയ്ഗിന് തന്റെ അരങ്ങേറ്റത്തിലെ ഫോം നിലനിർത്താനായില്ല. താമസിയാതെ ഇന്ത്യൻ ടീമിലെ ഇടവും ബെയ്‌ഗ്‌ കളഞ്ഞുകുളിച്ചു. ഇതിനൊക്കെ ആ ചുംബനവുമായി ബന്ധമുണ്ട് എന്ന് വിവക്ഷിക്കുന്നില്ല കേട്ടോ. 

എന്തായാലും, ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ ആ ആദ്യചുംബനത്തിനു ശേഷം പിന്നെ ചുംബനങ്ങളുടെ ഒരു മഞ്ഞുവീഴ്ച തന്നെ നടന്നേക്കും എന്നൊക്കെ മാധ്യമങ്ങളും കാണികളും ക്രിക്കറ്റർമാർ പോലും പ്രതീക്ഷിച്ചെങ്കിലും അടുത്ത പതിനഞ്ചുവർഷത്തേക്ക് അത്തരത്തിൽ യാതൊന്നും തന്നെ നടന്നില്ല. 1975  ജനുവരിയിലായിരുന്നു അടുത്ത ചുംബനം. ബ്രാബോൺ സ്റ്റേഡിയത്തിൽ നിന്നും അധികം ദൂരെയല്ലായിരുന്നു ഈ സംഭവം നടന്ന സ്റ്റേഡിയവും. ആയിടെ പണിതീർന്ന വാംഖഡെ സ്റ്റേഡിയം. 1974-75  സീസണിലെ ഇന്ത്യാ- വിൻഡീസ്  ടെസ്റ്റ് സീരീസിലെ അഞ്ചുമത്സരങ്ങളിൽ അവസാനത്തേത്. സ്റ്റേഡിയത്തിലെ കന്നി ടെസ്റ്റുമത്സരം. ഇന്ത്യയും വിൻഡീസും രണ്ടുവീതം ടെസ്റ്റുകൾ വിജയിച്ച്  സീരീസ് സമാസമമായി നിൽക്കുന്ന നേരം. ആദ്യം ബാറ്റുചെയ്ത വിൻഡീസ് 604/4 എന്ന മികച്ച സ്‌കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്നു.  മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 406  റൺസിൽ തീരുന്നു.

രണ്ടാമിന്നിങ്സിൽ പെട്ടെന്ന് റൺസ് സ്‌കോർ ചെയ്ത് 205/3 എന്നനിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യക്ക് 404  റൺസെന്ന വിജയലക്ഷ്യം മുന്നോട്ടു വെച്ച് ക്ളൈവ് ലോയ്ഡ് ഇന്ത്യയെ രണ്ടാമിന്നിങ്സിൽ ബാറ്റിംഗിന് വിളിക്കുന്നു. ഇരുപത്തിമൂന്നുകാരനായ ബ്രിജേഷ് പട്ടേലാണ് ക്രീസിൽ. തുടർച്ചയായി ബൗണ്ടറികളും സിക്‌സറും ഒക്കെയടിച്ചുപറത്തി ആക്രമിച്ചു കളിക്കുകയായിരുന്നു ബ്രിജേഷ്. അർധശതകം തികച്ചതും ഗാലറിയിൽ നിന്നും ഒരു സാരിക്കാരി യുവതി നൂറു മീറ്റർ ഓട്ടപ്പന്തയത്തിലെന്ന പോലെ ഓടി വരുന്നു. പിന്നാലെ ലാത്തിയും വീശിക്കൊണ്ട് സ്റ്റേഡിയം സെക്യൂരിറ്റിയും പൊലീസും മറ്റും പാഞ്ഞുവരുന്നുണ്ട്. അവർക്കൊന്നും പിടികൊടുക്കാതെ, വട്ടം പിടിക്കാൻ നോക്കിയ അമ്പയറെയും വെട്ടിച്ച് ബ്രിജേഷിനടുത്തു ചെന്ന യുവതി അദ്ദേഹത്തിന്റെ കവിളിൽ ഒരുഗ്രൻ ഉമ്മ  പറ്റിച്ചു. ആ നിമിഷം ബ്രിജേഷിൻറെ ശരീരത്തിലുണ്ടായിരുന്ന ചോരയത്രയും അയാളുടെ  കവിളുകളിലേക്ക് ഇരച്ചുവന്നു. നാണത്തോടെ, നിഷ്കളങ്കമായ ഒരു ചിരിയും ചിരിച്ചു നിന്നുപോയി അല്പനേരത്തേക്കു പട്ടേൽ. 

 

 

ബെയ്ഗിന്റെ അവസ്ഥയല്ലായിരുന്നു ബ്രിജേഷിന്റേത്. അയാളെ സംബന്ധിച്ചിടത്തോളം ആ ഉമ്മ ഒരു പൊന്നുമ്മതന്നെ  ആയിരുന്നു. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്‌പെയിനിൽ നടന്ന അടുത്ത കളിയിൽ പട്ടേൽ പുറത്താവാതെ 115  റൺസ് നേടി. സുനിൽ ഗവാസ്കരോടൊപ്പം ഇരട്ട സെഞ്ച്വറി തികച്ച  ആ പാർട്ണർഷിപ്പ് അടക്കം നിരവധി മിന്നും പ്രകടനങ്ങൾ. ആ വിൻഡീസ് സീരീസിൽ 207  റൺസിന്റെ മാച്ച്  ബാറ്റിങ്ങ് ആവറേജ്. അടുത്ത് വന്ന രണ്ടു മത്സരങ്ങളിൽകൂടി ബ്രിജേഷ് അർധശതകങ്ങൾ നേടിയതോടെ ആ ചുംബനത്തിന്റെ ഭാഗ്യം അരക്കിട്ടുറപ്പിക്കപ്പെട്ടു.  

 

 

അന്നത്തെ ആ രണ്ടാം ചുംബനത്തിനു ശേഷം പിന്നീടിന്നുവരെ, മറ്റൊരു ചുംബനവും ഇന്ത്യയിലെ ക്രിക്കറ്റ് പിച്ചുകളെ കോരിത്തരിപ്പിച്ചിട്ടില്ല. പണ്ടുകാലങ്ങളിൽ ഇന്നത്തെപ്പോലെ വാട്ടർ ടൈറ്റായ സെക്യൂരിറ്റിയൊന്നും ക്രിക്കറ്റർമാർക്കില്ലായിരുന്നു. ഇന്ന് വേണമെന്നാഗ്രഹിച്ചാലും കളി കാണുന്ന ഗാലറികളിൽ നിന്നും ഇറങ്ങിയോടി കോലിയുടെയോ ധോണിയുടെയോ ഒന്നും കവിളിൽ ഒരു ചുംബനം നൽകാൻ ആർക്കുമായെന്നുവരില്ല. പിന്നെ നമ്മുടെ ക്രിക്കറ്റർമാർ ഇന്ന് പലവിധം പ്രൊമോഷണൽ-പരസ്യപരിപാടികളിൽ പങ്കുകൊള്ളുന്നതിനാൽ, ഏതോ സ്റ്റേജിൽ വെച്ച്  ഇർഫാൻ പത്താനെ ഒരിക്കൽ ഒരു യുവതി ചുംബിച്ച പോലെ പലയിടത്തുവെച്ചും വിജയകരമായും അല്ലാതെയും ഒക്കെ ഉമ്മവെപ്പിനുള്ള പരിശ്രമങ്ങൾ നടന്നിട്ടുണ്ട് എമ്പാടും. എന്നാലും പത്തറുപത്തിനായിരം ആളുകൾ ചുറ്റിനും നിന്ന് ഇളകി മറിയുന്നതിനിടയിലൂടെ പോലീസിനെ വെട്ടിച്ചുചെന്നുള്ള  സാഹസിക ചുംബനം യാഥാർഥ്യമാക്കിയത് ഇന്നോളം ആകെ രണ്ടേ രണ്ടു യുവതികൾ മാത്രം. പിച്ചിൽ അതുണർത്തിയ  പുളകങ്ങൾ ക്രിക്കറ്റിന്റെ ചരിത്രത്തിന്റെ ഭാഗവും

 

Follow Us:
Download App:
  • android
  • ios