രണ്ട് വ്യത്യസ്ത ബാറ്റർമാർ ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനത്തിൽ 15 വർഷം ഉണ്ടായിരുന്നു, കളത്തിനപ്പുറത്തേക്ക് വളർന്ന സൗഹൃദം അവരുടെ കരിയറിന് നിർണായകമായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് - കോലി ഓര്‍മകള്‍ ആലോചിച്ചാല്‍ ഇരുവരും ഒരുമിച്ച് മികവ് പുലര്‍ത്തിയ മത്സരങ്ങള്‍ പൊതുവേ കുറവാണ്. ഏകദിന, ടി20 ക്രിക്കറ്റില്‍ അവ അനേകമാണുതാനും. രണ്ടു വ്യത്യസ്തമായ ബാറ്റര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനത്തില്‍ ഉണ്ടായിരുന്ന 15 വര്‍ഷമാണ് കടന്നു പോകുന്നത്. ഇരുവരും തമ്മില്‍ ക്രിക്കറ്റ് കളത്തിന് അപ്പുറത്തേക്ക് വളര്‍ന്ന ഒരു സൗഹൃദം ഉണ്ടായിരുന്നുവെന്നതാണ് സത്യം. അതില്ലായിരുന്നുവെങ്കില്‍ ഇരുവരുടെയും കരിയര്‍ പാതിവഴിയില്‍ നിന്നു പോകുമായിരുന്നു. മധ്യനിരയില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചിരുന്ന രോഹിത് ശര്‍മയെ ഓപണറുടെ റോളിലേക്ക് മാറ്റിയത് മഹേന്ദ്ര സിങ് ധോണിയാണ്. പക്ഷേ അപ്പോഴേക്കും കോലി യുഗം ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തി പ്രാപിച്ചിരുന്നു. 

2013ന്റെ തുടക്കത്തിലാണ് രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓപണര്‍ സ്ഥാനത്ത് നിലയുറപ്പിച്ചത്. മികച്ച പ്രകടനങ്ങള്‍ രോഹിത് എന്ന പ്രതിഭയെ ലോക ക്രിക്കറ്റിന് മനസ്സിലാക്കി കൊടുത്തു. അതേ വര്‍ഷം നടന്ന ഓസ്‌ട്രേലിയക്കെതിരായ ഒരു ഏകദിന മത്സരം. പരമ്പര വിജയികളെ നിശ്ചയിക്കുന്നത് ഈ മത്സരത്തോടെയാണ്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം തന്നെ നല്‍കി. ധവാന്‍ പുറത്തായതും കോലി ക്രീസിലെത്തി. രോഹിത് ശര്‍മയുമായുള്ള ആശയക്കുഴപ്പത്തില്‍ കോലി റണ്‍ഔട്ടായി. രോഹിത് ശര്‍മയെ തുറിച്ചു നോക്കിയ ശേഷം കോലി ക്രീസ് വിട്ടു. പക്ഷേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പിന്നെ കണ്ടത് രോഹിത് ശര്‍മ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതാണ്. രോഹിത് ഓരോ 50 റണ്‍സിലും ഗ്യാലറിയെ നോക്കി ബാറ്റുയര്‍ത്തി. അപ്പോള്‍ ഏറെ സന്തോഷവാനായ കോലിയെ ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞു. ഇരുവരുടെയും ഉള്ളില്‍ അവര്‍ പോലും അറിയാതെ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു. 

2014ല്‍ വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി. ചില സമയങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ടീമില്‍ മോശം ഫോം തിരിച്ചടിയായി. അപ്പോഴൊക്കെ രോഹിത്തിനെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തി. 2017 -18 ദക്ഷിണാഫ്രിക്കന്‍ പരമ്പരയായിരുന്നു അതിനൊരുദാഹരണം. ദക്ഷിണാഫ്രിക്കയില്‍ റണ്‍സ് കണ്ടെത്താന്‍ രോഹിത് വിഷമിച്ചു. വിമര്‍ശനങ്ങള്‍ അയാള്‍ക്ക് നേരെ ഉയര്‍ന്നു. അജിന്‍ക്യ രഹാനെയെ ഒഴിവാക്കി രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനത്തിന് കാരണമായി. ആദ്യ ടെസ്റ്റ് പരാജയപ്പെട്ടപ്പോള്‍ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുത്തു. തോറ്റത് ഇന്ത്യന്‍ ടീമാണെന്നും രോഹിത്തിനെ മാത്രമായി പഴിചാരേണ്ടതില്ലെന്നുമായിരുന്നു വിരാട് കോലിയുടെ മറുപടി. വിദേശത്ത് തുടര്‍ച്ചയായ അവസരങ്ങള്‍ കോലി രോഹിത്തിന് നല്‍കി. വീണ്ടും രോഹിത് തന്റെ മികവ് തെളിയിച്ചു. പിന്നെ തന്റെ വിക്കറ്റിന് വില നല്‍കാതെ പരമാവധി വേഗത്തില്‍ റണ്‍സ് അടിച്ചു കൂട്ടുന്ന പുതിയൊരു ബാറ്റിങ്ങ് ശൈലി രോഹിത് സ്വയം രൂപീകരിച്ചു. 

കരിയറിന്റെ ആദ്യ കാലഘട്ടത്തിലാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ റണ്‍സ് കണ്ടെത്താന്‍ സ്ട്രഗിള്‍ ചെയ്തതെങ്കില്‍ വിരാട് കോലി കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചത്. രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. 2024ല്‍ ടി ട്വന്റി ലോകകപ്പിന് പോകും മുമ്പ് ബിസിസിഐയ്ക്ക് ഒരു മോശം ചിന്താഗതിയുണ്ടായി. പതിയെ തുടങ്ങി മെല്ലെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുന്ന വിരാട് കോലി എന്തിന് ടി20 ക്രിക്കറ്റ് കളിക്കുന്നു. ടി20 ലോകകപ്പില്‍ കോലിയുടെ ഇടം സംശയത്തിലായി. രോഹിത് ബി സി സി ഐ യെ അറിയിച്ചു. കോലി ഇല്ലാതെ ഒരു ലോകകപ്പും കളിക്കേണ്ടതില്ല. ലോകകപ്പില്‍ കോലിയുടെ പ്രകടനം മോശമായിരുന്നു. പക്ഷേ ആ സമയങ്ങളില്‍ രോഹിത് തന്റെ ഉഗ്ര ഫോമിലേക്കുയര്‍ന്നു. അതെപ്പോഴും കളിക്കളത്തില്‍ കണ്ടിട്ടുണ്ട്. ഒരാളില്ലെങ്കില്‍ മറ്റൊരാളുടെ സാന്നിധ്യം അവിടെയുണ്ടാകും. 2025 ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് മോശമാക്കിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഓരോ റണ്‍സും കോലി അധ്വാനിച്ച് സ്വന്തമാക്കി. 2023 ഏകദിന ലോകകപ്പില്‍ രോഹിത് തുടങ്ങിവച്ച ഗംഭീര തുടക്കങ്ങള്‍ ഫിനിഷിങ് പോയിന്റില്‍ എത്തിച്ചത് വിരാട് കോലിയുടെ മികവായിരുന്നു. അതുകൊണ്ടാവാം ടി 20 ലോകകപ്പ് നേടിയ ശേഷം രോഹിത്തിന്റെ മാതാവ് പറഞ്ഞത് എന്റെ മകന്റെ ഒപ്പം നില്‍ക്കുന്നത് അവന്റെ സഹോദരന്‍ തന്നെയാണെന്ന്. 

കപിലും ഗവാസ്‌കറും പോയി. അസ്ഹറുദ്ദീനും അജയ് ജഡേജയും പാതിവഴിയില്‍ വീണു. ഗാംഗുലിയും സേവാഗും ദ്രാവിഡും കുംബ്ലെയുമെല്ലാം എന്നെന്നും ഓര്‍മയില്‍ ഉണ്ടാവും. ധോണിയും യുവരാജും ഹര്‍ഭജനും സഹീറുമെല്ലാം കളം വിട്ടു. ഇപ്പോഴിതാ കോലിയും രോഹിത്തും ഇന്ത്യന്‍ ക്രിക്കറ്റിനെ വിട്ടുപിരിയാനൊരുങ്ങുന്നു. ഇനി ആരാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുക? ആരാധകരുടെ മനസില്‍ ആ ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.